കേരളത്തില്‍ ഏറെ ആരാധകരുള്ള വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവന്നു. സൂപ്പര്‍ താരം ജയറാമിനൊപ്പമാണ് സേതുപതി മലയാള ചലച്ചിത്ര ലോകത്തിന്റെ ഭാഗമാകുന്നത്. മാര്‍ക്കോണി മത്തായി എന്ന് പേരിട്ട ചിത്രം സനില്‍ കളത്തിലാണ് അണിയിച്ചൊരുക്കുന്നത്.
സിനിമയുടെ പേര് വിവരങ്ങള്‍ ജയറാം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സത്യം മൂവീസിന്റെ ബാനറില്‍ പ്രേംചന്ദ്രന്‍ എം.ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ രണ്ട് പേര്‍ക്കും നായക പ്രാധാന്യമുള്ള വേഷമാണ്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ജയറാമിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
സത്യം ഓഡിയോസ് സത്യം മൂവീസ് എന്ന ബാനറിലൂടെ നിര്‍മ്മാണ രംഗത്ത് ചുവടുവയ്ക്കുകയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. ഷൂട്ടിംഗ് ജനുവരി രണ്ടാം വാരം ചങ്ങനാശ്ശേരിയില്‍ തുടങ്ങും. വിക്രംവേദയുടെ വിജയത്തോടെയാണ് വിജയ് സേതുപതിക്ക് കേരളത്തില്‍ ആരാധകര്‍ വര്‍ധിച്ചത്. അതിനു മുമ്പ് നാനും റൗഡി താന്‍ എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് സേതുപതിയുടെ പുതിയ ചിത്രം 96 50 ദിവസം പിന്നിട്ടിരുന്നു. ചിരഞ്ജീവിക്കൊപ്പം സെയ്റാ നരസിംഹ റെഡ്ഡിയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.