Latest News

നാട്ടിന്‍പുറത്തെ ടിപ്പിക്കല്‍ മലയാളിയായി വിസ്മയിപ്പിക്കുന്ന ഫഹദിന്റെ പ്രകടനം; രണ്ടരമണിക്കൂര്‍ മലയാളിക്ക് നിറഞ്ഞ് ചിരിക്കാനും ചിന്തിക്കാനും ഇതൊരു മനോഹര ചിത്രം

എം.എസ് ശംഭു
 നാട്ടിന്‍പുറത്തെ  ടിപ്പിക്കല്‍  മലയാളിയായി  വിസ്മയിപ്പിക്കുന്ന ഫഹദിന്റെ  പ്രകടനം; രണ്ടരമണിക്കൂര്‍ മലയാളിക്ക് നിറഞ്ഞ് ചിരിക്കാനും ചിന്തിക്കാനും ഇതൊരു മനോഹര ചിത്രം

മലയാളികളെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ ചരിത്രം ആവര്‍ത്തിച്ച് വീണ്ടും ഒരു വിജയചിത്രം. ഞാന്‍ പ്രകാശന്‍ വെറും കഥയല്ല സമകാലീക ടിപ്പിക്കല്‍ മലയാളിയുടെ ജീവിതത്തെ വരച്ചുകാട്ടുന്ന ചിത്രം കൂടിയാണ് .സന്ദേശവും തലയിണ മന്ത്രവും പോലെ മലയാളിയുടെ പച്ചയായ ജീവിതത്തെ വരച്ചു കാട്ടാന്‍ ശ്രീനിവാസനോളം മികച്ച ഒരു തിരക്കഥാ കൃത്തിന് കഴിഞ്ഞിട്ടുണ്ടാകില്ല എന്ന് നിസംശയം പറയാം.

തലയിണ മന്ത്രത്തിലെ തടത്തില്‍ ദിനേശന്‍ ഒരു കാലഘട്ടത്തില്‍ മലയാളിയുടെ സങ്കുചിത ചിന്താഗതിയും ജീവിതയാത്ഥാര്‍ത്യങ്ങളും ആണ് വരച്ചു കാട്ടുന്നതെങ്കില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന പ്രകാശനെന്ന കഥാപാത്രം ഈ കാലഘട്ടത്തിന്റെ യുവാക്കളുടെ സ്വഭാവ വൈകൃതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.ഒപ്പം നഴ്‌സിങ് ഒരു ജോലി മാത്രമല്ല അതൊരു അര്‍പ്പണം കൂടിയാകുമെന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോ മലയാളിക്കും തോന്നും. 


ഇനി സിനിമയിലേക്ക് വന്നാല്‍ എല്ലാ നാട്ടിലും കാണും കുറേയധികം പ്രകാശന്‍മാര്‍ നാട്ടിന്‍ പുറത്തെ നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍ ബിരുദവും തോളില്‍ തൂക്കി തേരാ പാരാ നടക്കുന്ന ഉടായിപ്പ് ചെറുപ്പക്കാര്‍. അത്തരത്തിലൊരു ചെറുപ്പക്കാരനാണ് നമ്മുടെ പ്രകാശനും. ബി.എസ്.സി നഴസ്ിങ്ങില്‍ ബിരുദമുള്ള പ്രകാശന്‍ പഠിച്ച ജോലിയില്‍ അത്ര താല്‍പര്യമില്ലാതെ എങ്ങനെയും കുറുക്കു വഴികളിലൂടെ ജീവിക്കാം എന്ന് ചിന്തകള്‍ മിനഞ്ഞ് നടക്കുന്നു. സ്‌കൂള്‍ മാഷായിരുന്ന അച്ഛന്‍ മരിച്ചു. മൂന്ന് സഹോദരങ്ങളുള്ളതില്‍ ഏല്ലാവരുടേയും വിവാഹമൊക്കെ കഴഞ്ഞിട്ടുണ്ട്. ഏറ്റവും ഇളയവനായ പ്രകാശന് തൊഴില്‍ അന്വേഷണം വിദേശ ജോലി തേടല്‍ ഇതൊക്കെ തന്നെ സ്വപ്നം.

കോളജ് സമയത്ത് താന്‍ പ്രണയിച്ച് ഒഴിവാക്കിയ പെണ്‍കുട്ടിയായി നിഖില വിമല്‍ അവതരിപ്പിക്കുന്ന സലോമി എന്ന കഥാപാത്രം പ്രകാശന്റെ ജീവിതത്തിലേക്ക് ആക്‌സ്മികമായി കടന്നു വരുന്നത് മറ്റൊരു രംഗം. ജര്‍മ്മനിയില്‍ നഴ്‌സിങ്ങ് ജോലികിട്ടിയ സലോമിയെ വീണ്ടും പ്രണയത്തിലാക്കാന്‍ പാടുപെടുന്ന തരികിട നമ്പരും. അവസാനം ഈ പെണ്‍കുട്ടി ജര്‍മ്മനിയില്‍ എത്തിയ ശേഷം പ്രകാശനെ തേക്കുന്ന രംഗവും ചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ കാണാം. മുഴുനീള ചിരി സമ്മാനിക്കുന്ന കാമ്പുള്ള തിരക്കഥ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ശ്രീനിവാസന്‍ ചെയ്തിരിക്കുന്നത്.

ഒരോ സംഭാഷണങ്ങളും മുഴുനീള ചിരി സമ്മാനിക്കും. എങ്കിലും കഥയ്ക്ക് പ്രകാശനായി ഫഹദ് നല്‍കിയ ജീവാത്മാവ് തന്നെയാണ് ചിത്രത്തിന്റെ വിജയം. ടിപ്പിക്കല്‍ മലയാളിയായി ഫഹദിന്റെ പകര്‍ന്നാട്ടം തന്നെയാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. ഒരോ സീനുകളും ഓരോ എക്‌സ്പ്രഷനുകളും ഒരോ നോട്ടങ്ങള്‍ പോലും കാണികളെ ചിരിപ്പിക്കും. സ്വപ്‌നങ്ങളുമായി ജീവിക്കുന്ന മലയാളി യുവാക്കള്‍ക്കിടയില്‍ തന്നെ പ്രകാശനേയും നമുക്ക് വരച്ച് കാട്ടാം. 

പ്രകാശന്‍ എന്ന പേര് ഗസ്റ്റില്‍ പരസ്യം ചെയ്ത് പി.ആര്‍ ആകാശ് എന്നൊക്കെയാക്കുന്ന നായകന്റെ സങ്കുചിത മനസിനെ ഫഹദ് നര്‍മം വിതറി അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തില്‍ ഗോപാല്‍ജി എന്ന കോണ്‍ട്രാക്ടറായിട്ടാണ് ശ്രീനിവാസന്‍ എത്തുന്നത്. ശ്രീനിവാസന്റെ അഭിനയം തന്നെ എടുത്തുപറയേണ്ട മറ്റൊരു രംഗം. വളരെ നാളുകള്‍ക്ക് ശേഷം ആ പഴയ ശ്രീനിവാസന്റെ പകര്‍ന്നാട്ടങ്ങള്‍ തിരശ്ശീലയിലൂടെ മിന്നി മറിയുന്നതും പ്രകടമാകും. 

സമകാലീക സംഭവങ്ങളേയും മലയാളികളുടെ സ്വഭാവ വിശേഷങ്ങളേയും അടച്ചാക്ഷേപിക്കുന്ന പല രംഗങ്ങളും തിരക്കഥയില്‍ കാണാം. സന്ദേശം എഴുതിയത് ആ കാലഘട്ടത്തിന്റെ രാഷ്ട്രീയവും ആനുകാലിക സംഭവങ്ങളുമാണെങ്കില്‍ ഇന്നിന്റെ പല ന്യൂനതകളേയും ചിത്രത്തിലെത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലേക്കുള്ള ബംഗാളികളുടെ ചേക്കേറ്റവും എല്ലാം ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് കൂട്ട്‌കെട്ട് വരച്ചുകാട്ടുന്നു. ഒപ്പം നര്‍മനിറഞ്ഞ സംഭാഷണങ്ങള്‍ ഇടക്കിടക്ക് ചിത്രത്തില്‍ പ്രകാശന്‍ പറയുന്ന കാട്ടാക്കട തങ്കപ്പന്റെ കൂട്ടിലകപ്പെട്ട പൂച്ച യെന്ന ക്ലീഷേ കഥപറഞ്ഞ് ചമ്മുന്ന ഫഹദിന്റെ ഒന്നൊന്നര പ്രകനവും ഒപ്പം കാണാം.

ചിത്രത്തിന്റെ ഒന്നാം ഭാഗം മുഴുനീള ചിരി മാത്രമാണ് സമ്മാനിച്ചതെങ്കില്‍ രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നതോടെ കഥ അല്‍പം ഗൗരവമുള്ളതായി മാറുന്നു. പ്രകാശന്‍ ഒരു കുട്ടിയെ പരിചരിക്കാനായി ഒടുവില്‍ തന്റെ നഴ്‌സിങ് കുപ്പായം ഇടുന്നു. മനസില്ലാ മനസോടെയാങ്കിലും ഈ ജോലിയിലേക്ക് പ്രവേശിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന നിര്‍ണായക വഴിത്തിരിവുകളുമാണ് ചിത്രം.


ഇനി കഥാപാത്രങ്ങളിലേക്ക് വന്നാല്‍

ഫഹദ്, ശ്രീനിവാസന്‍ എന്നിവരെ കൂടാതെ. കെ.പി. എസി.ലളിത, നിഖിത വിമല്‍, അനീഷ് , വീണാ നായര്‍, ദേവിക സ്ഞജയ് എന്നിവരുടെ കഥാപാത്രങ്ങള്‍ മികച്ചു നില്‍ക്കുന്നു. എസ്. കുമാറിന്റെ ഛായാഗ്രാഹകണം എടുത്ത് പറയേണ്ടത് തന്നെയാണ്. ഷാന്‍ റഹ്മാന്റെ സംഗീതം ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. 

najn prakashan movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES