ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായികയാണ് നേഹാ കക്കര്‍. തന്റെ സംഗീതയാത്രയ്ക്കിടെ ഒരുപാട് പരിഹാസങ്ങളും അവഗണനകളും കേട്ടിട്ടുണ്ടെന്നും അതെല്ലാം തരണം ചെയ്താണ് ഇവിടം വരെയെത്തിയതെന്നും നേഹ പറഞ്ഞിട്ടുണ്ട്. ഇന്ന് ഗായികയുടെ ഹിറ്റ് ലിസ്റ്റില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരുപാട് ഗാനങ്ങളുണ്ട്. നേഹയുടെ സംഗീതപരിപാടി കാണാന്‍ വലിയ ജനാവലികള്‍ വരാറുമുണ്ട്, അവരത് ഏറെ ആവേശത്തോടെ ആസ്വദിക്കാറുമുണ്ട്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നേഹയുടെ പേരില്‍ ചില വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ട്. മെല്‍ബണില്‍ നടന്ന സ്റ്റേജ് ഷോയ്ക്കായി മൂന്നു മണിക്കൂറോളം വൈകിയാണ് നേഹ എത്തിയത്. തുടര്‍ന്ന് കാണികളുടെ പ്രതികരണത്തില്‍ വികാരാധീനയായ താരം വേദിയില്‍ വച്ച് പൊട്ടിക്കരയുകയും ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ അതിനു ശേഷവും നേഹയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ വന്നു.
ഇപ്പോഴിതാ ആ വിവാദത്തില്‍ വിശദീകരണം കുറിക്കുകയാണ് നേഹ കക്കര്‍. സംഘാടകര്‍ തന്റെയും മറ്റുള്ളവരുടെയും പണവുമായി കടന്നുകളഞ്ഞെന്നും തങ്ങള്‍ക്ക് ഹോട്ടലോ, ഭക്ഷണമോ, വെള്ളമോ ലഭ്യമാക്കിയില്ലെന്നും നേഹ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആരാധകര്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുകയാണല്ലോ എന്നുകരുതിയാണ് പരിപാടിക്കായി സ്റ്റേജിലെത്തിയതെന്നും ഗായിക ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.
അവര്‍ പറഞ്ഞു അവള്‍ 3 മണിക്കൂര്‍ വൈകിയാണ് വന്നത്, ഒരിക്കലെങ്കിലും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിട്ടുണ്ടോ? ആരേയും വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് സ്റ്റേജില്‍ വെച്ച് ഒന്നും പറയാതിരുന്നത്. ഇപ്പോള്‍ പറയാനുള്ള സമയമായിരിക്കുന്നു. ഇതാണ് ആ കാരണം.
മെല്‍ബണിലെ ഓഡിയന്‍സിന് മുമ്പാകെ സൗജന്യമായാണ് ഞാന്‍ പെര്‍ഫോം ചെയ്തതെന്ന് നിങ്ങള്‍ക്കറിയുമോ? സംഘാടകര്‍ എന്റെയും മറ്റുള്ളവരുടെയും പണവുമായി കടന്നുകളഞ്ഞു. എന്റെ ബാന്‍ഡിലുള്ളവര്‍ക്ക് ഹോട്ടലോ, ഭക്ഷണമോ, വെള്ളമോ നല്‍കിയില്ല. എന്റെ ഭര്‍ത്താവും കൂടെയുള്ളവരുമാണ് അവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഇതൊക്കെയാണെങ്കിലും, ഞങ്ങള്‍ സ്റ്റേജില്‍ കയറി വിശ്രമമില്ലാതെ ഷോ നടത്തി, കാരണം എന്റെ ആരാധകര്‍ മണിക്കൂറുകളോളം എന്നെ കാത്തിരുന്നു.
ഞങ്ങളുടെ ശബ്ദം പരിശോധിക്കുന്നത് മണിക്കൂറുകളോളം വൈകി. കാരണം ഞങ്ങളുടെ സൗണ്ട് വെന്‍ഡര്‍ക്ക് കൃത്യമായി പണം നല്‍കാത്തതിനാല്‍ അദ്ദേഹം സൗണ്ട് ഓണാക്കാന്‍ തയ്യാറായില്ല. കുറേ വൈകിയതിന് ശേഷമാണ് ഇത് ആരംഭിക്കുന്നത്. എന്നാല്‍ എനിക്ക് സ്ഥലത്തെത്താനോ ശബ്ദം പരിശോധിക്കാനോ സാധിച്ചില്ല. സംഘാടകര്‍ എന്റെ മാനേജറുടെ കോളുകളൊന്നും എടുത്തില്ല. അവര്‍ സ്‌പോണ്‍സര്‍മാരുള്‍പ്പെടെ എല്ലാവരില്‍ നിന്നും ഒളിച്ചോടുകയായിരുന്നു.
ഇനിയും പങ്കുവെക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ ഇത് മതിയെന്ന് ഞാന്‍ കരുതുന്നു.എനിക്കുവേണ്ടി മനോഹരമായി സംസാരിച്ച ആളുകള്‍, ഇതെല്ലാം അവര്‍ക്ക് വ്യക്തിപരമായി സംഭവിച്ചതുപോലെ. എന്റെ സാഹചര്യം വ്യക്തമാക്കാന്‍ അവര്‍ നടത്തിയ എല്ലാ ശ്രമങ്ങളെയും ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു. ആ ദിവസം എന്റെ സംഗീത പരിപാടിയില്‍ പങ്കെടുത്ത് എന്നോടൊപ്പം കരഞ്ഞ, ഹൃദയം നിറഞ്ഞ നൃത്തം ചെയ്ത എല്ലാവരോടും ഞാന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കും. എനിക്കുവേണ്ടിയും എന്നെ പിന്തുണച്ച എല്ലാവര്‍ക്കും വേണ്ടിയും എനിക്ക് സ്‌നേഹം മാത്രം നല്‍കിയ എല്ലാവര്‍ക്കും വേണ്ടിയും എപ്പോഴും നിലകൊണ്ടതിന് എന്റെ നെഹാര്‍ട്ട്‌സിനോട് എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നന്ദി....'' നേഹ കുറിച്ചു. നേഹയുടെ കുറിപ്പിനു താഴെ വിമര്‍ശിച്ചും പിന്തുണച്ചും പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്.
മൂന്നു മണിക്കൂര്‍ വൈകിയെത്തിയ വേദിയില്‍ നേഹ സംസാരിച്ചത് വളരെ വികാരഭരിതയായിട്ടായിരുന്നു. ''പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങള്‍ ശരിക്കും ഹൃദ്യമായ മനസ്സിന്റെ ഉടമകളാണ്. നിങ്ങള്‍ എന്നെ ക്ഷമയോടെ കാത്തിരുന്നു. ഒരാള്‍ ഞാന്‍ കാരണം കാത്തിരിക്കുക എന്ന് പറയുന്നത് ജീവിതത്തില്‍ എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്. ഇവിടെ അങ്ങനെ സംഭവിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ കാത്തിരുന്നു.
ഈ വൈകുന്നേരം ഞാന്‍ എന്നന്നേക്കുമായി ഓര്‍മയില്‍ സൂക്ഷിക്കും. എന്നെ ഇത്രയും കാത്തിരുന്ന നിങ്ങളെ സന്തോഷിപ്പിക്കാതെ എനിക്ക് ഈ വേദി വിടാന്‍ പറ്റില്ല...''എന്നാണ് നേഹ കക്കര്‍ പറഞ്ഞത്.എന്നാല്‍ കാണികള്‍ക്ക് ഇത് അത്രയ്ക്ക് പിടിച്ചില്ല. നേഹയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ കണ്ണുനീര്‍ കൊണ്ട് ന്യായീകരിക്കേണ്ടഎന്നാണ് ചിലരുടെ വിമര്‍ശനം. 'മടങ്ങിപ്പൊയ്‌ക്കോളൂ.. പോയി ഹോട്ടലില്‍ വിശ്രമിച്ചോളൂ, ഇത് ഇന്ത്യയല്ല ഓസ്‌ട്രേലിയയാണ്...'' എന്നാണ് കാണികളില്‍ ഒരുകൂട്ടര്‍ പറയുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ''അഭിനയം വളരെ നന്നായിട്ടുണ്ട്... ഇത് ഇന്ത്യന്‍ ഐഡള്‍ അല്ല...'' എന്നിങ്ങനെയും കാണികളില്‍ ചിലര്‍ പരിഹസിച്ചു പറയുന്നുണ്ട്.