ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ പേസ് ബൗളര്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള താരമാണ് ഓസീസ് ഇതിഹാസ താരം ബ്രെറ്റ് ലീ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്ക കാലങ്ങളില്‍ പരന്ന പ്രണയകഥയിലെ ജോഡികളായിരുന്നു ബ്രറ്റ് ലീയും ബോളിവുഡ് നടി പ്രീതി സിന്റയും. ഒരാള്‍ പഞ്ചാബ് കിംഗ്സ് ടീം ഉടമ, മറ്റേയാള്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗോസിപ്പുകളോട് ഒടുവില്‍ ബ്രറ്റ് ലീ പ്രതികരിച്ചു.
ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ്, ഉയര്‍ന്ന വേഗതയില്‍ പന്തെറിഞ്ഞ് ബാറ്റര്‍മാരെ വിറപ്പിച്ചിരുന്ന ബ്രെറ്റ് ലീ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്ക് വ്യക്തത വരുത്തിയത്. ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ 2010 വരെയുള്ള ആദ്യ മൂന്ന് സീസണുകളില്‍ പഞ്ചാബ് കിങ്‌സ് (അന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്) ടീമിലെ പ്രധാന താരമായിരുന്നു ബ്രെറ്റ് ലീ. തുടര്‍ന്ന് 2011-ല്‍ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് മാറി. പഞ്ചാബ് ടീമിന്റെ സഹഉടമയായിരുന്ന പ്രീതി സിന്റയും ബ്രെറ്റ് ലീയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ അക്കാലത്ത് വാര്‍ത്തകളും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വന്‍തോതില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ താനും പ്രീതിയും നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നെന്നും ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നുവെന്നും താരം വ്യക്തമാക്കി. 'നിങ്ങള്‍ക്കുള്ള വാര്‍ത്ത ഇതാണ്: ഞാന്‍ ഒരു ബോളിവുഡ് നടിയുമായും ഡേറ്റിങ് നടത്തിയിട്ടില്ല. പ്രീതി സിന്റയും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു, ഇപ്പോഴും അങ്ങനെയാണ്. അവര്‍ അന്ന് പഞ്ചാബ് ടീമിന്റെ ബോസ് ആയിരുന്നു. ബുദ്ധിശാലിയായ ഒരു സ്ത്രീയായ അവരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. സത്യം വ്യക്തമായി അറിയാമായിരുന്നതിനാല്‍ ഇത്തരം കഥകള്‍ എന്നെ ഒരിക്കലും അലട്ടിയിട്ടില്ല. ആളുകള്‍ക്ക് ഇഷ്ടമുള്ളതുപോലെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാം, പക്ഷേ അതൊന്നും എന്നെ ബാധിച്ചില്ല,' എന്ന് ബ്രെറ്റ് ലീ പറഞ്ഞു.
ഏകദേശം രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ബ്രെറ്റ് ലീ വിഷയത്തില്‍ മനസ്സ് തുറക്കുന്നത്. എന്നാല്‍ ഈ അഭ്യൂഹങ്ങളോട് പ്രീതി സിന്റ 2010-ല്‍ തന്നെ പ്രതികരിച്ചിരുന്നു. 'എല്ലാ വര്‍ഷവും ബ്രെറ്റുമായി എന്നെ പ്രണയത്തിലാക്കുന്നത് വളരെ പഴയതും മടുത്തതുമായ വാര്‍ത്തയാണ്. ഇതില്‍ പുതിയ വാര്‍ത്തയൊന്നുമില്ല, ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമാണ്' എന്നായിരുന്നു പ്രീതി അന്ന് വ്യക്തമാക്കിയത്.
ഐ.പി.എല്‍ തുടക്കകാലത്തെ ഈ ഗോസിപ്പുകള്‍ക്ക് മുന്‍പു തന്നെ ബ്രെറ്റ് ലീ വിവാഹിതനായിരുന്നു. 2006-ല്‍ എലിസബത്ത് കെമ്പിനെ വിവാഹം കഴിച്ച ലീക്ക് ഒരു മകനുണ്ട്. എന്നാല്‍ പിന്നീട് ഇവരുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയും 2009-ല്‍ ഔദ്യോഗികമായി വിവാഹമോചനം നേടുകയുമായിരുന്നു. തുടര്‍ന്ന് 2014-ല്‍ ലീ ലാന ആന്‍ഡേഴ്‌സനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്ററിലേറെ വേഗതയില്‍ പന്തെറിഞ്ഞ് 1999 മുതല്‍ 2012 വരെ ഓസ്‌ട്രേലിയന്‍ ടീമിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലെ പ്രധാന വിജയശില്പിയായിരുന്ന ബ്രെറ്റ് ലീ, ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്.
അതേസമയം, പ്രീതി സിന്റ ഇപ്പോഴും പഞ്ചാബ് ഫ്രാഞ്ചൈസിയുടെ സഹഉടമയായി തുടരുകയും മത്സരങ്ങളില്‍ ടീമിന് പിന്തുണയുമായി സ്റ്റേഡിയത്തില്‍ സജീവമായി എത്തുകയും ചെയ്യുന്നുണ്ട്. കുറച്ചുകാലമായി അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും, സണ്ണി ഡിയോള്‍ പ്രധാന വേഷത്തിലെത്തുന്ന 'ബട്വാര 1947' എന്ന ചിത്രത്തിലൂടെ അവര്‍ സിനിമാരംഗത്തേക്ക് തിരിച്ചെത്തുകയാണ്. ഓഗസ്റ്റ് 14-നാണ് ഈ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.