സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, കലാസംവിധാനം, ചമയം, കോസ്റ്റ്യും, സംഘട്ടനം, ഡബ്ബിംഗ്, നിര്‍മ്മാണം തുടങ്ങി പത്തു കാര്യങ്ങള്‍ 'ഥന്‍'-ലൂടെ നിര്‍വ്വഹിച്ച് ഗിന്നസ് റെക്കോഡ് ലക്ഷ്യമിടുകയാണ്. അഡ്വക്കേറ്റ് മായാശിവയാണ് ചരിത്രപരമായ ഉദ്യമത്തിനു പിന്നിലെ വനിത. 'അമ്പു' എന്ന ആദിവാസിയെ അവതരിപ്പിക്കുന്നത് മായയുടെ ഭര്‍ത്താവ് 'ശിവ'യാണ്. കേരള വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനും സൈക്ലിംഗില്‍ ദേശീയ, ഗെയിംസ് മെഡലിസ്റ്റുമാണ് ശിവ. അവരുടെ മകന്‍, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യദേവ് ചിത്രത്തിലൊരു സുപ്രധാനവേഷം അവതരിപ്പിക്കുന്നു.
വനത്തില്‍ സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ തന്റെ കാമുകന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ നിഷ കൃഷ്ണന്‍ ശ്രമിക്കുന്നു. അവിടെവെച്ച് അമ്പു എന്ന ആദിവാസി അവരെ ആക്രമിക്കുന്നു. ആ ആക്രമണത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുന്ന അരവിന്ദന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍, അമ്പുവിന്റെയും അവിടുത്തെ ആദിവാസികളുടെയും കഥ അവരോടു വിവരിക്കുന്നു.
ഒടുവില്‍ താനറിഞ്ഞ ഞെട്ടിക്കുന്ന രഹസ്യങ്ങളുടെ യഥാര്‍ത്ഥ കാരണക്കാര്‍ ആരാണെന്ന് നിഷ സ്വയം തിരിച്ചറിയുന്നു. നമ്മുടെ സമൂഹത്തിന്റെ ചില തെറ്റായ രീതികള്‍ അത് സമൂഹത്തിന് തന്നെ ഭീഷണിയാകുന്നതെങ്ങനെയെന്ന് വളരെ വ്യക്തമായി ചിത്രം വരച്ചുകാട്ടുന്നു.
ആദിത്യദേവ് ഫിലിംസ്‌ന്റെ ബാനറിലാണ് സിനിമ നിര്‍വഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, കല, വസ്ത്രാലങ്കാരം, ചമയം, സ്റ്റണ്ട്, ഡബിംഗ്, നിര്‍മ്മാണം, സംവിധാനം എന്നിവ സംവിധായിക മായാശിവയാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ കെ.വിയാണ്. എഡിറ്റിംഗ് ശ്രീരാജ് എസ്.ആര്‍, പശ്ചാത്തല സംഗീതം സജീവ് മംഗലത്ത് എന്നിവരാണ് ചെയ്തിരിക്കുന്നത്.തിരുവനന്തപുരം വിതുര വനമേഖലയിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിനു ലഭിക്കുന്ന കളക്ഷന്റെ അന്‍പതു ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു.