സാധാരണക്കാരിയുടെ മുഖമാണ് നവ്യാ നായര്‍ക്ക്. നന്ദനത്തിലെ ബാലമണിയായി മലയാളികളുടെ മനസില്‍ ഇടം നേടിയ നവ്യ നായര്‍ വിവാഹശേഷം സിനിമയില്‍ തിരിച്ചെത്തിയപ്പോഴും അതിനു മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അന്നു മുതല്‍ ഇന്നു വരെ നമ്മുടെ വീട്ടിലെ ഒരു പെണ്‍കുട്ടിയെ പോലെ ഒരു സ്നേഹവും ഇഷ്ടവുമാണ് മലയാളികള്‍ക്ക് നവ്യയോടുള്ളത്. മനസു തുറന്നുള്ള നടിയുടെ സംസാരവും പെരുമാറ്റവും എല്ലാം ഇന്നു ഒരു മാറ്റവും ഇല്ലാതെ അതുപോലെയുണ്ട്. ഇപ്പോഴിതാ, നവ്യയെ കാണുവാന്‍ ഹോട്ടലിലെത്തിയ ഒരു കുട്ടി ആരാധകന്റെ വീഡിയോ ആണ് വൈറലാകുന്നത്.
കിടിലം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദക്ഷന് എന്ന ഈ അഞ്ചു വയസുകാരന് നവ്യയുടെ ആരാധകനായി മാറിയത്. പലപ്പോഴും നടി തിരുവനന്തപുരത്ത് എത്തുമ്പോള്‍ കാണാന്‍ ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. ഒടുക്കം ഏറെ കാലത്തെ പരിശ്രമത്തിനൊടുവിലാണ് ഹോട്ടലിലേക്ക് ദക്ഷനും അമ്മയും ഒരുമിച്ച് എത്തിയത്. വാതില്‍ തുറന്നപ്പോള്‍ നവ്യ ചേച്ചിയാണോ എന്ന് ചോദിച്ചാണ് ദക്ഷന് മുറിയിലേക്ക് കയറിവന്നത്. ഐസ്ക്രീം കഴിച്ചും കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിച്ചും രസിച്ചു തുടങ്ങിയ ദക്ഷന് പറഞ്ഞത് ഇത് തന്റെ പുതിയ വീടാണെന്നാണ്. സമയം ഏറെ കഴിഞ്ഞപ്പോള്‍ അവിടെ നിന്നും മടങ്ങാന്‍ അവന് ചിണുങ്ങി കരയാനും തുടങ്ങി. ഒടുക്കം നവ്യ ചേച്ചി വരുമോ എന്ന അവന്റെ ചോദ്യം നവ്യയുടെയും കണ്ണുനിറയിച്ചു.
മുന്‍പ് നവ്യയെ കാണാന്‍ ലൊക്കേഷനില്‍ ഒരു സ്ത്രീ എത്തി കരഞ്ഞ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. അതിനു ശേഷമാണ് ദക്ഷന്റെ വീഡിയോ എത്തുന്നത്. സാധാരണ എല്ലാവരും ഇങ്ങനെ എത്തുന്നവരെ പരമാവധി ഒഴിവാക്കാനും കാണാതിരിക്കുവാനും ശ്രമിക്കുമ്പോള്‍ നവ്യയുടെ പ്രതികരണം ആ മനസിലെ സ്നേഹത്തെയാണ് കാണിക്കുന്നത്.