പത്ത് വര്‍ഷം മുമ്പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് നാനാ പടേക്കറാണെന്ന നടി തനുശ്രീയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നാന പടേക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്വകാര്യചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് നാനാ പടേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പൊട്ടിച്ചിരിച്ചു കൊണ്ടാണ് പടേക്കര്‍ മറുപടി പറഞ്ഞത്. നൂറോളം പേരുടെ മുന്നില്‍ വെച്ച ഞാന്‍ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ എന്റെ തൊഴില്‍ ചെയ്ത് പോവും ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ. നാന പടേക്കര്‍ പറഞ്ഞു.
സൂം ടീവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനുശ്രീ നാനാ പടേക്കറുടെ പേര് വെളിപ്പെടുത്തിയത്. പത്ത് വര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും എന്നാല്‍ ആരും തന്നെ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും തനുശ്രീ പറഞ്ഞു. അതേസമയം, ബോളിവുഡിലേക്ക് തിരിച്ചുവരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസിന്റെ സംവിധായകനായ രാകേഷ് സാരംഗ് പറഞ്ഞത്.