സംസാര ശേഷിയും കേള്‍വിയും ഇല്ലാതെ അഭിനയ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടി അഭിനയ വിവാഹിതയാവാനൊരുങ്ങുകയാണ്. താന്‍ പതിനഞ്ച് വര്‍ഷമായി പ്രണയത്തിലാണ് എന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതും അഭിനയ തന്നെയാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 9 ന് ആയിരുന്നു അഭിനയയുടെ വിവാഹ നിശ്ചയം. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെയും ചിത്രത്തിനൊപ്പമാണ് റിങ് എക്സ്ചേഞ്ച് കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത അഭിനയ പങ്കുവച്ചത്. അപ്പോഴും ആരാണ് വരന് എന്ന ചോദ്യമുണ്ടായിരുന്നു. ആഴ്ചകള്‍ക്ക് ശേഷം ഇതാ കല്യാണം കഴിക്കാന്‍ പോകുന്ന ആളുടെ ഫോട്ടോ പങ്കുവച്ച് അഭിനയ എത്തിയിരിക്കുന്നു.
വെഗേശന കാര്‍ത്തിക് എന്നാണ് ആളുടെ പേര്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ടാഗ് ചെയ്തുകൊണ്ട് എന്‍ഗേജ്മെന്റ് ദിവസം എടുത്ത ഫോട്ടോ ആണ് അഭിനയ പങ്കുവച്ചിരിയ്ക്കുന്നത്. 'ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ യെസ്' എന്നാണ് ക്യാപ്ഷനില്‍ നടി കുറിക്കുന്നത്. മാര്‍ച്ച് 9 ന് വിവാഹ നിശ്ചയം കഴിഞ്ഞു എന്നും ഇനി ദിവസങ്ങള്‍ എണ്ണി കാത്തിരിയ്ക്കുകയാണ് എന്നും നേരത്തെ ഒരു പോസ്റ്റില്‍ അറിയിച്ചിരുന്നു
സിനിമയില്‍ നിന്നുള്ള വ്യക്തിയല്ല അഭിനയയുടെ വരന്. അഭിനയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ്. ഈ ഏപ്രില്‍ മാസത്തില്‍ ഇരുവരും വിവാഹിതരാവുമെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ എട്ടു വര്‍ഷമായി സിനിമയില്‍ സജീവമാണ് അഭിനയ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി 58 ഓളം ചിത്രങ്ങളിലും അഭിനയ അഭിനയിച്ചു കഴിഞ്ഞു.
നാടോടികളാണ് അഭിനയയ്ക്ക് ആദ്യം ബ്രേക്ക് സമ്മാനിച്ച ചിത്രം. ഐസക് ന്യൂട്ടണ്‍ S/O ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളം സിനിമയിലെത്തിയത്. മലയാളത്തില്‍ ഇതിനകം അഞ്ചു ചിത്രങ്ങളില്‍ അഭിനയ അഭിനയിച്ചു കഴിഞ്ഞു.