നടി മീര വാസുദേവ് വിവാഹിതയായി. സിനിമാ - ടെലിവിഷന്‍ ക്യാമറാമാന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. കോയമ്പത്തൂര്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്കില്‍ ആണ് മീര ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ സീരിയലിലെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ പുതിയങ്കമാണ്. ഈ ബന്ധമാണ് സൗഹൃദത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയത് എന്ന് മീര പറഞ്ഞു.ചിത്രങ്ങള്‍ മീര തന്നെയാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
മീരയുടെ കുറിപ്പ് ഇങ്ങനെ: ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരാണ്.ഞാനും, വിപിനും 21/04/2024-ന് കോയമ്പത്തൂരില്‍ വച്ച് വിവാഹിതരായി, ഞങ്ങള്‍ ഇന്ന് ദമ്പതികളായി ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്തു. ഞാന്‍ വിപിനെ ശരിയായി പരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ് (രാജ്യാന്തര അവാര്‍ഡ് ജേതാവ്). ഞാനും വിപിനും 2019 മേയ് മുതല്‍ ഒരേ പ്രോജക്റ്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ പരിചയത്തിലാണ്. ഒടുവില്‍ ആ പരിചയം വിവാഹത്തിലെത്തി. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും 2-3 അടുത്ത സുഹൃത്തുക്കളും മാത്രമേ ഞങ്ങള്‍ പങ്കെടുത്തിരുന്നുള്ളൂ. എന്റെ പ്രഫഷനല്‍ യാത്രയില്‍ എനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ അനുഗ്രഹീതമായ ഔദ്യോഗിക വാര്‍ത്ത പങ്കുവയ്ക്കുന്നു. എന്റെ ഭര്‍ത്താവ് വിപിനോടും നിങ്ങള്‍ അതേ സ്‌നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.''-മീര വാസുദേവിന്റെ വാക്കുകള്‍.
42കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. അരീഹ എന്നു പേരുള്ള മകനുണ്ട്. വിശാല്‍ അര്‍വാള്‍ ആണ് മീരയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധം അവസാനിപ്പിച്ച ശേഷമാണ് 2012 ല്‍ മീര നടന്‍ ജോണ്‍ കൊക്കനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു.
സീരിയിലെന്നത് പോലെ തന്നെ സിനിമയിലും സജീവമാണ് മീര. കിര്‍ക്കന്‍ ആണ് മീരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗെറ്റ് സെറ്റ് ബേബി, കൃതി, ബീരെ, ഐസിയു തുടങ്ങിയ സിനിമകള്‍ മീരയുടേതായി അണിയറയിലുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും മീര സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ നായികയായി തന്മാത്രയിലൂടെ ശ്രദ്ധേയായ നടി നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ടെലിവിഷനിലൂടെയുള്ള തിരിച്ചുവരവിലാണ് മീര താരമായി മാറുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് പരമ്പരയിലെ സുമിത്രയായാണ് സുമിത്ര ഒരിടവേളയ്ക്ക് ശേഷം തിരികെ വരുന്നത്.
നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. മീരയ്‌ക്കൊപ്പം അഭിനയിക്കുന്നവരും താരങ്ങളും ആശംസകളുമായി എത്തിയിട്ടുണ്ട്.