മമ്മൂക്ക അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കില്‍ അതങ്ങനെ തന്നെ പെരുമാറണം എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്; ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടന്‍ സിദ്ദിഖ്

Malayalilife
 മമ്മൂക്ക അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കില്‍ അതങ്ങനെ തന്നെ പെരുമാറണം എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്; ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടന്‍ സിദ്ദിഖ്

സിനിമയില്‍ ഒന്നിച്ച അഭിനയിക്കുമ്പോള്‍ മാത്രമല്ല അതിനപ്പുറവും സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരാണ് താരങ്ങള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയും സിദ്ധിഖും തമ്മിലുള്ള സൗഹൃദത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. മമ്മൂക്കയുമായുള്ള എല്ലാ കാര്യങ്ങളും സ്‌നേഹവും സൗഹൃദവും  പലപ്പോഴും സോഷ്യല്‍മീഡിയ വഴിയും അഭിമുഖങ്ങളിലൂടെയും സിദ്ദിഖ് വ്യക്തമാക്കിയിട്ടുള്ളതാണ്. 

'എന്റെ ജീവിതത്തില്‍ ഏതൊരു പുതിയ കാര്യം വരുമ്പോഴും ഞാനത് മമ്മുക്കയെ അറിയിക്കാറുണ്ട്. ആദ്യമായി കാര്‍ വാങ്ങിയപ്പോള്‍, അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ ഒക്കെ പറയുമായിരുന്നു. പക്ഷേ, പുതിയ ഒരു ഫ്‌ളാറ്റ് വാങ്ങിയപ്പോള്‍ അതിന്റെ ഗൃഹപ്രവേശനചടങ്ങ് മമ്മൂക്കയോട് പറയാന്‍ ഞാനെങ്ങനെയോ വിട്ടുപോയി. അന്ന് വൈകുന്നേരമായിരുന്നു ചടങ്ങ്. ഉച്ചയായപ്പോഴുണ്ട്, മമ്മൂക്ക അതാ കയറി വരുന്നു. ഇതാണ് മമ്മുക്ക.

മമ്മൂക്കയുടെ ദീര്‍ഘവീക്ഷണത്തിന് എന്റെ ഒരനുഭവം ഉദാഹരണമായി പറയാം. എന്റെ മകള്‍ക്ക് ഇപ്പോള്‍ 12 വയസ്സേ ആയിട്ടുള്ളു. എട്ടുവര്‍ഷം കൂടിയാകുമ്പോള്‍ കല്ല്യാണം കഴിപ്പിച്ചുവിടുന്ന കാര്യം ആലോചിക്കണം. ഞാന്‍ പക്ഷേ, അതൊന്നും ആലോചിച്ചിട്ടുകൂടിയില്ല. എന്നാല്‍, മമ്മുക്ക രണ്ട് കൊല്ലം മുന്‍പേ എന്നോട് ചോദിച്ചിരിക്കുന്നു, നീ മോള്‍ക്കുവേണ്ടി വല്ലതും കരുതി വച്ചിട്ടുണ്ടോയെന്ന്. അത്തരം ചില ചിന്തകള്‍ നമുക്കൊക്കെ ഇട്ടുതരുന്ന ഒരാളാണ് മമ്മുക്ക.

എറണാകുളത്ത് ഞാന്‍ പുതിയ ഒരു ഹോട്ടല്‍ തുടങ്ങുന്ന സമയം. അതിന്റെ കുറെ പണികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫോണില്‍ പറയുന്നതുകേട്ടിട്ട് മമ്മുക്ക ചോദിച്ചു, ഹോട്ടലിന്റെ പണികള്‍ എവിടെവരെയായെന്ന്. ഞാന്‍ മമ്മുക്കയോട് പറഞ്ഞതിങ്ങനെയാണ്. എന്റെ മമ്മുക്കാ..., അത് എടുത്താല്‍ പൊങ്ങാത്ത ഒരു ചുമടായിപ്പോയി. അതുകേട്ടിട്ട് മമ്മുക്ക പറഞ്ഞതിങ്ങനെയാണ്. 'മോനെ..., എടുത്താല്‍ പൊങ്ങാത്ത ചുമട് എടുത്തവനെ രക്ഷപെട്ടിട്ടുള്ളു. നിന്നെക്കൊണ്ട് എടുത്താല്‍ പൊങ്ങുന്ന ചുമടാണെങ്കില്‍ നീ ആ ചുമടുമായി അങ്ങ് നടന്നുപോകും. ഇപ്പോഴാണ് നിനക്കത് എടുത്താല്‍ പൊങ്ങാത്ത ചുമടായത്. കുറച്ചുനേരം കൊണ്ട് പൊക്കി പൊക്കിയെടുത്താല്‍ നിനക്കത് ചുമക്കാന്‍ പറ്റും. അങ്ങനെ വേണം ഒരു കാര്യം ഏറ്റെടുക്കാന്‍. അത് സാധിച്ചുകഴിയുമ്പോള്‍ വലിയ ഒരു സന്തോഷവും തോന്നും.

ഇങ്ങനെയൊക്കെയുള്ള വാക്കുകള്‍ നല്‍കുന്ന ഒരു എനര്‍ജി ഭയങ്കരമാണ്. മമ്മുക്ക വളരെ ഓപ്പണാണ്. എന്തുകാര്യവും പറയാം, അഭിപ്രായങ്ങള്‍ ചോദിക്കാം, തര്‍ക്കിക്കാം, ബഹളം വയ്ക്കാം. ഞാനും മമ്മുക്കയും തമ്മില്‍ അതുമുണ്ടായിട്ടുണ്ട്. സ്‌നേഹവും സൗഹൃദവും ഒക്കെ വേറെ. മമ്മുക്ക എന്നെ എടായെന്നും നീയെന്നുമൊക്കെ വിളിക്കും. അങ്ങനെ വിളിച്ചാല്‍ അതില്‍ സ്‌നേഹമുണ്ട്. അതല്ലാതെ സിദ്ദിഖെന്നാണ് വിളിയെങ്കില്‍ ആ വിളിയില്‍ ദേഷ്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.

ഞാന്‍ പറയുന്നതോ അല്ലെങ്കില്‍ എന്റെ പ്രവൃത്തിയിലോ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെടാതെ വരുന്ന ഒരു കാര്യമുണ്ടെങ്കിലാണ് ഈ പേരുവിളി. സിദ്ദിഖെ.. നീ അങ്ങനെ പറയരുത്.. എന്നാണ് മമ്മൂക്ക പറയുന്നതെങ്കില്‍ അതിലിത്തിരി ദേഷ്യമുണ്ടെന്ന് കൂട്ടിക്കോളണം. പല കാര്യങ്ങള്‍ക്കും മമ്മുക്ക എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഒരു ജ്യേഷ്ഠന്‍ പറയുന്നതുപോലെതന്നെ ഞാനതെല്ലാം ഉള്‍ക്കൊണ്ടിട്ടുമുണ്ട്. കറക്ടായ കാര്യങ്ങള്‍ക്കാണ് മമ്മുക്ക എന്നെ വഴക്കുപറഞ്ഞതെന്നും ഉപദേശം നല്‍കിയതെന്നും ഒക്കെ അപ്പപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുമുണ്ട്.

പിന്നെ, വേറൊരു കാര്യമുണ്ട്. എന്റെ വീട്ടില്‍ ഒരാള്‍ വന്നാല്‍ ഞാനും അയാളും തമ്മില്‍ എങ്ങനെ പെരുമാറുന്നുവോ, അല്ലെങ്കില്‍ അടുപ്പം കാണിക്കുന്നുവോ അതിനനുസരിച്ചായിരിക്കും എന്റെ വീട്ടുകാരും അയാളോട് പെരുമാറുക, ഞാന്‍ അയാളെപ്പറ്റി വീട്ടില്‍ പറയുമ്‌ബോള്‍ അതിനനുസരിച്ചുള്ള ഒരു പെരുമാറ്റം വീട്ടുകാരില്‍നിന്നും ഉണ്ടാകുക സ്വാഭാവികമാണ്. മമ്മുക്കയുടെ ഭാര്യയും മകളും സഹോദരന്മാരും ഒക്കെ എന്നോട് പെരുമാറുന്ന രീതിയില്‍ നിന്നും നമുക്കത് മനസ്സിലാകുകയും ചെയ്യും. എനിക്ക് പരിചയമില്ലാത്ത മമ്മൂക്കയുടെ ബന്ധുക്കള്‍ ഇല്ലായെന്നുതന്നെ പറയാം.

മമ്മൂക്കയുടെ മനസ്സില്‍ എനിക്കുള്ള സ്ഥാനമെന്താണെന്ന് ഈ രീതിയില്‍ പലപ്പോഴും ഞാന്‍ മനസ്സിലാക്കിയിട്ടുമുണ്ട്.അതുപോലെതന്നെ ഒരു നടന്‍ എങ്ങനെ നടനായി മാറുന്നു, അതിനുവേണ്ടുന്ന വളര്‍ച്ചയ്ക്ക് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം, നമ്മുടെ ബോഡിലാംഗ്വേജ് എങ്ങനെ കീപ്പ് ചെയ്യണം, നമ്മുടെ ഓഡിയോ ലെവല്‍, ഇങ്ങനെയൊക്കെയുള്ള പല കാര്യങ്ങളും വളരെ സീരിയസായി ഞാന്‍ മമ്മൂക്കയില്‍നിന്നും പഠിച്ചിട്ടുണ്ട്.

ഇതുപോലെയുള്ള പല കാര്യങ്ങളും മമ്മൂക്കയെപ്പോലെ ഒരു നടന് മാത്രമേ പറഞ്ഞുതരാന്‍ കഴിയൂ. അല്ലാതെ ഒരു സംവിധായകനില്‍ നിന്നും നമുക്കിതൊന്നും പഠിക്കാന്‍ കഴിയില്ല. മമ്മൂക്കയ്ക്ക് ജാഡയാണ്, തലക്കനമാണ് എന്നൊക്കെ പറയുന്നവര്‍ പലരുമുണ്ട്. പക്ഷേ, ഞാന്‍ എന്റെയൊരു അഭിപ്രായം പറയാം. മമ്മൂക്ക അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കില്‍ അതങ്ങനെ തന്നെ പെരുമാറണം എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്. മമ്മുക്ക ജാഡ കാണിച്ചിട്ടുണ്ടെങ്കില്‍ അത് ജാഡ കാണിക്കേണ്ട സ്ഥലങ്ങള്‍ തന്നെയായിരുന്നു എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് അദ്ദേഹത്തിന്റെ പേഴ്‌സണാലിറ്റി തന്നെയാണ്. ചിലപ്പോള്‍ അതിത്തിരി കൂടിപ്പോയാല്‍ ഞാന്‍ മമ്മൂക്കയെ നിരുത്സാഹപ്പെടുത്താറുണ്ട്.''

Read more topics: # mammooty,# siddique,# facebook post
mammooty,siddique,facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക