സിനിമയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതല്ലാതെ അധികം ക്യാമറയ്ക്ക് മുന്നില്‍ വരാത്ത താരമാണ് പ്രണവ് മോഹന്‍ലാല്‍. സിനിമ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ യാത്രകള്‍ക്ക് പോകുന്നതാണ് പ്രണവിന്റെ പതിവ്. ഇതേകുറിച്ച് പല അഭിമുഖങ്ങളിലും മോഹന്‍ലാലും സുചിത്രയും സംസാരിച്ചിട്ടുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ മോഹന്‍ലാലിനൊപ്പം പ്രണവിനെ കാണുന്നതും വളരെ അപൂര്‍വമാണ്. ഇപ്പോഴിതാ, പ്രണവും മോഹന്‍ലാലും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പണി' എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടന്‍ ബോബി കുര്യനാണ് പുതിയ വീഡിയോ പങ്കുവെച്ചത്. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഖ്യമുള്ള ഈ വീഡിയോയില്‍ മോഹന്‍ലാലും പ്രണവും ഒരുമിച്ച് നടക്കുന്നത് കാണാം. കയ്യില്‍ ഒരു ബാഗുമായി പ്രണവ് മുന്നില്‍ നടക്കുമ്പോള്‍ പിന്നിലായി മോഹന്‍ലാലും ഉണ്ട്. ഇടയ്ക്ക് ക്യാമറയിലേക്ക് നോക്കി മോഹന്‍ലാല്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 'ഇരുപതാം നൂറ്റാണ്ട്' എന്ന ചിത്രത്തിലെ പ്രശസ്തമായ പശ്ചാത്തല സംഗീതമാണ് വീഡിയോക്ക് നല്‍കിയിരിക്കുന്നത്.
വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഇതുവരെ 25 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വളരെ രസകരമായ കമന്റുകളാണ് ഇതിന് താഴെ വരുന്നത്. 'അപ്പു വീട്ടിലേക്ക് വാടാ... നിന്റെ അച്ഛനടാ പറയണെ' എന്നായിരുന്നു ഒരു കമന്റ്‌റ്. 'റേഷന്‍ കടയില്‍ പോയ അപ്പുവിനെ പിടിച്ച് കൊണ്ട് വരുന്ന ലാലേട്ടന്‍', 'സിമ്പിള്‍ ആയ മോനും ഹംബിള്‍ ആയ അച്ഛനും', 'സുചിത്ര ചേച്ചി: കിട്ടിയോ? ലാലേട്ടന്‍: ആഹ് കിട്ടി...', 'ലെ ലാലേട്ടന്‍ :കിട്ടിയ അവസരമാ.. വീഡിയോയും ഫോട്ടോയും എടുത്തു വച്ചോ...ഇനി എപ്പോളാ ഇവനെ കാണുവാന്ന് പറയാന്‍ ആവില്ല', തുടങ്ങിയ കമന്റുകളും കാണാം.
അതേസമയം, നീണ്ട ഇടവേളയ്ക്കുശേഷം 'ഡീയസ് ഈമറ' എന്ന ചിത്രത്തിലൂടെ വീണ്ടും പ്രണവ് നായകനായെത്തുകയാണ്. ഭ്രമയുഗത്തിനുശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതാണ് ലഭിച്ചത്. മോഹന്‍ലാലിന്റേതായി പുറത്തുവരാനിരിക്കുന്ന അടുത്ത ചിത്രം 'ഹൃദയപൂര്‍വം' ആണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 28ന് തീയേറ്ററുകളില്‍ എത്തും.