ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ് ഓടുന്ന സിനിമകളിൽ ഒന്നാണ് നായാട്ട്. കുഞ്ചാക്കോ ബോബന്റെ നിലവിലുള്ള രണ്ടു ചിത്രങ്ങളിൽ ഒന്നാണ് ഇത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് ഷാഹി കബീർ രചിച്ചതുമായ 2021 ലെ ഇന്ത്യൻ മലയാള ഭാഷാ അതിജീവന ത്രില്ലർ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബന് ഒപ്പം ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, അനിൽ നെടുമങ്ങാട്, സ്മിനു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളചലച്ചിത്ര സംവിധായകനും നിശ്ചലചിത്ര ഛായാഗ്രാഹകനുമാണ് മാർട്ടിൻ പ്രക്കാട്ട്. ബെസ്റ്റ് ആക്ടർ, എബിസിഡി, ചാർളി എന്നീ ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.
ആറ് വർഷത്തിന് ശേഷമാണ് മാർട്ടിൻ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. മാർട്ടിൻ പ്രക്കാട്ടിന്റെ നാലാമത്തെ സിനിമയായ നായാട്ട് തികച്ചും ഒരു വ്യത്യസ്ത രീതിയിലേക്കാണ് നമ്മളെ എത്തിക്കുന്നത്. യലിസ്റ്റിക് എന്നു പറയാവുന്ന ഒരു സർവൈവൽ ത്രില്ലർ ആണ് നായാട്ട്. ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ഒരു രീതിയിലെ കഥ പറച്ചിലാണ് സിനിമ കാണിക്കുന്നത്. പ്രവീണ്‍ മൈക്കിൾ, മണിയൻ, സുനിത എന്നിങ്ങനെ പേരായ മൂന്നു പോലീസുകാർ ആണ് നായാട്ടിൽ കേന്ദ്ര കഥാപാത്രങ്ങൾ. മലയാളം കണ്ട ഏറ്റവും നല്ല റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഒന്നായ 'ജോസഫി'ന്റെ സ്‌ക്രിപ്റ്റ് എഴുതിയ ഷാഹി കബീർ ആണ് നായാട്ട് എഴുതിയിരിക്കുന്നത്. ഷാഹി കബീർ പോലീസ് സേനയിൽ ഒരു ഉദ്യോഗസ്ഥൻ കൂടി ആയതിന്റെ എല്ലാ അഡ്വാന്റെജസും ഈ സിനിമയ്ക്കും ഉണ്ട്. ജോസഫിലെ പോലെ അത്ര ഇമോഷണൽ തീവ്രത അല്ലെങ്കിലും ഈ ചിത്രവും നിങ്ങളെ പല തരത്തിലെ ഇമോഷണൽ അനുഭവത്തിലേക്ക് എത്തിക്കും. യശശരീരനായ അനിൽ നെടുമങ്ങാടിനെ നല്ലൊരു റോളിൽ കാണാൻ കഴിയുന്നു.
ഈ സിനിമയിലെ ഒരു തെറ്റായി പറയാൻ സാധ്യത ഉള്ളത് ഇതിലെ ദളിതരുടെ തെറ്റ് ചൂണ്ടിക്കാട്ടുന്നതാണ്. ഒരു സംവിധായകനും ഒരിക്കലും ധൈര്യം കാണിക്കാത്ത ത്രെഡ് ആണ് ഇവിടെ മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകൻ കാണിച്ചു തന്നത്. അതുകൊണ്ടു തന്നെ ദളിത് പൊളിറ്റിക്സിനെ നെഗറ്റീവ് ആയി ചിത്രീകരിക്കുന്നു എന്നൊരു ആരോപണം നായാട്ട് നേരിടാൻ സാധ്യത ഉണ്ട്. ഒരു രീതിയിൽ അവർ അനുഭവിക്കുന്ന ഒരു പ്രിവിലേജ് എടുത്ത് പറയാൻ ധൈര്യം കാണിച്ചത് ചിലർക്കെങ്കിലും നെഗറ്റീവ് അയി തോന്നാം. പക്ഷെ എപ്പോഴും ഒരു കാര്യത്തിന്റെ നല്ല വശം മാത്രം പറഞ്ഞ് സിനിമ എടുക്കുന്നതിൽ അർഥം ഇല്ല എന്ന് കൂടി ഈ സംവിധായകൻ കാണിച്ചു തരുന്നു. അടിച്ചമർത്തുന്ന അല്ലെങ്കിൽ ഒറ്റപ്പെടുന്ന ദളിതരെ മാത്രം കാണിച്ചു തരുന്ന സിനിമകളിൽ നിന്ന് വ്യത്യസ്തം തന്നെയാണ് നായാട്ട്. അതുകൊണ്ടു അതൊരു തെറ്റായി കാണാൻ സാധിക്കില്ല. ഒരു നാണയത്തിന്റെ മറുവശം കൂടി കാണിച്ചു തരാൻ സംവിധായകൻ കാണിച്ച ധൈര്യമാണ് ഇവിടെ എടുത്ത് പറയേണ്ടത്. അതുകൊണ്ടു തന്നെ ഈ ചിത്രം നിങ്ങളെ മറ്റൊരു രീതിയിൽ ചിന്തിപ്പിക്കും.
ഷൈജു ഖാലിദിന്റെ ക്യാമറ , മഹേഷ് നാരായന്റെ എഡിറ്റിങ്, അഖിൽ അലക്സിന്റെ ബാക്ക് ഗ്രൗണ്ട് സ്കോറിംഗ് എല്ലാം സിനിമയെ ഗംഭീരമാക്കുന്നതിൽ നിർണായകപങ്ക് വഹിക്കുന്നുണ്ട്. ഇതെല്ലാം ചേർന്നതാണ് മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകന്റെ മേക്കിംഗ് കരുത്ത്. ആദ്യപകുതിയേക്കാൾ ഗംഭീരമായ രണ്ടാംപകുതിയും ഒടുവിൽ നെഞ്ചത്തോരു കനത്ത പഞ്ച് വച്ച് തരുന്ന ക്ളൈമാക്‌സും നായാട്ടിനെ ഒരു ഉൾക്കനമുള്ള സിനിമയാക്കി മാറ്റുന്നു. സംവിധായകനും തിരക്കഥാകൃത്തും ഒരുപോലെ അഭിനന്ദനങ്ങൾ അർഹിക്കുന്നു.