തനിക്കെതിരെ രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കറി പൗഡര്‍ ഉടമ കേസ് നല്‍കിയെന്ന വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് നടി മിയ ജോര്‍ജ്. 'കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് നടി മിയക്കെതിരെ 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമ കേസ് ഫയല്‍ ചെയ്തു' എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് മിയ പ്രതികരിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മിയയുടെ പ്രതികരണം. വാര്‍ത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ബ്രാന്‍ഡിന്റെ ഉടമ അത് പ്രമോട്ട് ചെയ്യുന്ന ബ്രാന്‍ഡ് അംബാസഡര്‍ക്കെതിരെ പരാതി നല്‍കുന്നതെന്ന് മനസിലാകുന്നില്ല എന്നാണ് മിയ പറയുന്നത്.
'എനിക്കെതിരെ എന്തോ നിയമനടപടി നടക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു പക്ഷേ ഇതിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല കാരണം ഇത്തരത്തില്‍ ഒരു നിയമ നടപടിയുണ്ടെന്ന് എന്നെ ആരും അറിയിച്ചിട്ടില്ല. ആദ്യം തന്നെ പറയട്ടെ, ഈ വാര്‍ത്തയില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്.''
''എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്? എനിക്ക് നിയമപരായി യാതൊരു അറിയിപ്പും നേരിട്ടോ അല്ലാതേയും ലഭിച്ചിട്ടില്ല, സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു വാര്‍ത്ത ഞാന്‍ കണ്ടത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് പടച്ചുവിടുന്നതെന്ന് എനിക്കറിയില്ല'' എന്നാണ് മിയ കുറിച്ചിരിക്കുന്നത്