ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ മുന്നേറ്റവുമായി മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എങ്ങും ലഭിക്കുന്നത്. സിനിമയുടെ തിരക്കഥയ്ക്കും മോഹന്‍ലാലിന്റെ പ്രകടനത്തിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ വിജയത്തിനോടനുബന്ധിച്ച് സിനിമയിലെ താരങ്ങള്‍ ഇന്നലെ പ്രേക്ഷകരെ കാണാനായി തിയേറ്ററില്‍ എത്തിയിരുന്നു. ഇപ്പോഴിതാ തിയേറ്ററിനുള്ളില്‍ വെച്ച് മോഹന്‍ലാല്‍ വീഡിയോ കോളില്‍ എത്തിയതിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
ഹൃദയപൂര്‍വ്വത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സംഗീത് പ്രതാപും മാളവിക മോഹനനും കൊച്ചിയിലെ വനിത വിനീത തിയേറ്ററില്‍ എത്തിയിരുന്നു. തിയേറ്ററിനുള്ളില്‍ വെച്ച് ഇവര്‍ പ്രേക്ഷകരോട് സംസാരിക്കവെയാണ് മോഹന്‍ലാല്‍ വീഡിയോ കോളില്‍ എത്തിയത്. വലിയ കയ്യടികളോടെയാണ് വീഡിയോ കോളിനെ പ്രേക്ഷകര്‍ വരവേറ്റത്. കഴിഞ്ഞ ദിവസം സിനിമയുടെ വിജയത്തില്‍ പ്രേക്ഷകരോട് മോഹന്‍ലാല്‍ നന്ദി പറഞ്ഞിരുന്നു.
'ഹൃദയപൂര്‍വ്വം എന്ന ഈ സിനിമയെ ഹൃദയം കൊണ്ട് സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി' എന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് ലഭിക്കുന്ന നല്ല അഭിപ്രായങ്ങളും സ്‌നേഹവും തന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ അമേരിക്കയില്‍ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ലാലേട്ടന്‍, അവിടുന്ന് തന്നെയാണ് ഈ വീഡിയോ സന്ദേശം പങ്കുവെച്ചത്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസകളും നേര്‍ന്നു. ഈ ഓണത്തിന് പ്രേക്ഷകര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണ് 'ഹൃദയപൂര്‍വ്വം' എന്ന സിനിമയെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. കുടുംബപ്രേക്ഷകര്‍ക്ക് ഒരുമിച്ച് തിയേറ്ററില്‍ പോയി ആസ്വദിക്കാന്‍ പറ്റിയ ഒരു സിനിമയാണ് ഇതെന്നും അഭിപ്രായങ്ങളുണ്ട്.