Latest News

ദക്ഷിണേന്ത്യ കണ്ട മികച്ച നടിയാണ് അവളുടെ അമ്മ';അമ്മയോട് പറയണം.. ആ അനുഗ്രഹം വാങ്ങണം'; കുഞ്ഞാറ്റയുടെ ആദ്യ സിനിമയുടെ പ്രസ് മീറ്റിനിടെ വികാരാധീനനായി മനോജ് കെ ജയന്‍; അരികിലിരുന്ന് തോളില്‍ തട്ടിയും ഉമ്മ നല്കിയും മകള്‍; കുഞ്ഞാറ്റ സിനിമയിലേക്ക്

Malayalilife
 ദക്ഷിണേന്ത്യ കണ്ട മികച്ച നടിയാണ് അവളുടെ അമ്മ';അമ്മയോട് പറയണം.. ആ അനുഗ്രഹം വാങ്ങണം'; കുഞ്ഞാറ്റയുടെ ആദ്യ സിനിമയുടെ പ്രസ് മീറ്റിനിടെ വികാരാധീനനായി മനോജ് കെ ജയന്‍; അരികിലിരുന്ന് തോളില്‍ തട്ടിയും ഉമ്മ നല്കിയും മകള്‍; കുഞ്ഞാറ്റ സിനിമയിലേക്ക്

വേര്‍പിരിഞ്ഞെങ്കിലും പരസ്പരമുള്ള ബഹുമാനം കൈവിടാതെയാണ് മനോജ് കെ ജയനും ഉര്‍വ്വശിയും മുന്നോട്ടു പോകുന്നത്. ദാമ്പത്യജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തെറ്റുകളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഇരുവരും ഇപ്പോള്‍ മകളുടെ കാര്യത്തില്‍ ഒന്നിച്ചാണ് എപ്പോഴും നില്‍ക്കുന്നത്. അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയല്‍ കുഞ്ഞാറ്റയുടെ കുഞ്ഞുമനസില്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഒരുപാടാണെന്ന് ഇരുവരും തിരിച്ചറിഞ്ഞ ശേഷം ഒരിക്കല്‍ പോലും പിന്നീട് മകളെ വേദനിപ്പിക്കുന്ന യാതൊന്നും ഇരുവരുടേയും ഭാഗത്തു നിന്നുണ്ടായിട്ടില്ല. വേര്‍പിരിയലിനു ശേഷം മകള്‍ക്കു വേണ്ടിയായിരുന്നു മനോജ് കെ ജയന്‍ ജീവിച്ചത്. അവളെ സ്‌കൂളിലാക്കിയപ്പോള്‍ അവളുടെ സൗകര്യത്തിനു വേണ്ടി സ്‌കൂളിനടുത്ത് തന്നെ വീട് വാങ്ങി അവിടേക്ക് താമസം മാറ്റിയ മനുഷ്യന്‍ കൂടിയാണ് അദ്ദേഹം.

ഇപ്പോഴിതാ, മകളുടെ ആഗ്രഹപ്രകാരം തന്നെ അവള്‍ സിനിമാ പ്രവേശനത്തിന് ഒരുങ്ങവേ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയ മനോജ് കെ ജയന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം മകള്‍ പറഞ്ഞപ്പോള്‍ ആദ്യം ഇക്കാര്യം അമ്മയെ അറിയിക്കണം എന്നു പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞതും ഒരുവേള വാക്കുകള്‍ ഇടറിയതും. മകളുടെ ഒരിഷ്ടത്തിനും എതിരുനില്‍ക്കാത്ത അച്ഛനാണ് മനോജ് കെ ജയന്‍. അവളെ പഠിപ്പിച്ച് വിവാഹപ്രായമെത്തുമ്പോള്‍ നല്ലൊരു ചെറുക്കനെ കണ്ടെത്തി വിവാഹം കഴിപ്പിക്കണം എന്നതായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജില്‍ പഠിക്കണമെന്ന ആഗ്രഹമാണ് കുഞ്ഞാറ്റ അച്ഛനെ അറിയിച്ചത്. ബാംഗ്ലൂരൊക്കെ വേണോ എന്ന അച്ഛന്റെ ചോദ്യത്തിന് അതാണിഷ്ടം എന്നു കുഞ്ഞാറ്റ പറഞ്ഞപ്പോള്‍ സമ്മതം മൂളുകയായിരുന്നു മനോജ് കെ ജയനും. പഠനം കഴിഞ്ഞ് അവിടെ ജോലി ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ ജോലി ചെയ്തു.

അങ്ങനെ അടുത്ത ഘട്ടമായ വിവാഹത്തിന്റെ കാര്യം മകള്‍ പറയുമെന്ന് നിനച്ചിരിക്കെയാണ് എനിക്ക് സിനിമ ഇഷ്ടമാണ്.. എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം കുഞ്ഞാറ്റ മനോജ് കെ ജയന്റെ ഭാര്യയായ ആശയോട് പങ്കുവെക്കുന്നത്. അച്ഛനോട് നേരിട്ടു പറയാനായിരുന്നു ആശ പറഞ്ഞത്. അങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ അച്ഛനോട് നേരിട്ട് പറയുന്നത്. പൂര്‍ണ സമ്മതമായിരുന്നു മനോജിന്. ആരോടെങ്കിലും ചാന്‍സ് വിളിച്ചു ചോദിക്കുക എന്നത് സാധ്യമല്ലാത്തതിനാല്‍ ഒരു ഇന്റര്‍വ്യൂ കൊടുക്കാമെന്നായിരുന്നു മനോജിന്റെ നിര്‍ദ്ദേശം. അതോടൊപ്പം തന്നെ, ഇക്കാര്യം അമ്മയെ അറിയിക്കണം, അതിനു വേണ്ടി ചെന്നൈയില്‍ പോയാലും കുഴപ്പമില്ല, ഉര്‍വ്വശിയോട് പോയി പറഞ്ഞ് അവരുടെ അനുഗ്രഹം വേണം ആദ്യം വാങ്ങാന്‍..കാരണം, മോളുടെ അമ്മ തെന്നിന്ത്യ കണ്ട ഏറ്റവും വേഴ്സറ്റാലിറ്റിയുള്ള നടിയാണ് എന്നായിരുന്നു മനോജ് കെ ജയന്‍ പറഞ്ഞത്. പിന്നാലെ പഴയ ഓര്‍മ്മകളിലേക്ക് പോയ അദ്ദേഹത്തിന്റെ കണ്ണുകള്‍ പെട്ടെന്ന് നിറയുകയും ഒരു നിമിഷം പറയാന്‍ വാക്കുകള്‍ കിട്ടാതെ തലകുനിയ്ക്കുകയുമായിരുന്നു അദ്ദേഹം.

തുടര്‍ന്ന് മൈക്കെടുത്ത് അങ്ങനെയൊരാളുടെ മകളാണ്. അപ്പോ ചെന്നെയില്‍ പോയി അനുഗ്രഹം വാങ്ങണമെന്ന് പറഞ്ഞു.. വിട്ടു.. ഞാനെപ്പോഴും ഇമോഷ്ണലാണ്.. എപ്പോഴും അങ്ങനെയാണ്.. മോളുടെ കാര്യങ്ങള്‍ വരുമ്പോഴൊക്കെ ഞാന്‍ അങ്ങനെയാവും എന്ന് വിറയാര്‍ന്ന ശബ്ദത്തോടെയാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ അച്ഛന്റെ തോളില്‍ തട്ടി ചേര്‍ത്തുപിടിച്ചും കോര്‍ത്തുപിടിച്ച കയ്യില്‍ ഉമ്മ വച്ചും അച്ഛന്റെ സ്നേഹത്തിന് മറുപടി നല്‍കുകയായിരുന്നു കുഞ്ഞാറ്റ ചെയ്തത്. ഇക്കാര്യം പറഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെയാണ് അവളുടെ അമ്മ സമ്മതിച്ചതും. അങ്ങനെ ആ ഇന്റര്‍വ്യൂ ചെയ്തു. പിന്നാലെ കുറച്ചുപേര്‍ വിളിക്കുകയും ചെയ്തു. മകളുടെ പുതിയ ചിത്രത്തിന്റെ കഥ പറയാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ ആദ്യം ഉര്‍വ്വശിയെ കഥ കേള്‍പ്പിക്കണം എന്നായിരുന്നു മനോജിന്റെ മറുപടി. സ്ത്രീ കേന്ദ്രീകൃതമായ ഒരു സിനിമയാണിത്. അപ്പോള്‍ അവരുടെ അത്രയും ശ്രദ്ധിച്ചും സൂക്ഷിച്ചും സിനിമ സെലക്ട് ചെയ്യാന്‍ നമുക്ക് അറിയില്ലല്ലോ.. എന്നായിരുന്നു മനോജ് പറഞ്ഞത്. അങ്ങനെ ഉര്‍വ്വശി കഥ കേട്ടത്. പിന്നീട് മനോജും. രണ്ടു പേര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ സിനിമ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. മാത്രമല്ല, മനോജിന്റെ അച്ഛന്റെ ആഗ്രഹം കൂടിയാണ് ഇപ്പോള്‍ പൂവണിയാന്‍ പോകുന്നത്.

 

manoj k jayans emotional speech

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES