നടൻ നരേൻ, മകൻ ഓംകാർ ആദ്യമായി തിയറ്ററിൽ സിനിമ കാണുന്ന സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നരേൻ അഭിനയിച്ച ‘സാഹസം’ എന്ന ചിത്രമാണ് ഓംകാർ ആദ്യമായി തീയറ്ററിൽ കണ്ടത്.
ഓംകാറിന്റെ ആദ്യ തിയറ്റർ അനുഭവത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിലൂടെ നരേൻ പങ്കുവച്ചപ്പോൾ, അച്ഛനെ വെള്ളിത്തിരയിൽ കണ്ട സന്തോഷത്തിൽ അമ്മയെ വിളിച്ചു കാണിക്കുന്ന ഓംകാറിന്റെ ആവേശം പ്രേക്ഷകരെ ആകർഷിച്ചു. "അമ്മേ… അമ്മേ… എന്റെ ഡാഡി" എന്ന് പറഞ്ഞുകൊണ്ട് നരേന്റെ എൻട്രി സീൻ കാണുന്ന മകന്റെ പ്രതികരണം വീഡിയോയിൽ പതിഞ്ഞിരുന്നു.
ബിബിൻ കൃഷ്ണയുടെ സംവിധാനത്തിൽ, റംസാൻ, ഗൗരി കിഷൻ, ശബരീഷ് വർമ്മ, ജീവൻ തുടങ്ങിയ യുവ താരങ്ങൾക്കൊപ്പം ഹ്യൂമർ ടച്ചുള്ള വേഷത്തിലാണ് നരേൻ ചിത്രത്തിൽ എത്തുന്നത്. ഡ്രഗ് മാഫിയയെ നേരിടുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി അദ്ദേഹം അഭിനയിക്കുന്നു. വർഷ രമേശാണ് ചിത്രത്തിൽ നരേന്റെ ഭാര്യയായി എത്തുന്നത്. ‘സാഹസം’ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്നു.