മലയാളത്തിന്റെ താരരാജാകന്മാര്‍ ഒരുമിച്ചെത്തുന്ന വേദികളൊക്കെ ആഘോശമാകാറുണ്ട്. ഇപ്പോളിതാനീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരേ വേദിയില്‍ എത്തിയ നിമിഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വനിത ഫിലിം ഫെയര്‍ അവാര്‍ഡ്‌സ് വേദിയിലാണ് മലയാളത്തിന്റെ മഹാനടന്മാര്‍ ഒന്നിച്ചത്.
അവാര്‍ഡ് നിശയില്‍ മമ്മൂട്ടിക്ക് പുരസ്‌കാരം നല്‍കാനെത്തിയ മോഹന്‍ലാല്‍ സ്‌നേഹത്തോടെ ഉമ്മ നല്‍കുന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ് ഈ വീഡിയോ.
കാതല്‍, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടത്. ഇച്ചാക്കയുടെ ഉമ്മ കിട്ടിയ ലാല്‍ അത് തിരിച്ച് കൊടുക്കുന്നതും വൈറല്‍ വീഡിയോയില്‍ കാണാം. മോഹന്‍ലാലിനെ മമ്മൂട്ടി ചുംബിക്കുന്നതു കണ്ട് പഴയ കടം വീട്ടിയതാണോയെന്ന് അവതാരകനായ മിഥുന്‍ രമേശ് ചോദിക്കുന്നതും വൈറല്‍ വീഡിയോയിലുണ്ട്.
മമ്മൂട്ടിയുടെ ചുംബനം സ്വീകരിച്ചശേഷം 'ഞാന്‍ കൊടുക്കണോ' എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. വേണമെന്ന് മിഥുന്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ തിരികെ മമ്മൂട്ടിയെ ചുംബിക്കുകയും ചെയ്തു. ശേഷം 'ഇനി വേറെ ആര്‍ക്ക് കൊടുക്കണം' എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നതും വേദിയിലും സദസിലുമുള്ളവര്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.
കാതല്‍ സിനിമപോലെ ആണുങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു എന്നുള്ള കൗണ്ടറാണ് മമ്മൂട്ടിയിതിന് നല്‍കിയത്. അതോടെ സദസ്സില്‍ പൊട്ടിച്ചിരികളും കൈയടികളും മുഴങ്ങിക്കേട്ടു.
നമ്പര്‍ 20 മദ്രാസ് മെയിലില്‍ മോഹന്‍ലാല്‍ മമ്മൂട്ടിയെ ടോണി കുരിശിങ്കല്‍ എന്ന കഥാപാത്രമായി ചുംബിക്കുന്ന ഒരു രംഗമുണ്ട്. ഇന്നും സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായി പ്രചരിക്കുന്ന ഒരു വീഡിയോയാണത്.