മഴക്കെടുതിയില്‍ മല്ലികാ സുകുമാരന്‍ ബിരിയാണി ചെമ്പില്‍ കയറിയ സംഭവം ട്രോളര്‍മാര്‍ ഏറെ ആഘോഷിച്ച വിഷയമാണ്. ബിരിയാണിച്ചെമ്പിലിരുത്തി താരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വളരെ വേഗമാണ് വൈറലായത്. ലംബോര്‍ഗിനി യാത്രയെന്ന തരത്തില്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സത്യാവസ്ഥ പ്രേക്ഷകരോട് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മല്ലികാ സുകുമാരന്‍.
സുരക്ഷിതമായി അപ്പുറത്തേക്ക് നീങ്ങുന്നതിന് വേണ്ടിയായിരുന്നു ഈ സാഹസമെന്നാണ് താരത്തിന്റെ അഭിപ്രായം.അടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ കയറുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. പ്രചരിച്ച ചിത്രങ്ങളില്‍ കാണുന്ന ഭീകരാന്തരീക്ഷമൊന്നും അവിടെയില്ലായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ വെള്ളം കയറിയിരുന്നുവെന്ന കാര്യം ശരിയാണ്. വീട്ടിനകത്തൊരു വാട്ടര്‍ബോഡിയുണ്ട്. കൊച്ചുമക്കള്‍ ഓണത്തിനെത്തുന്നത് പ്രമാണിച്ച് ഈ ടാങ്ക് ക്ലീന്‍ ചെയ്തിരുന്നു. സ്വിമ്മിങ് പൂളാണെന്ന് പറഞ്ഞ് അവര്‍ മീനുകളോടൊപ്പം ചാടുന്ന പതിവ് കൂടി കണക്കിലെടുത്തായിരുന്നു ഇത് വൃത്തിയാക്കിയത്. റോഡും തൊട്ടടുത്ത കനാലുമൊക്കെ നിറഞ്ഞപ്പോള്‍ ആ വെള്ളം നേരെ ടാങ്കിലേക്ക് വീണ് നിറഞ്ഞതോടെ റൂമിലൊക്കെ വെള്ളം വന്ന് തുടങ്ങി. വീട്ടിനകത്തെ ചെളിയൊക്കെ മാറ്റി വൃത്തിയാക്കുകയും ചെയ്തു. ഇപ്പോള്‍ എല്ലാം പഴയത് പോലെയായിട്ടുണ്ട്. പേടിക്കാനും മാത്രമുള്ള കാര്യമൊന്നുമില്ലായിരുന്നു താരത്തിന്റെ അഭിപ്രായം.
സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയുമൊക്കെയായി നിരവധി പേരാണ് തന്റെ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചത്. മെസ്സേജ് ടൈപ്പ് ചെയ്ത് തന്റെ കൈ കഴച്ചുവെന്നും താരം പറയുന്നു. ഫോണില്‍ സംസാരിച്ചും മടുത്തു. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമൊക്കെയായി നിരവധി പേരാണ് തന്നെ വിളിച്ചത്. ഇനി ഒരക്ഷരമെഴുതാന് കൈ വയ്യെന്നും താരം കൂട്ടിച്ചേര്‍ത്തു. താന്‍ കാണിച്ച അബദ്ധമെന്താണെന്ന് വെച്ചാല്‍ അയല്പക്കത്തുള്ളവര് ചെയ്തതുപോലെ വീട്ടില്‍ നിന്നും കാറിനരികിലെത്താനായി ആ ചെമ്പിലിരുന്നു. എന്നാല്‍ ഇതിനിടയില്‍ ആരോ എടുത്ത ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
നേരത്തെ പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയപ്പോള്‍ അത് വീട്ടിലേക്ക് കൊണ്ടുവരാനാവാത്തതിന് പിന്നിലെ കാരണം തലസ്ഥാന നഗരിയിലെ റോഡിന്റെ അവസ്ഥയാണെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ഈ സംഭവം ചേര്‍ത്തുള്ള ട്രോളുകളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് താന്‍ വിശദമായി തുറന്നെഴുതുന്നുണ്ടെന്നും താരം പറയുന്നു.