മോഹൻലാൽ ആരാധകർക്കും പ്രഥ്വിരാജ് ആരാധകർക്കും ഏറെ ആകാംക്ഷ നല്കുന്ന ചിത്രമാണ് ലൂസിഫർ. കഴിഞ്ഞ ദിവസം ചിത്രത്തിലെ മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തിയതോടെ ആരാധകർ പ്രതീക്ഷയിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രവും പുറത്തെത്തിയതോടെ സോഷ്യൽമീഡിയ വൻ ആഘോഷമാക്കുകയാണ്.
മുരളീ ഗോപി തിരക്കഥ രചിച്ച ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഇതിന് അടിവരയിട്ടുകൊണ്ട് വെള്ളയും വെള്ളയും ഡ്രെസിട്ട് മാസ് ലുക്കിലെത്തുന്ന മോഹൻലാൽ കോരിച്ചൊരിയുന്ന മഴയിൽ കറുത്ത അംബാസിഡർ കാറിലേക്ക് കയറാൻ ഒരുങ്ങുന്ന രംഗമാണ് പുറത്ത് വന്നത്.
കട്ട താടിയിൽ വെള്ള ഷർട്ടും മുണ്ടുമാണ് മോഹൻലാൽ ധരിച്ചിരിക്കുന്നത്. മോഹൻലാലിന്റെ അംബാസഡർ കാറിന്റെ നമ്പർ പ്ലേറ്റ് ചെകുത്താന്റെ നമ്പർ എന്ന് വിശേഷിപ്പിക്കുന്ന666 ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് അതിവേഗത്തിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.ജില്ലയിലെ ആദ്യ ഭാഗത്തെ മോഹൻലാലിനെ ഓർമിപ്പിക്കുന്ന വേഷപകർച്ചയാണ് മോഹൻലാൽ ലൂസിഫറിൽ സ്വീകരിച്ചിരിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വന്നു കഴിഞ്ഞു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻ ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ യുവ നായകൻ ടോവിനോ തോമസ് പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലൻ സിനിമക്ക് ശേഷം മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുമെന്നും റിപ്പോർട്ടുണ്ട്. ഇന്ദ്രജിത്തും ചിത്രത്തിൽ മുഴുനീള കഥാപാത്രം അവതരിപ്പിക്കും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ്
മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണംസുജിത്ത്വാസുദേവാണ്. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് മോഹൻലാൽ നായകനായി താൻ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകൾ കാരണം നീണ്ട് പോകുകയായിരുന്നു.