തിരക്കഥയിലെ പോരായ്മകള്‍ മറികടക്കാന്‍ അജുവിന്റെയും റൂഹാനിയുടെയും തകര്‍പ്പന്‍ അഭിനയം; നായകനൊപ്പം നില്‍ക്കുന്ന നായികയായി കമല; മിന്നിച്ച് ത്രൂ ഔട്ട് കഥാപാത്രമായി എത്തി ബിജു സോപാനം; ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ മൂവി റിവ്യൂ..!

പി.എസ്.സുവര്‍ണ്ണ
topbanner
  തിരക്കഥയിലെ പോരായ്മകള്‍ മറികടക്കാന്‍ അജുവിന്റെയും റൂഹാനിയുടെയും തകര്‍പ്പന്‍ അഭിനയം; നായകനൊപ്പം നില്‍ക്കുന്ന നായികയായി കമല; മിന്നിച്ച് ത്രൂ ഔട്ട് കഥാപാത്രമായി എത്തി ബിജു സോപാനം; ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ മൂവി റിവ്യൂ..!

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന രഞ്ജിത് ശങ്കര്‍ ചിത്രം കമല ഇന്ന് തീയറ്ററുകളില്‍ എത്തിയിരിക്കയാണ്. അജു വര്‍ഗീസ് ആദ്യമായി ഒരു സീരിയസ് കഥാപാത്രമായി ലീഡ് റോളില്‍ എത്തിയ സിനിമ എന്ന് പ്രത്യേകത കമലയ്ക്കുണ്ട്. രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി, സംവിധാനം ചെയ്ത സിനിമ ഒരു ത്രില്ലര്‍ഡ്രാമ വിഭാഗത്തില്‍ പെടുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡ്രീംസ് ആന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ചിത്ത് ശങ്കര്‍ തന്നെയാണ്. അജു വര്‍ഗീസിന് പ്രാധാന്യമുള്ള ചിത്രമാണെങ്കില്‍ പോലും ഏറെ കുറെ ഫീമെയില്‍ ഓറിയെന്റഡ് ആയ സിനിമയാണ് കമല, ഫീമെയില്‍ ലീഡ് റോളില്‍ എത്തുന്നത് നോര്‍ത്ത് ഇന്ത്യന്‍ നടിയും പഞ്ചാബി മോഡലുമായ റൂഹാനി ശര്‍മയാണ്. റൂഹാനി, അജു എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ മുന്നോട്ട് പോവുന്ന സിനിമ പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാം എന്ന് പറയാം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന എലമെന്റുകള്‍ ധാരാളം ഉണ്ട്. എങ്കിലും ചിലയിടങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ പ്രേക്ഷകന് തോന്നാം. എന്നാല്‍ തിരക്കഥയുടെ പോരായ്മയെ മറികടക്കാന്‍ അജു വര്‍ഗീസിന്റെയും റൂഹാനിയുടെയും അഭിനയ മികവ് കൊണ്ട് സാധിച്ചുവെന്ന് എടുത്ത് പറയാം.

പൊതുവേ കോമഡി കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകനെ ചിരിപ്പിച്ച് പോവാറുള്ള അജുവിന്റെ ഇതുവരെയും കാണാത്ത തരത്തിലുള്ള കഥാപാത്രമാണ് കമലയിലെ സഫറിന്റേത്. നായകനായി ഇതിന് മുമ്പും താരം എത്തിയിട്ടുണ്ടെങ്കിലും നായക കഥാപാത്രമായി തന്നെ ഒരു സീരിയസ് വേഷം കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമാവും. എന്തായാലും അജുവിനെ കൊണ്ട് സീരിയസ് വേഷങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ചിത്രം കാണുന്നവര്‍ മനസില്‍ ഉറപ്പിക്കും. മൊത്തത്തില്‍ വേറെയൊരു അജുവാണ് ചിത്രത്തിലുള്ളത്. സിനിമയില്‍ നമ്മുടെ അജു എവിടെ എന്ന് പ്രേക്ഷകര്‍ ചോദിച്ചുപോകുന്ന രീതിയിലുളള അഭിനയമാണ് ഈ നടന്‍ കാഴ്ച വയ്ക്കുന്നത്.

നായകന്റെ ഒപ്പം നില്‍ക്കുന്ന അല്ലെങ്കില്‍ നായകനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഒരുപാട് നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്ന കമലയായി എത്തിയ റൂഹാനി ശര്‍മയും തന്റെ വേഷം നന്നായി തന്നെ ഒതുക്കത്തോടെ കൈകാര്യം ചെയ്തു. പ്രണയത്തിന് സിനിമയില്‍ എവിടെയും സ്ഥാനമില്ലെങ്കില്‍ പോലും സിനിമയില്‍ എവിടെയൊക്കെയോ അജുവിന്റെയും റൂഹാനിയുടെയും മുഖഭാവങ്ങളിലൂടെ പ്രേക്ഷകരില്‍ പ്രണയം എന്ന ഫീല്‍ വന്ന് പോവുന്നുണ്ട്. സംവിധായകന്‍ അങ്ങനെയൊന്ന് ഉദ്ദേശിച്ചിരിക്കാന്‍ സാധ്യതയില്ലെങ്കില്‍ കൂടി ഇരുവരും തമ്മില്‍ ഒരു പ്രണയ സീനെങ്കിലും ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരിക്കാം, അല്ലെങ്കില്‍ ആഗ്രഹിച്ചിരിക്കാം.

കമല എന്ന സിനിമയില്‍ എടുത്ത് പറയേണ്ട ഒരു ഘടകം സിനിമയിലെ അഭിനേതാക്കളുടെ പെര്‍ഫോമെന്‍സിനെ കുറിച്ച് തന്നെയാണ്. എല്ലാവരും വളരെ ഭംഗിയായി തന്നെ അവരവരുടെ വേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. അജുവിന്റെ സഫര്‍ എന്ന കഥാപാത്രത്തിന്റെ ഒപ്പം തന്നെ ഒരു ത്രൂ ഔട്ട് ക്യാരക്ടറായി എത്തിയ ബിജു സോപാനവും നന്നായി തന്നെ പെര്‍ഫോം ചെയ്തു. ഇവര്‍ക്കെല്ലാം പുറമേ അനൂപ് മേനോനും തമിഴ് നടന്‍ മൊട്ട രാജേന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ വരെ വളരെ റിയലിസ്റ്റിക്കായി അഭിനയിച്ചിട്ടുണ്ട്.

ഒരു കാടിനുള്ളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. പ്രതികാരം തീര്‍ക്കാനെത്തുന്ന ഒരു പെണ്ണ് സഞ്ചരിക്കുന്ന വഴിയിലൂടെയാണ് സിനിമ മുന്നേറുന്നത്. അതും ത്രില്ലര്‍ സിനിമകളുടെ ഫോര്‍മുലയില്‍ എന്ന് വേണമെങ്കില്‍ സിനിമയുടെ കഥയെക്കുറിച്ച് ചോദിച്ചാല്‍ പറയാം. എന്തായാലും കാടിന്റെ ഭംഗി മികച്ച രീതിയില്‍ ഒപ്പിയെടുക്കാന്‍ ക്യാമറാമാനെകൊണ്ട് സാധിച്ചിട്ടുണ്ട്. എഡിറ്റിങ്ങും മികച്ച് നില്‍ക്കുന്നു. അതായത് സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് കുറ്റമൊന്നും പറയാനില്ല. ഇനി പറയേണ്ടത് സിനിമയിലെ ഗാനങ്ങളെക്കുറിച്ചാണ്. എന്താ മുല്ലേ എന്ന് തുടങ്ങുന്ന ഗാനം വളരെയേറെ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. സാധാരണ സിനിമാ ഗാനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നു. ഏറെ അര്‍ത്ഥതലങ്ങളുള്ള ഗാനം കമല എന്ന സിനിമയില്‍ എടുത്ത് പറയേണ്ട ഒന്നാണ്. എന്നാല്‍ ഗാനത്തേക്കാള്‍ മികച്ച് നില്‍ക്കുന്നത് ചിത്രത്തിലെ ബിജിഎം ആണ്. നായികയെ കാണിക്കുന്ന സീനുകളിലാണ് കൂടുതലായും ബിജിഎം കൊടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ഐഡന്റിറ്റി ബിജിഎം ആയി അതിനെ കണക്കാക്കാം.

അടിപൊളി പടമെന്നും വളരെ മോശം പടമെന്നും സിനിമയെ കുറിച്ച് പറയാന്‍ കഴിയില്ല. രണ്ടിനും ഇടയില്‍ നില്‍ക്കുന്നു സിനിമ. രണ്ട് മണിക്കൂര്‍ നാല് മിനിട്ടുള്ള സിനിമ കണ്ടിരിക്കാം. എന്നാല്‍ ചിലപ്പോഴൊക്കെ ചിത്രം ലാഗ് ആയി പോവുന്നുമുണ്ട്. പ്രേക്ഷകര്‍ക്ക് ചിന്തിച്ചെടുക്കാവുന്ന രീതിയിലാണ് സിനിമയുടെ കഥ. എന്നാല്‍ ആ കഥ ഒരു വ്യത്യസ്തമായ രീതിയില്‍ പറഞ്ഞ് പോവാന്‍ സംവിധായകന്‍ നന്നായി തന്നെ കഷ്ടപ്പെട്ടിട്ടുണ്ട്. കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു സിനിമ എന്ന് കണ്ടിറങ്ങിയവര്‍ പറഞ്ഞേക്കാം. എങ്കിലും സിനിമലെ കാസ്റ്റിങ്ങ്, ലൊക്കേഷന്‍, ക്യാമറ, ഛായാഗ്രഹണം ഇവയെല്ലാം വളരെ മികച്ച് നില്‍ക്കുന്നതാണ്.

എന്തായാലും അജുവിന്റെ ഇതുവരെയും കാണാത്ത ഒരു കഥാപാത്രമാണ് കമലയിലേത്. അതുകൊണ്ട് വ്യത്യസ്ഥ റോളില്‍ എത്തുന്ന അജുവിനെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും. കമല എന്ന പേരില്‍ തോന്നുന്ന കൗതുകം കൊണ്ട് സിനിമ കാണാന്‍ പോവുന്നവര്‍ക്കും സിനിമ ധൈര്യമായി തിയേറ്ററില്‍ പോയി കാണാം. മാത്രമല്ല അജുവിനെയും അജുവിന്റെ കമലയെയും കാണാന്‍ തീയേറ്ററില്‍ പോവുന്നവര്‍ക്ക് രണ്ട് മണിക്കൂര്‍ ബോറടിക്കാതെ സിനിമ കണ്ട് പോവാം. കണ്ടിരിക്കാവുന്ന ചിത്രമാണ് അജുവിന്റെ കമല. അതായത് കൈയ്യിലെ കാശ് കളയില്ല.

Read more topics: # kamala,# malayalam,# movie review,# aju varghese
kamala malayalam movie review

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES