Latest News

ആരോടും ഫോഴ്‌സ് ചെയ്ത് സ്‌നേഹിക്കാന്‍ പറയാന്‍ പറ്റില്ല റിലേഷന്‍ഷിപ്പ് കുറേനാള്‍ കഴിയുമ്പോള്‍ പ്രണയത്തില്‍ നിന്ന് മാറി അത് സ്‌നേഹത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് 'അനുഭവിക്കാനുള്ള യോഗമുണ്ടായിട്ടില്ലെന്ന് മറുപടി;  പാതിരാത്രി സിനിമയുടെ പ്രമോഷന് എത്തിയ നടി നവ്യാ നായര്‍ പങ്ക് വച്ചത്

Malayalilife
ആരോടും ഫോഴ്‌സ് ചെയ്ത് സ്‌നേഹിക്കാന്‍ പറയാന്‍ പറ്റില്ല റിലേഷന്‍ഷിപ്പ് കുറേനാള്‍ കഴിയുമ്പോള്‍ പ്രണയത്തില്‍ നിന്ന് മാറി അത് സ്‌നേഹത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് 'അനുഭവിക്കാനുള്ള യോഗമുണ്ടായിട്ടില്ലെന്ന് മറുപടി;  പാതിരാത്രി സിനിമയുടെ പ്രമോഷന് എത്തിയ നടി നവ്യാ നായര്‍ പങ്ക് വച്ചത്

മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ ആണ് നടി നവ്യ നായര്‍. ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയത്തിലെത്തിയ നവ്യ വിവാഹ ശേഷം സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു എങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് ആണ് നടത്തിയത്. ഇപ്പോഴിതാ തന്റെ പുതിയ സിനിമ പാതിരാത്രിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ നടി പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുകയാണ്.

വിവാഹ ജീവിതത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റായ ധാരണകളെക്കുറിച്ച് നവ്യ അഭിമുഖങ്ങളില്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഈ തുറന്ന് പറച്ചിലുകള്‍ നവ്യയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല അഭ്യൂഹങ്ങളുമുണ്ടാക്കി. ഭര്‍ത്താവ് സന്തോഷ് മേനോനുമായി നവ്യ അകല്‍ച്ചയിലാണോ എന്ന് ചോദ്യം വന്നു. നവ്യക്കൊപ്പം ഭര്‍ത്താവിനെ പൊതുവിടങ്ങളിലൊന്നും കാണാതെയായതോടെ ഇരുവരുടെയും വിവാഹമോചന വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ ഇടക്ക് ചര്‍ച്ചയാകാറുമുണ്ട്.

ഇപ്പോള്‍ നടി പങ്ക് വച്ച വാക്കുകളും അത് കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്. 
നടി പ്രണയത്തെ കുറിച്ച് സംസാരിച്ചത് ഇങ്ങനെയാണ്.ഈ സിനിമയിലെ ഒരു ഡയലോഗ് ഉണ്ട്. പ്രണയം എന്ന് പറയുന്നത് ഒരു പൂ വിടരുന്നത് പോലെ ആണ്. അത് കുറച്ച് നാള്‍ ഇങ്ങിനെ വിടര്‍ന്ന് ഭംഗി ആയിട്ട് നില്‍ക്കും. അത് കഴിഞ്ഞ് കുറച്ചുനാള്‍ കഴിയുമ്പോള്‍ അത് കൊഴിഞ്ഞു പോകും. ഇത് ആ സിനിമയിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ആണിത്. 

തിരക്കഥ വായിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു ഇതൊരു മനോഹരമായ സ്റ്റേറ്റ്‌മെന്റ് ആണെന്ന്. വളരെ സത്യസന്ധമായ സ്റ്റേറ്റ്‌മെന്റ് കൂടിയാണ്. ഇത് ഒരല്‍പം വേദനയുള്ള കാര്യമാണ്. അതൊരു സത്യമാണ് പ്രണയം നമുക്ക് ചിലപ്പോള്‍ ഓര്‍ഗാനിക് ആയിട്ട് നഷ്ടപ്പെട്ടു പോകും. ഇതിന്റെ വേദന എപ്പോഴും ഒരു വ്യക്തിയ്ക്ക് ആയിരിക്കും. മറ്റേ വ്യക്തിക്ക് ഇത് നഷ്ടമായിട്ടുണ്ടാവില്ല. ഇത് ഓര്‍ഗാനിക്ക് ആയിട്ട് രണ്ടുപേര്‍ക്കും പ്രണയം നഷ്ടപ്പെട്ടാല്‍ ഒരു പ്രശ്‌നവും ഇല്ല.

അത് സന്തോഷം ആണ്. കാരണം രണ്ടുപേരും അവരുടേതായ സന്തോഷം മറ്റൊരു വഴിയിലൂടെ കണ്ടെത്തുന്നു. ഒരാള്‍ക്ക് മാത്രം പ്രണയം നഷ്ടപ്പെടുകയും മറ്റെയാള്‍ ഇപ്പോഴും ആ പ്രണയത്തില്‍ തന്നെ നില്‍ക്കുകയും ചെയ്യുന്നത് വളരെ വേദനാജനകം ആണ്. നമുക്ക് ആരോടും നമ്മളെ ഫോഴ്‌സ് ചെയ്ത് സ്‌നേഹിക്കാന്‍ പറയാന്‍ പറ്റില്ല. 

പ്രണയിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും പതിനെട്ടുകാരി ആണ്. പ്രണയത്തില്‍ ആരും പക്വതയിലേക്ക് എത്തും എന്ന് എനിക്ക് തോന്നുന്നില്ല. വളരെ റെയര്‍ ആയിട്ട് ഉള്ള ആളുകള്‍ക്കെ അങ്ങനെ എത്താന്‍ പറ്റുള്ളൂ. അവര്‍ അങ്ങനെ എത്തിയിട്ടുണ്ട് എങ്കില്‍ മുന്‍പും അവര്‍ അങ്ങനെ തന്നെ ആയിരിക്കും
അതായത് പ്രായവും പ്രണയവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. പൊസസീവ് ആയിട്ടുള്ള സ്വഭാവം ഉള്ള ആളുകള്‍ എണ്‍പതാം വയസില്‍ പ്രണയിച്ചാലും അവര്‍ക്ക് പൊസസീവ്നെസ്സ് ഉണ്ടാവും. അങ്ങനെ ആണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ പ്രണയിക്കുന്നവര്‍ നമ്മളുടേത് മാത്രമായിരിക്കണം എന്ന് നമ്മള്‍ ചിന്തിക്കും

നമ്മുടെ അനുഭവങ്ങള്‍ കുറെ ആവുമ്പോള്‍ ഒരു കാര്യം തുടങ്ങുമ്പോള്‍ തന്നെ നമുക്ക് മനസിലാവും ഇത് എങ്ങോട്ടാണ് പോകുന്നത്. അങ്ങിനെ ഉള്ളപ്പോള്‍ നമ്മള്‍ പ്രിപ്പയര്‍ ആവും. എത്രയൊക്കെ അനുഭവങ്ങള്‍ ഉണ്ടായാലും പ്രിപ്പയര്‍ ആയാലും അനുഭവിക്കുന്ന വേദന ഒരുപോലെ തന്നെയാണ്. അത് കടന്നു പോയെ പറ്റുള്ളൂ.

പ്രണയവും സ്‌നേഹവും രണ്ടും രണ്ടാണ്. എനിക്ക് എന്റെ മകനോടുള്ളത് സ്‌നേഹവും എനിക്ക് എന്റെ കാമുകനോട് തോന്നുന്നത് പ്രണയവും ആണ്. രണ്ടും ഡിഫറന്റ് ആണ്. അച്ഛനോടും അമ്മയോടുമൊക്കെ ഉള്ള സ്‌നേഹം വ്യത്യസ്തമാണ്. ഒരു റിലേഷന്‍ഷിപ്പ് കുറേനാള്‍ കഴിയുമ്പോള്‍ ഓര്‍ഗാനിക്കായി പ്രണയം നഷ്ടപ്പെട്ടില്ലേല്‍ സ്‌നേഹത്തിലേക്ക് മാറുന്നു

എല്ലാവരും പറഞ്ഞു കേള്‍ക്കുന്ന കാര്യമാണിത്. പക്ഷെ എനിക്ക് അതേക്കുറിച്ച് പറയാന്‍ ഒന്നുമില്ല. അനുഭവിക്കാനുള്ള യോഗം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് അത് അറിയില്ല' എന്നാണ് നവ്യ നായര്‍ പറഞ്ഞത്. നിരവധി ആരാധകര്‍ ആണ് നവ്യയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.

മനുഷ്യര്‍ നേരിടുന്ന ഒറ്റപെടലിനെ കുറിച്ച് നടി സംസാരിച്ചത് ഇങ്ങനെയാണ്. 
'ഞാന്‍ പറയുന്ന ഒറ്റപ്പെടല്‍ മനുഷ്യന്റെ ഒറ്റപ്പെടലാണ്. എനിക്കതില്‍ ജെന്‍ഡര്‍ ഇല്ല. ഞാനെന്റെ യൂട്യൂബ് ചാനലില്‍ ഒറ്റപ്പെടലിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. ആ വീഡിയോയില്‍ ഞാന്‍ സംസാരിച്ചു തുടങ്ങുന്നത് ഒരു അപ്പൂപ്പന്റെ ഒറ്റപ്പെടലിനെ കുറിച്ചാണ്. അദ്ദേഹം ഒരു പുരുഷനാണ്. ഭാര്യ മരിച്ചുപോയ ആളാണ്. ഒറ്റപ്പെടല്‍ എന്ന് പറയുന്നത് ഒരിക്കലും കൂടെയുള്ള ഇണ നഷ്ടപ്പെടുമ്പോള്‍ മാത്രമല്ല. മക്കളും മക്കളുടെ മക്കളും ഭാര്യയോ ഭര്‍ത്താവോ ഒക്കെ കൂടെയുള്ളപ്പോഴും നമ്മള്‍ ഏകനായി പോകാം. ഒറ്റപ്പെട്ടു പോകാം. 

അതിലൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ അച്ഛന്‍ വളരെ ബോള്‍ഡ് ആയിട്ടുള്ള ഒരു മനുഷ്യനാണ്. റിട്ടയര്‍മെന്റ് കഴിഞ്ഞതിനുശേഷം അച്ഛന്‍ ഞങ്ങളുടെ ഫാമിലി ഗ്രൂപ്പില്‍ ഒക്കെ ഇടുന്ന വീഡിയോസ് ഒക്കെ കാണുമ്പോള്‍ എനിക്ക് മനസ്സിലാവും അച്ഛന്‍ ഒറ്റപ്പെടുന്നുണ്ട്. എനിക്കും എന്റെ ബ്രദറിനും അച്ഛനെ ജീവനാണ്. എന്റെ അമ്മയ്ക്ക് അച്ഛനെ ജീവനാണ്. പക്ഷേ എന്റെ അച്ഛന്‍ ഒറ്റപ്പെടുന്നുണ്ട്.

എന്റെ അമ്മയ്ക്ക് ഇപ്പോള്‍ തൈറോയ്ഡിന്റെ ഒരു സര്‍ജറി കഴിഞ്ഞിട്ടിരിക്കുകയാണ്. സര്‍ജറിയുടെ സമയത്ത് ഞാനും എന്റെ സഹോദരനും അച്ഛനും എല്ലാം അമ്മയോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും ഞങ്ങളുടെ ഡ്യൂട്ടികള്‍ ചെയ്യുന്നുണ്ട്. പക്ഷേ അമ്മ ഒറ്റപ്പെടുന്നുണ്ട്. ഇതിന് ജെന്‍ഡര്‍ ഇല്ല. ആണുങ്ങള്‍ക്ക് സുഹൃത്തുക്കള്‍ ഉണ്ടാവാം, കുറച്ചുകൂടി സോഷ്യലൈസ് ചെയ്യാനുള്ള കാര്യങ്ങളൊക്കെ ഉണ്ടാവാം. പക്ഷേ ജീവിതത്തില്‍ നമ്മള്‍ ഒറ്റയ്ക്കാണ് എന്നുള്ളത് ഒരു റിയാലിറ്റി ആണ്. അത് എല്ലാ മനുഷ്യരുടെയും റിയാലിറ്റി ആണ്. പുരുഷന്‍ സ്ത്രീ എന്നിങ്ങനെയുള്ള വ്യത്യാസങ്ങളൊന്നും അതിലില്ല. എനിക്കതിനെ അങ്ങനെ കാണാനും കഴിയില്ല.

നമ്മുടെ കൂടെ എല്ലാവരും ഉണ്ടല്ലോ എന്ന് നമുക്ക് തോന്നും. പക്ഷേ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, നമ്മുടെ ആരോഗ്യം നമ്മുടെ പണം എന്നിങ്ങനെ നമ്മളെ കൊണ്ടുള്ള ആവശ്യങ്ങള്‍ കഴിഞ്ഞ് നമ്മള്‍ ജീവിക്കേണ്ട ഒരു കാലഘട്ടം വരും. ആ കാലഘട്ടത്തിലെക്കാണ് നമ്മള്‍ നമ്മളെ പ്രിപ്പയര്‍ ചെയ്യേണ്ടത്. ഇന്ന് ഞാന്‍ എന്തെങ്കിലും കാര്യം പറഞ്ഞാല്‍ എന്റെ മകന്‍ കേള്‍ക്കും. കാരണം അവന്റെ കാര്യങ്ങള്‍ നോക്കുന്നത് അമ്മയാണ്. ഇന്ന് ഞാനൊരു കാര്യം പറഞ്ഞാല്‍ എന്റെ അമ്മയും അച്ഛനും സഹോദരനും കേള്‍ക്കും, കാരണം ഈ സമൂഹത്തില്‍ എനിക്കൊരു സ്റ്റാന്‍ഡ് ഉണ്ട്. ചിലപ്പോള്‍ നാളെ ഞാന്‍ കിടക്കുന്ന കിടക്കയില്‍ യൂറിന്‍ പാസ് ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് എത്തി എന്ന് വരാം. 

ഗുരുവായൂരപ്പന്‍ അങ്ങനെ ഒരു അവസ്ഥ എനിക്ക് വരുത്താതിരിക്കട്ടെ. അങ്ങനെ ഒരു അവസ്ഥയില്‍ ഞാന്‍ എത്തിയാല്‍ എന്റെ എന്തു വാക്കിനാണ് പ്രാധാന്യം. എന്നെ കാണാന്‍ ആരാണ് വരേണ്ടത്. എന്റെ കൂടെ ഫോട്ടോ എടുക്കാന്‍ ആര് വരും?പ്രായമാകുന്നത് വിടൂ, വളരെ ചെറുപ്പത്തില്‍ തന്നെ മരണത്തിന് തുല്യമായ അസുഖങ്ങള്‍ വരുന്ന എത്രയോ ആളുകള്‍ ഉണ്ട്. അങ്ങനെ ഒരു അസുഖം വന്നു എന്ന് അറിഞ്ഞാല്‍ ഒരാഴ്ചത്തേക്ക് എല്ലാവരും വിളിക്കും. ഒരു മാസത്തേക്കും ചിലപ്പോള്‍ എല്ലാവരും വിളിക്കും. പിന്നീട് വിളിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞു വരും.

കാരണം നമ്മളെക്കൊണ്ട് ഈ ലോകത്തിനോ സമൂഹത്തിനോ നമ്മുടെ അച്ഛനോ അമ്മയ്‌ക്കൊ ഭര്‍ത്താവിനോ ഭാര്യക്കോ മക്കള്‍ക്കോ പ്രയോജനം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് നമ്മളെത്തും. ഇത് എല്ലാവര്‍ക്കും വരാം. അതില്‍ സ്ത്രീയെന്നോ പുരുഷനെന്നോയില്ല. ആ അവസ്ഥയില്‍ എത്തിച്ചേരുന്ന നമുക്ക് ചിലപ്പോള്‍ അപ്പോഴും ഒരു പുസ്തകം വായിച്ചാല്‍ സന്തോഷം കിട്ടിയെന്നു വരാം. ശരീരത്തിന്റെ വേദനകള്‍ ഒന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല.

പക്ഷേ മാനസികമായ ഒറ്റപ്പെടല്‍ നമുക്ക് തന്നെ പരിഹരിക്കാന്‍ കഴിയും. ഇതൊക്കെ പറയുന്നത് കേട്ടാല്‍ എനിക്ക് ഈ ഒറ്റപ്പെടല്‍ ഒന്നുമില്ല എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അങ്ങനെയല്ല ഞാന്‍ ഇതില്‍ ഭയങ്കരമായി ഫൈറ്റ് ചെയ്യുന്ന ആളാണ്. ഞാന്‍ ഫൈറ്റ് ചെയ്യുന്നത് ഇതിനോടൊക്കെയാണ്. കുറേക്കാലം കഴിയുമ്പോള്‍ എന്റെ മകന്‍ എന്റെ കെയര്‍ടേക്കര്‍ ആകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പറ്റില്ല. അവന്റെ പ്രയോറിറ്റി അവന്റെ ഇഷ്ടങ്ങളും അവന്റെ കുടുംബവും അവന്റെ കുട്ടികളും അങ്ങനെ അവന്റെ കാര്യങ്ങള്‍ ആയിരിക്കണം. അല്ലാതെ അമ്മയുടെ ചിറകിനടിയില്‍ വളര്‍ന്നു വരാനുള്ള ആളല്ലല്ലോ അവന്‍. അവന്‍ ഒരു സെപ്പറേറ്റ് ഇന്‍ഡിവിജ്വല്‍ ആണ്' എന്നാണ് നവ്യ പറഞ്ഞത്.

ഓസ്ട്രേലിയയിലെ  വിമാനത്താവളത്തില്‍ വെച്ച്  മുല്ലപ്പൂവുമായി ബന്ധപ്പെട്ട്്. 1890 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 1.4 ലക്ഷം രൂപ) പിഴ ലഭിച്ചതെനെക്കുറിച്ച് നടി പങ്ക് വച്ചത്.

ഓണാവഘോഷങ്ങളുടെ ഭാഗമായി വിമാനയാത്രയ്ക്കിടെ തലയില്‍ ചൂടാനായി കൊണ്ടുവന്ന 15 സെന്റീമീറ്റര്‍ മാത്രം നീളമുള്ള മുല്ലപ്പൂവാണ് താരത്തിന് വിനയായത്. ഈ സംഭവം സംബന്ധിച്ച് നവ്യ നായര്‍ തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവം നടന്നത് ഓണത്തിന്റെ തലേദിവസമായിരുന്നു. യാത്രയ്ക്കിടെ ഓണം ആഘോഷിക്കാനായി നവ്യ ഒരു മുല്ലപ്പൂവ് തലയില്‍ ചൂടാന്‍ തീരുമാനിച്ചു. യാത്രാവേളയില്‍ ഉപയോഗിക്കാന്‍ അമ്മയാണ് മുല്ലപ്പൂവ് നല്‍കിയത്. 

വിമാനത്തില്‍ വെച്ച് ഉപയോഗിക്കാന്‍ വിചാരിച്ചാണ് ഇത് തലയില്‍ വെച്ചതെന്നും, എന്നാല്‍ പിന്നീട് ഓസ്ട്രേലിയയില്‍ ഇറങ്ങുമ്പോള്‍ ഉപയോഗിക്കാം എന്ന് കരുതി തലയില്‍ നിന്ന് മാറ്റാതെ വെച്ചുവെന്നും നവ്യ വിശദീകരിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിലായിരുന്നു നവ്യയുടെ യാത്ര. മെല്‍ബണില്‍ ഇറങ്ങിയ ശേഷം ഡിക്ലറേഷന്‍ കാര്‍ഡ് പൂരിപ്പിക്കുമ്പോള്‍, സസ്യങ്ങളുടെ ഭാഗങ്ങള്‍ കൈവശമുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്ന് രേഖപ്പെടുത്തി. ഇത് കാരണം താന്‍ കുടുങ്ങുമെന്ന് അന്ന് കരുതിയില്ലെന്നും, തന്റെ മനസ്സില്‍ കഞ്ചാവ് ചെടികള്‍ പോലുള്ള നിരോധിത വസ്തുക്കളാണോ എന്ന് സംശയമുണ്ടായിരുന്നെന്നും താരം പറഞ്ഞു. 


എന്നാല്‍, വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയയായപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. റെഡ് കാര്‍പ്പെറ്റിലൂടെ നടന്നു നീങ്ങുന്നതിനിടെ ഉദ്യോഗസ്ഥര്‍ തന്നെ തടയുകയും, ഒരു സ്‌നിഫര്‍ ഡോഗ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തന്റെ ഹാന്‍ഡ് ബാഗ് പരിശോധിക്കുകയും ചെയ്തു. തന്റെ കൈവശം ബാഗില്‍ ഒന്നുമില്ലായിരുന്നെങ്കിലും, തലയില്‍ ഉണ്ടായിരുന്ന മുല്ലപ്പൂവാണ് പ്രശ്‌നമായത്. ഉദ്യോഗസ്ഥര്‍ മുല്ലപ്പൂവിനെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ജസ്മിന്‍ ഫ്‌ലവര്‍ ഫ്രം കേരള' എന്ന് മറുപടി നല്‍കി. തുടര്‍ന്ന് 1890 ഡോളര്‍ പിഴയായി അടയ്‌ക്കേണ്ടി വന്നുവെന്നും, അന്നേരം ഫോണ്‍ എടുക്കാന്‍ പോലും സാധിച്ചില്ലെന്നും നവ്യ ഓര്‍ത്തെടുത്തു. ഒന്നേകാല്‍ ലക്ഷം രൂപ പിഴയായി അടക്കേണ്ടി വന്നത് വലിയ ഞെട്ടലുണ്ടാക്കിയെന്നും, കുറച്ച് നേരത്തേക്ക് ചെവിയില്‍ നിന്നെല്ലാം പുക പോകുന്ന ഫീലിംഗ് ആയിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. പിഴയടക്കേണ്ടി വന്നെങ്കിലും, അത് ഇതുവരെ അടച്ചിട്ടില്ലെന്നും, ഇതിനായി ഒരു പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായും നവ്യ അറിയിച്ചു.

2010 ലായിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ ആണ് നവ്യയുടെ ഭര്‍ത്താവ്. മുംബൈയിലായിരുന്നു ഇരുവരും. നവ്യ മുംബൈയില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയിട്ട് അഞ്ച് വര്‍ഷമായി.
 

Read more topics: # നവ്യ നായര്‍
navya nair opens up about love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES