ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍.രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് നിര്‍മ്മാണം. മോഹന്‍ലാലിന്റെ 360-ാമത്തെ ചിത്രമായാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുന്നത്.
ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം റമ്പാന്റെ ഒരുമാസത്തെ ആദ്യ ഷെഡ്യൂള്‍ ജൂണില്‍ ആരംഭിക്കാനാണ് തീരുമാനം. ഇതിനുശേഷം തരുണ്‍ മൂര്‍ത്തിയുടെ ചിത്രത്തില്‍ അഭിനയിക്കാനാണ് മോഹന്‍ലാല്‍ ഒരുങ്ങുന്നത്. ചെമ്പന്‍ വിനോദ് രചന നിര്‍വഹിക്കുന്ന റമ്പാന്റെ ആദ്യ ഷെഡ്യൂള്‍ യുഎസിലാണ്. പൂര്‍ണമായും വിദേശ രാജ്യങ്ങളിലാണ് റമ്പാന്റെ ചിത്രീകരണം. മോഹന്‍ലാലും യുവസംവിധായകരില്‍ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിയും ആദ്യമായി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
മികച്ച വിജയം നേടിയ ചിത്രങ്ങളാണ് ഓപ്പറേഷന്‍ ജാവയും സൗദി വെള്ളക്കയും. മൂന്നു സംസ്ഥാന പുരസ്‌കാരങ്ങള്‍ സൗദി വെള്ളക്ക നേടുകയും ചെയ്തു. ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാനില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ നാലാം ഷെഡ്യൂള്‍ ഏപ്രില്‍ ആദ്യം ചെന്നൈയില്‍ ആരംഭിക്കും. തുടര്‍ന്ന് തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രീകരണമുണ്ട്. എമ്പുരാന് 45 ദിവസത്തെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് . സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്.