Latest News

ദുബായ്ക്ക് പിന്നാലെ ഖത്തറിലും ആരാധകര്‍ക്ക് ആവേശമായി ടര്‍ബോ ജോസും സംഘവും;  റോള്‍സ് റോയ്‌സില്‍ മാസ് എന്‍ട്രിയില്‍ പ്രമോഷനെത്തിയ നടന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍  വൈറല്‍; ചിത്രം 23ന് തിയേറ്ററുകളില്‍

Malayalilife
ദുബായ്ക്ക് പിന്നാലെ ഖത്തറിലും ആരാധകര്‍ക്ക് ആവേശമായി ടര്‍ബോ ജോസും സംഘവും;  റോള്‍സ് റോയ്‌സില്‍ മാസ് എന്‍ട്രിയില്‍ പ്രമോഷനെത്തിയ നടന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍  വൈറല്‍; ചിത്രം 23ന് തിയേറ്ററുകളില്‍

 

മമ്മൂട്ടി ചിത്രം 'ടര്‍ബോ' അടുത്ത വ്യാഴാഴ്ചയാണ് തീയേറ്ററുകളിലെത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം വൈശാഖ് കൂട്ടുകെട്ടിലിറങ്ങുന്ന മൂന്നാമത്തെ സിനിമയെന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്.

സിനിമയുടെ റിലീസിന് മുന്നോടിയായി പ്രമോഷന്‍ പരിപാടികളിലാണ് ടര്‍ബോ ജോസും സംഘവും ദുബായിലും ഖത്തറിലുമായി പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത താരത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയെും ഇളക്കി മറിക്കുകയാണ്. മമ്മൂട്ടിക്കും സംഘത്തിനും ദോഹയില്‍ വന്‍ വരവേല്‍പ്. വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ സിദ്ര മാളില്‍ നടന്ന പരിപാടിയ്ക്ക് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്.

ഖത്തറിലെ മലയാളി ദമ്പതികളുടെ എസ്.എം.എ ടൈപ് വണ്‍ രോഗം ബാധിച്ച പിഞ്ചുകുഞ്ഞ് മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണം വിജയമാക്കാന്‍ ഖത്തര്‍ മലയാളികള്‍ പരമാവധി ശ്രമിക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. ടര്‍ബോ ടീമിന്റെ സംഭാവനയുടെ ചെക്ക് മമ്മൂട്ടി ഖത്തര്‍ ചാരിറ്റിക്ക് പ്രതിനിധിക്ക് കൈമാറി. മമ്മൂട്ടിക്ക് പുറമേ സമദ് ട്രൂത്ത്, തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയവരും പങ്കെടുത്തു

ദുബായ് നടന്ന പ്രസ് മീറ്റില്‍ മമ്മൂട്ടി പങ്ക് വച്ചതിങ്ങനെയാണ്.'ഇത് മാസ് സിനിമയാണെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് ബോദ്ധ്യമായിട്ടില്ല. വളരെ സ്വാഭാവികമായി സംഭവിക്കാവുന്ന സിനിമയാണ്. പക്ഷേ മാസ് രംഗങ്ങളൊക്കെ ഉണ്ട്. മാസിനും ക്ലാസിനും ഇത് രണ്ടും അല്ലാത്ത ആളുകള്‍ക്കും, സാധാരണക്കാര്‍ക്കും പാമരനും പണ്ഡിതനുമൊക്കെ കാണാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ക്കൊക്കെ ഇഷ്ടപ്പെടുമെന്ന് പ്രവചിക്കാന്‍ പറ്റില്ല. ആളുകള്‍ പ്രതീക്ഷയോടെയാണ് ഇരിക്കുന്നത്. അതിന്റെയൊരു സന്തോഷവും പേടിയുമൊക്കെയുണ്ട്. എന്തേലുമാകട്ടെ, പടം ഇറങ്ങാന്‍ പോകുവല്ലേ. സാധനം കൈയില്‍ നിന്ന് പോയി. അമ്പ് വില്ലില്‍ നിന്ന് പുറപ്പെട്ടുകഴിഞ്ഞു,'-അദ്ദേഹം പറഞ്ഞു.

സിനിമ, ഡ്രൈവിംഗ്, കുളിംഗ് ഗ്ലാസ് ഇതില്‍ ഏറ്റവും വലിയ സന്തോഷമെന്താണെന്ന ചോദ്യത്തോടും മമ്മൂട്ടി പ്രതികരിച്ചു. 'സിനിമ. കൂളിംഗ് ഗ്ലാസും കാറുമൊക്കെ ഈ സിനിമ കൊണ്ടുതന്നതല്ലേ,'- മമ്മൂട്ടി വ്യക്തമാക്കി.

തുടര്‍ച്ചയായുള്ള വിജയങ്ങള്‍ പുതിയ സിനിമയെ സമീപിക്കുമ്പോള്‍ ബാധിക്കാറുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. 'വിജയം നമ്മള്‍ തലയില്‍ കയറ്റാതിരുന്നാല്‍ മതി.നോര്‍മലായിരുന്നാല്‍ ഈ ടെന്‍ഷനൊന്നുമില്ല. ഞാന്‍ ആദ്യം അഭിനയിക്കാന്‍ പോകുന്ന സിനിമയാണ് എന്ന ഫീലിംഗോടെയാണ് പോകുന്നത്. പരാജയവും വിജയവും ഒക്കെ ജീവിതത്തിലും സിനിമയിലുമൊക്കെ ഉണ്ടാകും. പത്ത് നാല്‍പ്പത്തിരണ്ട് കൊല്ലം സിനിമയില്‍ അഭിനയിച്ചു. അതില്‍ എല്ലാം വിജയവുമല്ല, എല്ലാം പരാജയവുമല്ല. മുന്നോട്ടുപോയല്ലേ പറ്റൂ. സിനിമയെടുക്കുകയോ അഭിനയിക്കുകയോ ചെയ്യണം. ഓടുമോ ഇല്ലയോ എന്നാലോചിച്ച് വീട്ടിലിരിക്കാനാകില്ലല്ലോ. ജീവിതം അങ്ങനെയാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. മുന്നോട്ടുള്ള യാത്രയില്‍ ഒരുപാട് പ്രതിസന്ധികളും വിജയങ്ങളുമൊക്കെ ഉണ്ടാകാം. അത് നിങ്ങളില്‍ സന്തോഷവും ആവേശവും സങ്കടവുമൊക്കെ ഉണ്ടാക്കിയാലും ജീവിതം മുന്നോട്ടുതന്നെ പോകുകയാണ്,- മമ്മൂട്ടി പ്രതികരിച്ചു.

സിനിമയുടെ തിരഞ്ഞെടുപ്പിന് സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറുണ്ടോയെന്ന ചോദ്യത്തിനും മമ്മൂട്ടി മറുപടി നല്‍കി. 'കഥയ്ക്ക് തന്നെയാണ് പ്രാധാന്യം. പിന്നെ പരിചയമുള്ളയാളാകുമ്പോള്‍ നമുക്ക് ധൈര്യമായി വിശ്വസിക്കാം. അത്രയേയുള്ളൂ. അല്ലാതെ പരിചയത്തിലുള്ളയാള്‍ കഥയും കൊണ്ടുവന്നാല്‍, മോശമാണെങ്കില്‍ എടുക്കാന്‍ പറ്റുമോ. ഇല്ല. ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല. അങ്ങനത്തെ ഒന്നുമില്ല. സിനിമയില്‍ വന്നശേഷം ബന്ധപ്പെട്ടവരാണ് കൂടുതലും,'- മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ലയാള സിനിമയാണോ പ്രേക്ഷകരാണോ മാറുന്നതെന്ന ചോദ്യത്തിന്, പ്രേക്ഷകര്‍ മാറിയാലേ സിനിമ മാറുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. 'പ്രേക്ഷകരാണ് സിനിമ മാറ്റുന്നത്. കൊള്ളാത്തത് കാണാതിരിക്കുകയും നല്ലത് കാണുകയും ചെയ്യുമ്പോള്‍ സിനിമ നന്നാകും. നല്ല പ്രേക്ഷകരുള്ളിടത്തേ നല്ല സിനിമയുണ്ടാകൂ. അതില്‍ തര്‍ക്കമൊന്നുമില്ല. മറ്റ് ഭാഷകളില്‍ കണ്ടില്ലേ, അവര്‍ക്ക് പ്രേക്ഷകരെ അറിയാത്തതുകൊണ്ടാണ് സിനിമ പരാജയപ്പെട്ടുപോകുന്നത്. പ്രേക്ഷകരാണ് സിനിമ പൂര്‍ണമായും നിയന്ത്രിക്കുന്നത്,'_ മമ്മൂട്ടി പറഞ്ഞു.

 

mammotty turbo in qatar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES