താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറികള്‍ തുടരുന്നു. അമ്മ സംഘടയിലെ വിഷയത്തില്‍ ശ്വേതാ മേനോനൊപ്പമെന്ന് പ്രഖ്യാപിച്ചു മല്ലിക സുകുമാരന്‍ രാജിവെച്ചു. ശ്വേതയെ പുറത്താക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് മല്ലിക ഉയര്‍ത്തുന്ന ആരോപണം. ശ്വേതയുടെ രാജിയിലേക്ക്് നയിച്ച സംഭവത്തിന് ചുക്കാന്‍ പിടിച്ചത് മാല പാര്‍വതിയാണ് എന്നാണ് മല്ലികയുടെ ആരോപണം.
15 ദിവസം മുന്‍പേ ശ്വേതക്കെതിരെ നീക്കം തുടങ്ങിയിരിക്കുന്നു.അവിശ്വാസ പ്രമേയത്തിനായി ഒപ്പ് ശേഖരണം തുടങ്ങി, ഇക്കാര്യം അറിയിച്ചത് മാല പാര്‍വതി സിദ്ധിക്കും രണ്‍ജി പണിക്കരും ആവശ്യപ്പെട്ട പ്രകാരം വിളിച്ചെന്ന് മാല പാര്‍വതി പറഞ്ഞു. 'കണക്ക് അവതരിപ്പിക്കാത്തത്തില്‍ അല്ല രാജി. അമ്മ യോഗത്തില്‍ ശ്വേതക്കെതിരെ ബാബുരാജ് ഗുരുതര ആരോപണം ഉന്നയിച്ചു ബിജെപിക്ക് സ്ഥാനാര്‍ഥിയെ കൊടുക്കലാണ് ശ്വേതയുടെ ജോലി എന്ന് ബാബുരാജ് ആരോപിച്ചു. പിന്നാലെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. ശ്വേതയെ അനുകൂലിച്ചു സംസാരിക്കുന്നവര്‍ക്ക് യോഗത്തില്‍ മൈക്ക് നിഷേധിച്ചു.
തന്റെ പക്കല്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയെന്നും മല്ലിക പറഞ്ഞു. വാര്‍ഷിക കണക്കുകള്‍ പാസാക്കാന്‍ കഴിയാത്തതിന്റെ കുറ്റബോധം കൊണ്ടാണ് ശ്വേതാ മേനോന്‍ രാജിവെച്ചതെന്നും, എന്നാല്‍ ശ്വേതയ്ക്ക് പകരം ഭരണസമിതിയിലെ മറ്റ് ഭാരവാഹികളായിരുന്നു രാജിവയ്ക്കേണ്ടിയിരുന്നതെന്നും മല്ലിക സുകുമാരന്‍ ഇന്നലെ വ്യക്താക്കിയിരുന്നു.
സംഘടനയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സിനിമാ രംഗത്തെ മുതിര്‍ന്ന നടന്മാര്‍ മൗനം വെടിഞ്ഞ് അടിയന്തരമായി ഇടപെടണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ ആവശ്യപ്പെട്ടു. ശ്വേതാ മേനോന്‍ സംഘടനയുടെ പ്രാഥമിക അംഗത്വം കൂടി രാജി വെച്ചെന്ന വാര്‍ത്തയോട് അദ്ഭുതത്തോടെയാണ് മല്ലിക സുകുമാരന്‍ പ്രതികരിച്ചത്. ''ശ്വേത മേനോന്‍ അംഗത്വം രാജി വച്ചെന്നത് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. കുറേ പതിര് കറക്കേണ്ടി വരും. വാര്‍ഷിക കണക്ക് പാസാക്കാന്‍ പറ്റിയില്ല എന്നത് വാസ്തവമാണ്.
അതിന്റെ കുറ്റബോധം ശ്വേതയ്ക്കുണ്ട്. ഒരുപാട് ആരോപണങ്ങള്‍ വന്നപ്പോള്‍, താന്‍ ചെയ്യാത്ത തെറ്റിന് കൂടി കേള്‍ക്കേണ്ടി വരുന്നല്ലോ എന്ന വിഷമം ശ്വേതയ്ക്കുണ്ടായി. ഞങ്ങള്‍ക്ക് തെറ്റ് പറ്റി ക്ഷമിക്കണമെന്ന് പറഞ്ഞ് ശ്വേതയ്ക്ക് പകരം മറ്റുള്ളവരായിരുന്നു രാജി വച്ച് കാണിക്കേണ്ടിയിരുന്നത്. അവരാരും അത് ചെയ്തില്ല, പകരം ശ്വേത ചെയ്തു. കണക്കിലെ പൊരുത്തക്കേടാണ് ശ്വേതയ്ക്ക് വല്ലായ്മ ഉണ്ടാക്കിയത്.
ജനറല്‍ സെക്രട്ടറിക്കും ഖജാന്‍ജിയ്ക്കും അല്ലേ കണക്കിന്റെ ഉത്തരവാദിത്വം? അതാണ് സത്യം. സെക്രട്ടറിയും ട്രഷററും ഒക്കെയാണ് കണക്ക് ശരിയായില്ലെന്ന് പറയുമ്പോള്‍ ആദ്യം രാജിവയ്ക്കേണ്ടത്. പക്ഷേ അവര്‍ മിണ്ടാതിരുന്നപ്പോള്‍, താന്‍ ഈ കസേരയില്‍ ഒട്ടിപ്പിടിച്ചിരിക്കേണ്ടെന്ന് ശ്വേതയ്ക്ക് തോന്നിയിട്ടുണ്ടാകും. സ്ത്രീകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സംഘടനയായി 'അമ്മ' മാറിയിട്ടൊന്നുമില്ല. സ്ത്രീകള്‍, സ്ത്രീകളായിട്ട് പെരുമാറണം. അപ്പോള്‍ നിലനില്‍ക്കും. ഇതിന് വഴിവെച്ച് കൊടുത്ത തിരശീലയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരുണ്ടാകും.''മല്ലിക സുകുമാരന്‍ പറയുന്നു. ഭരണസമിതിക്ക് വലിയ രീതിയില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മല്ലിക, തനിക്കെതിരെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ നടത്തിയ പരാമര്‍ശത്തെയും ചോദ്യം ചെയ്തു.
''ഭരണ സമിതിയ്ക്ക് ഒരുപാട് തെറ്റുകളൊക്കെ പറ്റിയിട്ടുണ്ട്. ഈ പ്രദേശത്തോട്ട് തിരിഞ്ഞ് നോക്കാത്ത എന്നില്‍ നിന്നുമാണ് അത് തുടങ്ങുന്നത്. 'മല്ലിക ചേച്ചി ലൂസ് ടോക്കര്‍' എന്ന് കുക്കു പരമേശ്വരന്‍ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് കുക്കു അത് പറഞ്ഞത്? കാര്യങ്ങള്‍ കാണാതെയും കേള്‍ക്കാതെയും അഭിപ്രായങ്ങള്‍ പറഞ്ഞ് എല്ലാവരും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലാതാക്കുകയാണ്. അവര്‍ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല, തുള്ളാനുള്ള പ്രായമൊക്കെ എനിക്ക് കഴിഞ്ഞു. സംഘടനയുടെ നിലനില്‍പ്പിനായി മുതിര്‍ന്ന താരങ്ങള്‍ മുന്നോട്ടുവരണം. കാര്യങ്ങള്‍ പഠിച്ച് സംസാരിക്കുന്ന, വിവരമുള്ള, ചലച്ചിത്ര ലോകത്തെ പറ്റി ആധികാരികമായി നല്ല ഭാഷയില്‍ സംസാരിക്കാന്‍ അറിയാവുന്നവരാകണം ഇനി ഭരണസമിതിയില്‍ വരേണ്ടത്. അക്കൂട്ടത്തില്‍ സ്ത്രീകള്‍ വളരെ കുറവാണ്. ഇല്ലെന്ന് തന്നെ പറയേണ്ടി വരും. സീനിയേഴ്സായിട്ടുള്ള നടന്മാര്‍ ഈ വിഷയത്തില്‍ ഇടപെടണം. അവര്‍ ഇനി മൗനം പാലിച്ചിട്ട് കാര്യമില്ല. സംഘടന മുന്നോട്ട് പോകണമെങ്കില്‍ അതിനെ നന്നായിട്ട് നയിക്കണം.
നന്നായിട്ട് നയിക്കുന്നവരോട് ശത്രുതാമനോഭാവം വച്ചു പുലര്‍ത്തുന്ന പെണ്ണുങ്ങളെ ഇതിന്റെ ഏഴയലത്ത് അടുപ്പിക്കരുത്. നന്നായി സംസാരിക്കുന്ന സിനിമയെക്കുറിച്ച് അറിയാവുന്നവര്‍ ഇനി മുമ്പോട്ടു വരുക. അങ്ങനെയുള്ളവരില്‍ െപണ്‍കുട്ടികള്‍ ഇല്ല എന്നതാണ് സങ്കടകരം.'' മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി അന്‍സിബ ഹസ്സന്‍ നടത്തിയ ശക്തമായ ഇടപെടലിനെ പ്രശംസിച്ച് നടി മാലാ പാര്‍വതി രംഗത്തുവന്നിരുന്നു. ഭരണസമിതിയുടെ സാമ്പത്തിക അപാകതകളും വീഴ്ചകളും 20 മിനിറ്റോളം നീണ്ട പ്രസംഗത്തിലൂടെ അന്‍സിബ തെളിവ് സഹിതം തുറന്നുകാട്ടിയതോടെ, മറുപടി നല്‍കാനാകാതെ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒടുവില്‍ കൂട്ടരാജി പ്രഖ്യാപിക്കുകയായിരുന്നു എന്ന് മാലാ പാര്‍വതി പറഞ്ഞു.
സംഘടനയ്ക്കകത്തെ പ്രതിസന്ധികളെ 'സ്ത്രീകള്‍ തമ്മിലുള്ള തല്ല്' എന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അന്സിബയുടേതായി അവിടെ ഉയര്‍ന്നത് ശക്തമായ ഒരു സ്ത്രീപക്ഷത്തിന്റെ ശബ്ദമാണെന്ന് മാലാ പാര്‍വതി പറയുന്നു. സംഘടനയുടെ ജനറല്‍ ബോഡി യോഗം തായ്‌ലന്‍ഡിലേക്ക് മാറ്റുമെന്നും എല്ലാവര്‍ക്കും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നുമുള്ള ശ്വേതാ മേനോന്റെ പ്രഖ്യാപനങ്ങള്‍ തികച്ചും ബാലിശമായിരുന്നു. ട്രഷററും ഓഡിറ്ററും ഒരേപോലെ കൈയൊഴിഞ്ഞ ഒരു റിപ്പോര്‍ട്ടാണ് യോഗത്തില്‍ സമര്‍പ്പിക്കപ്പെട്ടതെന്നും, ജനറല്‍ ബോഡിയോടൊപ്പമാണ് താനെന്നാണ് നടന്‍ മോഹന്‍ലാല്‍ പറഞ്ഞതെന്നും മാലാ പാര്‍വതി പറഞ്ഞത്.
മാധ്യമങ്ങളോട് പ്രതികരിക്കുന്ന തന്നോട് ''ചേച്ചി എന്തിനാണ് ഇവിടെ സംസാരിക്കാന്‍ വന്നത്, ചേച്ചി മാധ്യമങ്ങളിലൂടെയെല്ലേ പ്രതികരിക്കൂ'' എന്നാണ് ശ്വേത ചോദിച്ചതെന്നും ഇനി ശ്വേത മാധ്യമങ്ങളോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് കാണാന്‍ തനിക്ക് താല്പര്യമുണ്ടെന്നും മനോരമ ഓണ്‍ലൈനിനോട് പ്രതികരിക്കവേ മാലാ പാര്‍വതി പറഞ്ഞു. ഒരു ഭരണസമിതിയെ നമ്മള്‍ ഒരു ഉത്തരവാദിത്തം ഏല്‍പ്പിക്കുമ്പോള്‍ അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യണം. അതില്‍ 'സ്ത്രീകള്‍' എന്ന ആനുകൂല്യം നല്‍കി വീഴ്ചകളെ ന്യായീകരിക്കാന്‍ കഴിയില്ല. നിര്‍ഭയം നടപ്പിലാക്കേണ്ട ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കപ്പെടുക തന്നെ വേണം. എന്നാല്‍ അവിടെ റിപ്പോര്‍ട്ടും കണക്കുകളും കൃത്യമായി വന്നില്ല. 'അമ്മ'യുടെ ബൈലോ പ്രകാരം വരവുചെലവ് കണക്കുകളും പ്രവര്‍ത്തന റിപ്പോര്‍ട്ടും അംഗീകരിക്കപ്പെടേണ്ടതുണ്ട്.
ഇത് രണ്ടും നടക്കാതെ വരുമ്പോള്‍ സ്വാഭാവികമായും കാര്യങ്ങള്‍ അഡ്ഹോക് കമ്മിറ്റിയിലേക്ക് നീങ്ങും; കാരണം അതൊരു ഭരണവീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുക. ഭരണപരിചയമില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും അവര്‍ക്ക് തിരുത്താന്‍ കുറച്ചുകൂടി സമയം നല്‍കണമെന്നും കെ.ബി. ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും നിശബ്ദരായി ആലോചിച്ചിരുന്ന നിമിഷങ്ങളായിരുന്നു അത്. ശ്വേത ആവശ്യപ്പെട്ടതുപോലെ ഒരു 45 ദിവസത്തെ സമയം കൂടി നല്‍കണമെന്ന് ഗണേഷ് കുമാര്‍ ശക്തമായി നിര്‍ദ്ദേശിച്ചു. ഭരണാംഗങ്ങള്‍ ഒന്നടങ്കം എന്തുവേണമെന്നറിയാത്ത ഒരു ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് അന്‍സിബ സംസാരിക്കാന്‍ എഴുന്നേറ്റത്.