സയന്‍സ് ഫിക്ഷന്‍ കഥ പറഞ്ഞ് പൃഥ്വിരാജിന്റെ നയന്‍; വേറിട്ട പ്രമേയത്തില്‍ ചിത്രം തകര്‍ത്തപ്പോള്‍ അഭിനയത്തില്‍ പൃഥ്വിയും ഞെട്ടിച്ചു; സിനിമയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് മനോഹരമാക്കി കമലിന്റെ മകനും; സയന്‍സും ത്രില്ലറും കൂടിക്കലര്‍ന്ന് തകര്‍പ്പന്‍ നയന്‍

Malayalilife
സയന്‍സ് ഫിക്ഷന്‍ കഥ പറഞ്ഞ് പൃഥ്വിരാജിന്റെ നയന്‍; വേറിട്ട പ്രമേയത്തില്‍ ചിത്രം തകര്‍ത്തപ്പോള്‍ അഭിനയത്തില്‍ പൃഥ്വിയും ഞെട്ടിച്ചു; സിനിമയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് മനോഹരമാക്കി കമലിന്റെ മകനും; സയന്‍സും ത്രില്ലറും കൂടിക്കലര്‍ന്ന് തകര്‍പ്പന്‍ നയന്‍

വിചിത്രമായ കഥകളാണ് യുവ സൂപ്പര്‍താരം പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടാന്‍ ഏറ്റവും അടിസ്ഥാനമായി വേണ്ടതെന്ന് മലയാളം ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ ഒരു പഴഞ്ചൊല്ലുപോലെ ആയിക്കഴിഞ്ഞു. ഉദാഹരണമായി ഒരു സാധാരണ പ്രേമ കഥ ഏശാത്തിടത്ത്, അത് നിയാണ്ടര്‍ത്താല്‍ മനുഷ്യനും ക്രോമാഗ്‌നര്‍ മനുഷ്യനും തമ്മില്‍ ആമസോണ്‍ തടത്തിലെ ഏറ്റുമുട്ടല്‍ എന്നാക്കി അതില്‍ ഈ പ്രേമകഥ കയറ്റിപ്പറഞ്ഞാല്‍ ഈ നടന്‍ വീഴുമത്രേ!

പൃഥ്വീരാജിന്റെ സ്വന്തം പ്രൊഡക്ഷനില്‍ മലയാളത്തില്‍ നിന്ന് ഒരു സയന്‍സ് ഫിക്ഷന്‍ മോഡല്‍ ഒരു ചിത്രം വരുന്നു എന്നുകേട്ടപ്പോള്‍, ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ ജയസൂര്യടെ കഥാപാത്രം പറയുന്നപോലുള്ള, ചിത്രമാണെന്നാണ് കരുതിയത്. പറക്കും തളിക തോട്ടക്കാട്ടുകര എന്ന ഗ്രാമത്തിലേക്ക് വരുന്നു. പക്ഷേ 9 തുടക്കം ഞെട്ടിച്ചു.

ഒരു സുപ്രഭാതത്തില്‍ ലോകത്തില്‍ വൈദ്യുതി ഇല്ലാതായാല്‍, മൊബൈലും ഇന്റര്‍നെറ്റും വാട്‌സാപ്പും ഒന്നും പ്രവര്‍ത്തിക്കാതായാല്‍, മോട്ടോര്‍ വാഹനങ്ങള്‍ അടക്കം സ്റ്റാര്‍ട്ട് ചെയ്യാന്‍ പോലും കഴിയാതിരുന്നാല്‍..... ശരിക്കും ഒരു ഹോളിവുഡ്ഡ് സയന്‍സ് ഫിക്ഷനുള്ള എല്ലാ ചേരുവയുമായിട്ടാണ്, നമ്മുടെ പ്രിയതാരം പ്രഥ്വീരാജിന്റെ പുതിയ ചിത്രമായ '9' തുടങ്ങുന്നത്. 'ഈ ലോകത്തിനുമപ്പുറം' എന്ന ടാഗും സൂപ്പര്‍ പെര്‍ഫക്ഷനുള്ള ട്രയിലറും ടീസറും ഉയര്‍ത്തിയ വമ്പന്‍ പ്രതീക്ഷകള്‍ സാധൂകരിക്കുന്ന രീതിയിലാണ്, പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജെനീസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 9ന്റെ ആദ്യത്തെ ഇരുപതുമിനുട്ട്.

അസാധാരണമാംവിധം വലിപ്പമുള്ള ഒരു ഉല്‍ക്ക ഭൂമിയെ തൊട്ടുകൊണ്ട് കടന്നുപോവുന്ന ദിവസത്തിലേക്ക് എത്തുകയാണ് ലോകം. അതിന്റെ കാന്തികവലയത്തില്‍പെട്ട് ഭൂമിയിലെ എല്ലാ വൈദ്യുത കാന്തിക ഉപകരണങ്ങളും നിശ്ചലമാവും. ഉല്‍ക്ക കടന്നുപോവാന്‍ 9 ദിവസം സമയമെടുക്കും. ഈ ദിനങ്ങള്‍ ലോകം കഴിച്ചുകൂട്ടേണ്ടത് ശരിക്കും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മനുഷ്യനെപ്പോലെ ആയിരിക്കണം. അതായത് വൈദ്യുതിയില്ല, കാറില്ല, ബസ്സില്ല, നെറ്റില്ല അങ്ങനെ. ഈ വിചിത്രമായ ഒമ്പത് ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്.

ലോകാവസാനമാണെന്ന് വ്യാപകമായ പ്രചാരണം ഉണ്ടാകുന്നതും ലോകമെമ്പാടും ഇതേചൊല്ലി ഭീതി ഉയരുന്നതുമൊക്കെ കൃത്യമായി കാണിക്കാന്‍ ചിത്രത്തിനായിട്ടുണ്ട്. അപ്പോഴൊക്കെ ഇതൊരു ഹോളിവുഡ്ഡ് സയന്‍സ് ഫിക്ഷന്‍ മൂവിയുടെ അത ഫീലിങ്ങ് നല്‍കുന്നുണ്ട്. ഈ ഭീതിജനകമായ അന്തരീക്ഷത്തില്‍ ജീവിക്കുമ്പോഴും ഉല്‍ക്കയെ ഒരു അവസരമായും പ്രചഞ്ചസത്യങ്ങള്‍ അനാവരണം ചെയ്യാനുള്ള അപൂര്‍വ അവസരവുമായി കാണുകയാണ് ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് (ചിത്രത്തില്‍ പ്രൃഥ്വീരാജ്).

വാര്‍ത്താവിനിമയ ബന്ധം ഇല്ലാത്തതിനാല്‍ മനുഷ്യന്‍ മനുഷ്യനോട് മുഖാമുഖം സംസാരിക്കാന്‍ വിധിക്കപ്പെട്ട ദിനങ്ങള്‍. ടെക്‌നോളജിയുടെ അതിപ്രസരത്തില്‍ മനുഷ്യന്‍ വിട്ടുപോയ ചില കാര്യങ്ങളിലേക്കുള്ള മടക്കം. ആല്‍ബര്‍ട്ട് അതിനെ അങ്ങനെയാണ് കാണുന്നത്. ആ തലത്തിലൊക്കെ നോക്കുമ്പോള്‍ ഒന്നാന്തരം ഒരു സിനിമയുടെ രൂപത്തിലാണ് ചിത്രം ഇതള്‍ വിരിയുന്നത്. ആല്‍ബര്‍ട്ടിന്റെ കുടുംബകഥയും, ഉല്‍ക്കാഭീതിയും ഒരര്‍ഥത്തില്‍ സമാന്തരമായി, പക്ഷേ പരസ്പരം ബന്ധിതമായി കടന്നുപോവുകയാണ്. വികൃതിയേറെയുള്ളവനും അന്തര്‍മുഖനുമായ മകനാണ് അയാളുടെ ഏറ്റവും വലിയ പ്രശ്‌നം. ഒരച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥകൂടിയാണ് ഈ ചിത്രം.

ഈ വിചിത്രമായ 9 ദിവസങ്ങളില്‍ ആല്‍ബര്‍ട്ടിന് ഈ ചുവന്ന ഉല്‍ക്കയെ ഹിമാലയ ഗ്രാമങ്ങളില്‍നിന്ന് വീക്ഷിക്കാനും പഠനം നടത്താനുമുള്ള അപുര്‍വ അവസരം വീണുകിട്ടുകയാണ്. മകനും സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ ഒപ്പം ഉല്‍ക്കാ പഠനത്തിനായി ഹിമാലയന്‍ ഗ്രാമത്തിലെത്തുന്ന അയാളെ കാത്തിരിക്കുന്നത് അതി വിചിത്രമായ അനുഭവങ്ങളാണ്. ഉല്‍ക്കയുടെ ചുവപ്പുരാശി ദുശ്ശകുനമാണെന്ന് കണ്ട്് പ്രാര്‍ത്ഥനകളില്‍ മുഴുകിക്കഴിയുന്ന ഗ്രാമീണരുടെ നാട്ടില്‍, വൈദ്യുതിയും ഫോണുമൊന്നുമില്ലാതെ അയാളും മകനും കഴിച്ചുകൂട്ടുന്ന ഒമ്പത് ദിവസങ്ങള്‍. അതാണ് ഈ ചിത്രം.

പക്ഷേ ആദ്യത്തെ അരമണിക്കൂറില്‍ കണ്ട ഹോളിവുഡ്ഡ് സിനിമ, ഹിമാലയത്തില്‍ എത്തിയതോടെ തനി ഇന്ത്യന്‍ കഥയായി. ഇതാണ് നമ്മുടെ എഴുത്തുകാരുടെയും ചലച്ചിത്രകാരന്മാരുടെയും പ്രധാന പരിമിതി. ഈ വിഷയം എഴുതി മടുത്തു. ഒരു മികച്ച വണ്‍ലൈന്‍ കിട്ടിയാല്‍ അവര്‍ക്ക് അത് ഡെവലപ്പ് ചെയ്യാന്‍ കഴിയുന്നില്ല. ഹോളിവുഡ്ഡ് സിനിമകളിലും ഇപ്പോള്‍ തമിഴിലുമൊക്കെയുള്ളപോലെ സ്റ്റോറി ടേസ്റ്റര്‍മാരുടെയും, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍മാരുടെയും ഒരു നിര മലയാളത്തിലും ഉയരേണ്ടിയിരിക്കുന്നു. പിന്നീടങ്ങോട്ട് ചിത്രം ഒരു ഹൊറര്‍ പാറ്റേണിലാണ് പോവുന്നത്.

അതുകൊണ്ടുതന്നെ ആദ്യപകുതിയോട് അടുപ്പിച്ചും രണ്ടാം പകുതിയുടെ തുടക്കത്തിലുമൊക്കെ ഇതൊരു സാധാരണ ചിത്രമായിപ്പോവുകയാണ്. പക്ഷേ ക്ലൈമാക്‌സിലെ ഒന്നാന്തരം ട്വിസ്റ്റുകൊണ്ട് സംവിധായകന്‍ ചിത്രത്തെ തിരിച്ചു പിടിക്കുന്നുണ്ട്. പതിവ് ഹൊറര്‍ മൂവിയെന്ന സെറ്റപ്പ് പാടേ തകര്‍ത്തിടുന്ന ആ ക്ലൈമാക്‌സിലെ ഭാവനക്ക് എഴുത്തുകാരന്‍ കൂടിയായ ജെനൂസ് അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ഇംഗ്ലീഷ് സിനിമ സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ മലയാളം റീമേക്ക് ആണ് ഈ ചിത്രമെന്ന് കേട്ടിരുന്നെങ്കിലും ചിത്രം കാണുന്നവര്‍ക്ക് അത് അങ്ങനെയല്ലെന്ന് ബോധ്യമാവും.

പക്ഷേ പലപ്പോഴും താന്‍ പറയേണ്ട ആശയം എന്താണെന്ന കൃത്യമായ ഫോക്കസ് സംവിധായകന് ഇല്ലാതായിപ്പോയി. ഹൊറര്‍, സൈക്കളോജിക്കല്‍, സയന്‍സ് ഫിക്ഷന്‍, ത്രില്ലര്‍ എന്നിവയെല്ലാം കൂടിക്കുഴഞ്ഞത്, മാമുക്കോയ പറയാറുള്ളതുപോലെ 'അലാക്കിന്റെ അവിലുംകഞ്ഞി'യായിപ്പോയി. ഇത്തരം സിനിമകളില്‍ പുലര്‍ത്തേണ്ട പ്രമേയപരമായ സത്യസന്ധത കൊണ്ടുവരാനും സംവിധായകന് കഴിഞ്ഞിട്ടില്ല. ഫ്‌ളാഷ്ബാക്കിലെ കഥ മറ്റൊരു ആംഗിളില്‍ കാണിക്കുമ്പോഴുള്ള യുക്തിപരമായ പ്രശ്‌നങ്ങള്‍ ചിത്രത്തില്‍ ഒരുപാടുണ്ട്. മനോജ് നൈറ്റ് ശ്യാമളന്‍ എഴുതിയ വിഖ്യാതമായ 'സിക്ത് സെന്‍സ്' നോക്കുക.

ക്ലൈമാക്സില്‍ പ്രേക്ഷകന് കിട്ടിയ നടുക്കത്തെ, മുമ്പ് കണ്ട ഓരോ സീനും എടുത്ത് ക്രോസ് വിസ്താരം നടത്തിയാലും ലോജിക്കലായ മാറ്റം കണ്ടെത്താന്‍ കഴിയില്ല. അതിന് അസാധാരണമായ പ്രതിഭവേണം. റോഡ് ക്രോസ് ചെയ്യുന്നതിനമുമ്പ് പുള്ളിയുള്ള ഷര്‍ട്ടും, ക്രോസ് ചെയ്തതിനുശേഷം പുള്ളിയില്ലാത്ത ഷര്‍ട്ടുമൊക്കെയായി വേഷവിതാനത്തില്‍പോലും ശ്രദ്ധിക്കാന്‍ കഴിയാത്ത അത്ര പ്രതിഭാദാരിദ്ര്യമുള്ള മലയാള സിനിമക്കാര്‍ക്ക് പറ്റിയ പണിയല്ല ഇതൊന്നും. (ഏത് ചിത്രം ഇറങ്ങിയാലും അതിലെ നൂറ്റാന്ന് തെറ്റുകള്‍ എന്നൊക്കെ പറഞ്ഞ് പിള്ളേര്‍ യൂട്യൂബില്‍ ഇതുപോലുള്ള വീഡിയോ ഇടുന്നതുകാണാം. അപ്പോള്‍ വ്യക്തികളുടെ വീക്ഷണ കോണനുസരിച്ച് മാറുന്ന സങ്കീര്‍ണ്ണമായ കഥകള്‍ ചെയ്താലുള്ള അവസ്ഥ പറയേണ്ടതുണ്ടോ?)

ഒരേ പാറ്റേണിലുള്ള സിനിമകളാണ് കഴിഞ്ഞ കുറേക്കാലമായി പ്രഥ്വീരാജ് ഇറക്കിക്കൊണ്ടിരിക്കുന്നത്. എസ്ര, ആദം ജോണ്‍, ടിയാന്‍, കൂടെ, രണം എന്നീ ചിത്രങ്ങളുടെയൊക്കെ മേക്കിങ്ങ് പാറ്റേണ്‍ എതാണ്ട് ഒരുപോലെയാണ്. എസ്രക്ക് ആദം ജോണിലുണ്ടായ കുട്ടിയെന്ന് പറയിപ്പിക്ക രീതിയിലുള്ള ചില സാദൃശ്യങ്ങള്‍ കഥയില്‍പോലും പ്രകടം. ഭാര്യ മരിച്ച കുഞ്ഞിന്റെ പിതാവ് എന്ന ടൈപ്പ് ഇവിടെയും ആവര്‍ത്തിക്കുന്നു. പൃഥ്വീരാജിനെപ്പോലൊരു അസാധാരണമായ റേഞ്ചുള്ള നടനെ വെല്ലുവിളിക്കത്തക്ക കഥാപാത്രമൊന്നുമല്ല ഈ പടത്തിലേത്.

എന്നാല്‍ ക്ലൈമാക്‌സിലെ ചില രംഗങ്ങളില്‍ പൃഥ്വി തകര്‍ക്കുന്നുണ്ട്. നിയന്ത്രിതാഭിനയത്തിലൂടെ. പൃഥ്വീരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ നിര്‍മ്മാണത്തില്‍ അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ പൃഥ്വീരാജ് പ്രൊഡക്ഷന്‍സ് സോണി പിക്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്താണ് ഈ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. ഒരു പ്രത്യേക മോഡലില്‍ കണ്ണുരുട്ടുക എന്നല്ലാതെ കാര്യമായി നടിക്കാനൊന്നും വാമിഖയുടെ കഥാപാത്രത്തിന് സ്‌കോപ്പില്ല.


റെഡ് ജെമിനി 5 കെയില്‍ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അഭിനന്ദന്‍ രാമാനുജം ആണ്. ഈ ക്യാമറാവര്‍ക്ക് മനോഹരമാണെങ്കിലും പലപ്പോഴും അത് ആദംജോണ്‍ എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഷാന്‍ റഹ്മാന്റെ പാട്ടുകള്‍ക്കുമുണ്ട് ഈ ആവര്‍ത്തന സ്വഭാവം.

പക്ഷേ ജെനീസിന്റെ ആദ്യപടമായ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ '100 ഡെയ്‌സ് ഓഫ് ലൗവി'നെയാക്കെ വെച്ചുനോക്കുമ്പോള്‍ ഇത് സ്വര്‍ഗ്ഗമാണെന്ന് പറയാം. പത്തില്‍ ഒമ്പത് മാര്‍ക്കൊന്നുമില്ലെങ്കിലും, കണ്ടിരിക്കാം, കുഴപ്പമില്ല എന്ന വാക്കുകള്‍ നിര്‍ലോഭമായി ഉപയോഗിച്ച് പാസ് മാര്‍ക്കിന് അര്‍ഹമാണ് ഈ പടം. കാശുമുടക്കി ടിക്കറ്റെടുക്കുന്ന പ്രേക്ഷകന് പൂര്‍ണമായും പണം പോകുന്ന ചിത്രമല്ല ഇത്. സാഹസികതയിലും സയന്‍സ് ഫിക്ഷനിലും സൈക്കോളജിയിലുമൊക്കെ താല്‍പ്പര്യമുള്ളവര്‍ക്ക് ഒന്ന് പരീക്ഷിച്ചുനോക്കാന്‍ കഴിയുന്ന ചിത്രം തന്നെയാണിത്.

prithviraj sukumaran nine movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES