ഗോവയുടെ സൗന്ദര്യം ആവോളം ആസ്വദിക്കുന്ന സിനിമകള്‍ വളരെ ചുരുക്കമായി മാത്രമുണ്ടായിരിക്കുന്ന മലയാള സിനിമയ്ക്ക് ആ ദൃശ്യ ഭംഗി സമ്മാനിക്കുന്ന ചിത്രമാണ് 'ഇരുപത്തൊന്നാം നൂറ്റാണ്ട്'. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ പോയി ആദ്യ ഷോ കണ്ടവര്‍ക്ക് പ്രണവിന്റെ പെര്‍ഫോമെന്‍സ് ഇഷ്ടപ്പെട്ടെങ്കിലും തിരക്കഥയുടെ ബലമില്ലായ്മ പെട്ടന്ന് മനസിലാക്കാന്‍ സാധിക്കും. ഗോവയിലെ ഒരു കൊച്ചു ദാദയും ഹോം സ്റ്റേ ഓണറുടെ മകനുമായ അപ്പുവും സായ എന്ന പെണ്‍കുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയവും പിന്നീടുണ്ടാകുന്ന സാഹസികത വരച്ചുകാട്ടുന്ന ചെയിന്‍ റിയാക്ഷന്‍ ഫോര്‍മുലയുമാണ് ചിത്രത്തിന്റെ ത്രെഡ് എന്ന് പറയുന്നത്. എന്നാല്‍ ഈ ത്രെഡ് ഉണ്ടാക്കിയ ചരടിന് അല്‍പം ബലക്കുറവുണ്ടായെങ്കിലും പെര്‍ഫോര്‍മെന്‍സ് എന്ന അധിക ചരട് കൂടി ഇട്ടു കെട്ടി പ്രണവിന് സിനിമ ഭദ്രമാക്കാന്‍ സാധിച്ചിട്ടുണ്ട്.
പ്രണവിനൊപ്പം വേഷമിട്ട മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ ഓണ്‍ സ്‌ക്രീന്‍ പ്രസന്‍സ് ഗംഭീരം തന്നെയെന്ന് പറയാതിരിക്കാന്‍ വയ്യ. സിനിമയുടെ ആദ്യ പകുതിയില്‍ ലാഗ് എന്നത് കടന്നു കൂടുന്നുണ്ടെങ്കിലും നായികയായെത്തിയ പുതുമുഖം സായയുടെ പ്രകടനം ഏവരേയും പിടിച്ചിരുത്തും. എന്നാല്‍ പ്രണവിന് ആറാടാന്‍ പറ്റിയത് റിവഞ്ച് മൂടിലേക്ക് മാറിയ ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ്.
പടം എങ്ങനൊണ്ടെന്ന് പറയെടാ ചെക്കാ...അല്ലെ ?... പറയാം...
ഒറ്റ ത്രെഡില്‍ പറയാവുന്ന ട്വിസ്റ്റോ ബോക്സോഫീസ് തകര്‍ത്തു വാരും എന്ന് ഉറപ്പ് പറയാവുന്ന വമ്പന്‍ താരനിരയൊന്നും ഇല്ലെങ്കിലും താരപുത്രന്മാര്‍ ഭാവില്‍ അരങ്ങ് വാഴാന്‍ പോകുന്നതിന് മുന്‍പുള്ള കര്‍ട്ടന്‍ റെയ്സര്‍ കാണണമെങ്കില്‍ 21ാം നൂറ്റാണ്ട് തിയേറ്ററില്‍ തന്നെയിരുന്ന് കാണുക. പ്രണവ് മോഹന്‍ലാലും സൂപ്പര്‍ താരം സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ചിരിക്കുന്ന രംഗങ്ങള്‍ ഏവര്‍ക്കും ഇഷ്ടപ്പെടുമെന്നുറപ്പ്.
പൊട്ടിച്ചിരിക്കാനുള്ള വിഭവങ്ങളും സിനിമ ആവോളം സമ്മാനിക്കുന്നുണ്ട്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കും ബിജുക്കുട്ടനും കോമഡി രംഗങ്ങളില്‍ മിന്നാന്‍ കഴിഞ്ഞു. ഗോവയില്‍ നിന്നും തന്റെ പ്രണയിനിയെ തേടി കേരളത്തിലെത്തുന്ന അപ്പുവിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ മാസ് ആക്ഷന്റെ മസാല ചേര്‍ത്ത് വിളമ്പിയ അരുണ്‍ ഗോപി മാജിക്കിന് മികച്ചൊരു പ്രോഗ്രസ് കാര്‍ഡ് തന്നെ കൊടുക്കാം. ബോളിവുഡിനെ ഓര്‍മ്മിപ്പിക്കും വിധം പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ലിപ് ലോക്ക് സീന്‍ അടക്കം ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്.
അരുണ്‍ ഗോപിയുടെ രാമലീലയുടെ വിജയത്തിളക്കവും പ്രണവിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി കണ്ട ത്രില്ലും മനസില്‍ വച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിന് ടിക്കറ്റ് എടുക്കണ്ട. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ഏതോ മയം വച്ച് തിയേറ്ററിലെത്തുന്നുവെന്ന് ആദ്യം പലരും പറഞ്ഞെങ്കിലും ചിത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിലഭിനയിച്ച താരങ്ങളുടെ മക്കള്‍ അഭിനയിച്ചുവെന്നല്ലാതെ യാതൊരു ബന്ധവുമില്ല. മാസ് ആക്ഷന്‍ പ്രതീക്ഷിച്ച് പോകുന്നതിന് മുന്‍പ് ഇതൊരു പ്രണകഥയാണെന്ന് കരുതി മാത്രം തിയേറ്ററില്‍ പോകവുക.
ടിക്കറ്റ് എടുത്താല്‍
ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നഷ്ടമുണ്ടാകുമെന്ന് പറയാന്‍ ഒരിക്കലും സാധിക്കില്ല. പ്രണയം മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്കും സാഹസികതയുടെ മാന്ത്രികത ഇഷ്ടപ്പെടുന്നവര്‍ക്കും ഇരുപത്തൊന്നാം നൂറ്റാണ്ട് മികച്ച ഒരനുഭവമായിരിക്കും. ആദിയില്‍ പ്രണവ് കാട്ടിയ സംഘട്ടന രംഗങ്ങളുടെ നല്ലോരു അംശം ഈ ചിത്രത്തിലും വന്നു പോകുന്നുണ്ട്. ഷങ്കറിന്റെ ഐ എന്ന ചിത്രത്തിലെ 'ട്രെയിന്‍ ഫൈറ്റ്' മോഡിലെ ക്ലൈമാക്സ് രംഗങ്ങള്‍ ത്രില്ലടിപ്പിക്കുമെന്നുറപ്പ്. വെള്ളിത്തിരയില്‍ പുത്തന്‍ പരീക്ഷണത്തിനൊരുങ്ങുന്ന പ്രണവിന്റെ രണ്ടാം ചിത്രത്തിന് അഞ്ചില്‍ 2.5 തന്നെ റേറ്റിങ് കൊടുക്കാം. റിലീസിന് മുന്‍പ് ചിത്രത്തിന്റെ സംവിധായകന്‍ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞതു തന്നെ ആദ്യം ഓര്‍മ്മിക്കാം പരിമിതികള്‍ക്കുള്ളില്‍ നിന്ന് സൃഷ്ടിച്ച സിനിമ...നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു.