Latest News

രാജീവ് മേനോനായി മോഹന്‍ലാല്‍ മലയാളികളെ കരയിച്ച ദശരഥത്തിന് 29 വയസ്; വാടകഗര്‍ഭപാത്രത്തിന്റെ കഥ വര്‍ഷങ്ങള്‍ക്കു മുമ്പേ കേരളക്കരയില്‍ അവതരിപ്പിച്ച സിബി-ലോഹി-ലാല്‍ കൂട്ടുകെട്ടിന്റെ ദശരഥം കാലത്തിനു മുമ്പേ പിറന്ന സിനിമ

Malayalilife
രാജീവ് മേനോനായി മോഹന്‍ലാല്‍ മലയാളികളെ കരയിച്ച ദശരഥത്തിന് 29 വയസ്; വാടകഗര്‍ഭപാത്രത്തിന്റെ കഥ വര്‍ഷങ്ങള്‍ക്കു മുമ്പേ കേരളക്കരയില്‍ അവതരിപ്പിച്ച സിബി-ലോഹി-ലാല്‍ കൂട്ടുകെട്ടിന്റെ ദശരഥം കാലത്തിനു മുമ്പേ പിറന്ന സിനിമ

ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമൊ?' ദശരഥം എന്ന ചിത്രത്തിലൂടെ മലയാളി മനസുകളുടെ നൊമ്പരമായ രാജീവ് മേനോന്‍ വന്നിട്ട് 29 വര്‍ഷം... ലോഹിതദാസ്-സിബിമലയില്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദശരഥം മലയാളത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമായ സിനിമയാണ്. മലയാളികള്‍ക്ക് അഭിമാനത്തോടെ ഇതാണ് ഞങ്ങളുടെ സിനിമ, ഇതാണ് ഞങ്ങളുടെ നടന്‍ എന്ന് ഉറക്കെ വിളിച്ച് പറയാവുന്ന സിനിമ വന്നിട്ട് 29 വര്‍ഷങ്ങള്‍....

അമ്മയുടെ സ്നേഹപരിലാളനകള്‍ ലഭിക്കാത്ത, സ്ത്രീകളെ വെറുക്കുന്ന, സ്നേഹബന്ധങ്ങളുടെ വില അറിയാത്ത, മുഴുക്കുടിയനായ, അതിസമ്പന്നനനായ, അരക്കിറുക്കന്‍ എന്ന് തോന്നിപ്പിക്കുന്ന രാജീവ് മേനോന്റെ അനാഥത്വത്തിന്റെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും നൊമ്പരങ്ങളുടെയും കഥയാണ് ലോഹിതദാസിന്റെ ശക്തമായ തൂലികയിലൂടെ, സിബിമലയിലിന്റെ മികച്ച അവതരണത്തിലൂടെ മലയാളികള്‍ അനുഭവിച്ചത്...കാലത്തിന് മുമ്പേ പിറന്ന സിനിമയാണ് ശരിക്കും ദശരഥം എന്ന് പറയാം...

കൃത്രിമ ബീജ സങ്കലനം/വാടകയ്ക്കൊരു ഗര്‍ഭപാത്രം തുടങ്ങിയ കാര്യങ്ങള്‍ മലയാളികള്‍ കേട്ട് തുടങ്ങുന്നതിന് മുമ്പാണ് ഇത്തരം ഒരു അതിസങ്കീര്‍ണമായ വിഷയം സിബി മലയിലും ലോഹിതദാസും കൂടി മലയാള പേക്ഷകരുടെ മുന്നില്‍ ലളിതമായി അവതരിപ്പിച്ചത് എന്നത് ആശ്ചര്യകരമായ കാര്യമാണ്. മലയാള സിനിമയിലെ ഏറ്റവും ധീരമായ പരീക്ഷണം എന്ന് വിശേഷിപ്പിക്കാവുന്ന ശ്രമങ്ങളില്‍ മുന്‍നിരയില്‍ ദശരഥം ഉണ്ടെന്ന് നിസംശയം പറയാം.

38 വര്‍ഷത്തെ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദശരഥത്തിലെ രാജീവ് മേനോന്‍. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ആദ്യത്തെ അഞ്ചു അതിഗംഭീര പ്രകടനങ്ങളിലൊന്ന്. മോഹന്‍ലാലിലെ അതുല്യ പ്രതിഭയെ എത്ര സ്വഭാവികതയോടെയാണ് സിബിമലയിലും ലോഹിതദാസും കൂടി അവതരിപ്പിച്ചിരിക്കുന്നത്. രാജീവ് എന്ന കഥാപാത്രത്തിന് മോഹന്‍ലാല്‍ കൊടുത്ത ശരീരഭാഷ എടുത്ത് പറയേണ്ട ഒന്നാണ്. രാജീവിന്റെ നടത്തം, സംസാരം, ആംഗ്യ വിക്ഷേപങ്ങള്‍ ഒക്കെ എത്ര മനോഹരമായിട്ടാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്,

സിനിമയിലെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യമിതാണ്; പല മഹാനടന്മാരുടെയും അഭിനയത്തിലെ പോരായ്മ വെളിവാകുന്നത് മദ്യപാന രംഗങ്ങളില്‍ അല്ലെങ്കില്‍ മദ്യപാനിയുടെ വേഷം കെട്ടുമ്പൊഴാണ്... ആടിയാടി നടക്കുന്ന, കുഴഞ്ഞ് സംസാരിക്കുന്ന മദ്യപാനിയാണ് കാലാകാലങ്ങളായിട്ടുള്ള സിനിമയിലെ ടിപ്പിക്കല്‍ മദ്യപാനി. സിനിമയിലെ ക്ലിഷേകളില്‍ ഒന്ന്... മഹാനടന്മാരെന്ന് പേര് കേട്ട പലരും പിന്‍തുടരുന്നതും മേല്പറഞ്ഞ രീതി തന്നെയാണ്... അവിടെയാണ് മോഹന്‍ലാല്‍ എന്ന നടന്റെ ആക്റ്റിങ്ങ് ബ്രില്യന്‍സ്... പരമ്പരാഗത രീതികളെ തച്ചുടച്ച് എത്ര സ്വഭാവികമായിട്ടാണ് മോഹന്‍ലാല്‍ രാജീവ് മേനോന്‍ എന്ന മുഴുകുടിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്...

ദശരഥത്തിലെ ഏറ്റവും മികച്ച സീന്‍ ഏതെന്ന് ചോദിച്ചാല്‍ മിക്കവരും പറയുക ക്ലൈമാക്സ് രംഗം എന്നായിരിക്കും.... എന്നാല്‍ ക്ലൈമാക്സ് രംഗത്തിന് ഒപ്പം നില്ക്കുന്ന ഒരുപാട് മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ദശരഥം...'തൊമ്മിയെ എനിക്ക് തരുമൊ' എന്ന് കറിയാച്ചനോട് രാജീവ് ചോദിക്കുന്നത് ദശരഥത്തിലെ വൈകാരികമായ, മനോഹരമായ ഒരു രംഗമാണ്... നെടുമുടി വേണുവും മോഹന്‍ലാലും മല്‍സരിച്ച് അഭിനയിച്ച രംഗം... ബന്ധങ്ങളുടെ വില തനിക്കറിയില്ല എന്ന് കറിയാച്ചന്‍ പറയുമ്പൊള്‍ രാജീവിന്റെ ഒരു തലയാട്ടല്‍ ഉണ്ട്. കറിയാച്ചന്‍ പറഞ്ഞത് സങ്കടത്തോടെ, ചെറു ചിരിയോടെ ശരിയാണെന്ന് സമ്മതിച്ച് കൊണ്ടുള്ള ഭാവം.

ഗര്‍ഭപാത്രം വാടകയ്ക്ക് കിട്ടിയ കാര്യം ഡോ. ഹമീദ് രാജീവിനോട് പറയുമ്പോള്‍ രാജീവ് അക്ഷമയോടെ കേട്ടിരിക്കുന്നത്, അവസാനം ഡോക്ടര്‍ പേര് പറയുമ്പൊ 'ആനി' എന്ന് രാജീവ് പറയുന്നത് മറ്റൊരു മനോഹര രംഗം...
ചന്ദ്രദാസുമായി ആദ്യമായി സംസാരിക്കുന്ന രംഗം, ആനിയെ ആദ്യമായി കാണുമ്പോള്‍ ഉള്ള രാജീവിന്റെ ഭാവം, തന്റെ വയറ്റില്‍ അവന്‍ അനങ്ങി തുടങ്ങി, ലക്ഷണം കണ്ടിട്ട് ആണ്‍കുട്ടിയാണെന്ന് ആനി പറയുമ്പൊഴുള്ള രാജീവിന്റെ സന്തോഷവും ഒപ്പം ചെറിയ കണ്ണീരും ഉള്ള രംഗം, ലേബര്‍ റൂമിന്റെ മുന്നില്‍ നിന്ന് കുഞ്ഞിനെ കൈയില്‍ വാങ്ങുന്ന രംഗത്തിലെ രാജീവിന്റെ സന്തോഷം, ആശുപത്രി മുറിയുടെ ജനലരികില്‍ നിന്ന് ആനിയുടെ ചൂടേറ്റ് കിടക്കുന്ന തന്റെ കുഞ്ഞിനെ നോക്കി കാണുന്ന രംഗം, അത് കഴിഞ്ഞ് വീട്ടിലെത്തി അങ്കിളിനോട് താനും അമ്മയുടെ ചൂടേറ്റ് തന്റെ കുഞ്ഞ് ആനിയുടെ അടുത്ത് കിടന്നത് പോലെ കിടന്നിട്ടുണ്ടാകുമൊ എന്ന് രാജീവ് ചോദിക്കുന്ന രംഗം, കുഞ്ഞിന്റെ പാല്‍ കുപ്പി രാജീവ് എടുത്ത് കുടിച്ച് നോക്കുന്ന രംഗം, ഒരിക്കല്‍ കൂടി ചോദിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ കിട്ടുമായിരുന്നു എന്ന് പിന്നീട് തോന്നാതിരിക്കാന്‍ ' ആനിയുടെ അടുത്ത് പോയി 'എന്റെ മോനെ എനിക്ക് തരൊ' എന്ന് ചോദിക്കുന്ന രംഗം... ഇങ്ങനെ ഹൃദയസ്പര്‍ശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരഥത്തില്‍... തിയേറ്ററില്‍ ഇല്ലാതിരുന്ന, എന്നാല്‍ വീഡിയൊ കാസറ്റില്‍ ഉണ്ടായിരുന്ന വളരെ രസകരമായ ഒരു രംഗമുണ്ട് ദശരഥത്തില്‍... ആശുപത്രിയില്‍ രാജീവ് സെമന്‍ കളക്റ്റ് ചെയ്യാനായി പോകുന്ന രംഗം.... ഇതെങ്ങനെയാണ് എടുക്കുന്നത് എന്ന് രാജീവ് നിഷ്‌കളങ്കമായി ഡോക്ടര്‍ ഹമീദിനോട് ചോദിക്കുന്നതും 'പത്ത് മുപ്പത്തിരണ്ട് വയസായില്ലെ, ഇനി ഇതും ഞാന്‍ തന്നെ പറഞ്ഞ് തരണോ' എന്ന് ഡോക്ടര്‍ ഹമീദ് മറുപടി പറയുന്നതും ഒക്കെ വളരെ രസകരമായിട്ടാണ് സിബിമലയില്‍ അവതരിപ്പിച്ചിരിക്കുന്നത്... സെമന്‍ കളക്റ്റ് ചെയ്ത് വന്നതിന് ശേഷം ഡോക്ടര്‍ ഹമീദിനെ നോക്കി രാജീവിന്റെ ഒരു ചിരിയുണ്ട്, മലയാളികളെ വശീകരിച്ച മോഹന്‍ലാല്‍ എന്ന നടന്റെ പ്രശസ്തമായ ആ ചമ്മല്‍ ചിരി.... തിയേറ്ററില്‍ ഈ സീന്‍ ഉണ്ടായിരുന്നെങ്കില്‍ പ്രേക്ഷകര്‍ ചിരിച്ച് മറിയുമായിരുന്നു....

മാതൃത്വവും അതിന്റെ പവിത്രതയും മഹത്വവും എത്ര മനോഹരമായിട്ടാണ് ലോഹിതദാസ് ആനി എന്ന കഥാപാത്രത്തിലൂടെ വരച്ചിട്ടിരിക്കുന്നത്...തന്റെ എല്ലാമെല്ലാമായ ചന്ദ്രദാസിന് വേണ്ടി പത്ത് മാസത്തെ ട്യൂമര്‍ എന്ന് പറഞ്ഞ് കൊണ്ട് ഗര്‍ഭം ധരിക്കുന്ന ആനിയുടെ പതിയെ ഉള്ള മാറ്റമാണ് ദശരഥം സിനിമ നല്കുന്ന സന്ദേശം. ഒരമ്മയ്ക്ക് തന്റെ കുഞ്ഞ് കഴിഞ്ഞേ ഈ ലോകത്ത് മറ്റെന്തും ഉള്ളൂ എന്ന പൊതുവായ സന്ദേശം... ഒരു സ്ത്രീക്ക് ഏറ്റവും വലുത് തന്റെ ഭര്‍ത്താവാണൊ കുഞ്ഞാണൊ എന്ന് ചന്ദ്രദാസ് അമ്മയോട് ചോദിക്കുന്നുമുണ്ട് ഒരു രംഗത്തില്‍... ചന്ദ്രദാസ് എന്ന നിസഹായനായ ഭര്‍ത്തവായി മുരളിയും മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചു....രേഖ എന്ന നടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നും ദശരഥത്തിലേതായിരിക്കും....

വൈകാരികമായ ഒട്ടേറെ കഥാസന്ദര്‍ഭങ്ങളെ, അതിനാടകീയതിലേയ്ക്ക് വഴുതി പോകാതെ വളരെ സ്വഭാവികമായിട്ടാണ് സിബി മലയില്‍ ദശരഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്... ഇത്തരം രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സിബിമലയിന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്... അദ്ദേഹത്തിന്റെ ആ കഴിവ് തനിയാവര്‍ത്തനം, കിരീടം, ഭരതം, സദയം, ചെങ്കോല്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ അനുഭവിച്ചറിഞ്ഞതുമാണ്..

സിബി മലയലിന്റെ സിനിമകളില്‍ മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയം കാണുന്നത് ഒരു പ്രത്യേക ഭംഗി തന്നെയാണ്...
ഭൂരിഭാഗം സിനിമ പ്രേക്ഷകര്‍ക്കും അവാര്‍ഡ് ജൂറിക്കും ഒരു തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റല്‍ സീനുകളില്‍ ശോഭിക്കുന്നവര്‍ മാത്രമാണ് മികച്ച നടീനട•ാര്‍ എന്ന്.. പ്രിയദര്‍ശന്റെ സിനിമകളില്‍ തലക്കുത്തി മറിയുന്ന, സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ തമാശ കാണിക്കുന്ന, പിന്നെ ആക്ഷന്‍ മാത്രം ചെയ്യാന്‍ പറ്റുന്ന നടന്‍ എന്നായിരുന്നു കിരീടം വരുന്നത് വരെ മോഹന്‍ലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ... കിരീടത്തിന് മുമ്പ് അമൃതംഗമയ, പാദമുദ്ര തുടങ്ങിയ സീരിയസ് സിനിമകളില്‍ അത്യുജ്വല അഭിനയ പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ മികച്ച നടനായി അംഗീകരിക്കാന്‍ പൊതുവെ എന്തൊ ഒരു മടി ഉണ്ടായിരുന്നു അക്കാലത്ത്. പക്ഷെ കിരീടത്തിലെ പെര്‍ഫോമന്‍സിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന മുന്‍ധാരണകളെ മോഹന്‍ലാല്‍ തിരുത്തി വിമര്‍ശകരുടെ വായ് അടപ്പിച്ചു.

കിരീടത്തിലെ ഗംഭീര പ്രകടനം യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് അടിവരയിടുന്നതായിരുന്നു ദശരഥത്തിലെ മോഹന്‍ലാലിന്റെ പ്രകടനം.... 
1989 ലെ സംസ്ഥാന/ദേശീയ അവാര്‍ഡ് മത്സരത്തില്‍ വരവേല്‍പ്പ്, കിരീടം, ദശരഥം തുടങ്ങിയ സിനിമകളിലെ ഗംഭീര പെര്‍ഫോമന്‍സിലൂടെ അവസാന റൗണ്ട് വരെ മോഹന്‍ലാല്‍ ഉണ്ടായിരുന്നു.


ദശരഥത്തെ കുറിച്ച് എഴുതുമ്പോള്‍ ആ മികച്ച ക്ലൈമാക്സിനെ കുറിച്ച് പരാമര്‍ശിച്ചില്ലെങ്കില്‍ അതൊരിക്കലും പൂര്‍ണമാകില്ല.... അത്രമാത്രം പ്രേക്ഷകരെ സ്വാധിനിച്ച, നൊമ്പരപ്പെടുത്തിയ ക്ലൈമാക്സായിരുന്നു ദശരഥത്തിന്റെത്. ആനിക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം കണ്ടാണ് രാജീവ് തന്റെ ഓര്‍മ്മയില്‍ പോലും ഇല്ലാത്ത അമ്മയെ പറ്റി മാഗിയോട് ചോദിക്കുന്നത് 'എല്ലാ അമ്മമാരും ആനിയെ പോലെയാണൊ' എന്ന്.... ഒരു അമ്മയുടെ സ്നേഹം, ലാളന ഒക്കെ രാജീവ് എന്ന അനാഥന്‍ ചെറുപ്പം മുതലേ ആഗ്രഹിക്കുന്നുണ്ട്. ഒരിക്കലും ലഭിക്കുകയില്ല എന്ന യാഥാര്‍ത്ഥ്യം അറിഞ്ഞിരുന്നിട്ടും കൂടി... ആ യാഥാര്‍ത്ഥ്യത്തിന്റെ അപകര്‍ഷകത മറച്ച് വെയ്ക്കാനായിരിക്കാം അയാള്‍ മദ്യത്തില്‍ അഭയം പ്രാപിച്ചത്, അരക്കിറുക്കനായി ഒക്കെ അഭിനയിച്ചത്. ആനിയിലെ അമ്മയെ കണ്ടതോടു കൂടി രാജീവ് വീണ്ടും ഒരമ്മയുടെ സ്നേഹം ആഗ്രഹിക്കുകയാണ്. അതാണ് 'ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ' എന്ന് ചോദിക്കാന്‍ അയാളെ പ്രേരിപ്പിച്ചതും. താന്‍ വര്‍ഷങ്ങളായി കൊണ്ട് നടന്ന ദുഃഖം, വേദന, അനാഥത്വം ഒക്കെ ഇറക്കി വെച്ച സന്തോഷത്തിലായിരിക്കും മാഗിയോട് തന്നെ സ്നേഹിക്കാമൊ എന്ന് ചോദിച്ചതിന് ശേഷം രാജീവ് ചിരിച്ച് കൊണ്ട് കരഞ്ഞത്..

വിങ്ങുന്ന മനസോടെ പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവരുടെ മനസില്‍ മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ എന്നേന്നേക്കുമായി കുടിയേറിരുന്നു...

മോഹന്‍ലാല്‍, മുരളി, രേഖ എന്നിവരുടെ മികച്ച പ്രകടത്തിനൊപ്പം എടുത്ത് പറയേണ്ടതാണ് നെടുമുടി വേണു, കരമന ജനാര്‍ദ്ദനന്‍, സുകുമാരന്‍, കെപിഎസി ലളിത, സുകുമാരി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരുടെ പ്രകടനങ്ങളും. വേണുവിന്റെ ഛായാഗ്രഹണവും ജോണ്‍സണ്‍ മാഷിന്റെ സംഗീതവും ദശരഥം എന്ന സിനിമയെ മികച്ചൊരു അനുഭവമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ദശരഥത്തിന്റെ ഓഡിയൊ കാസറ്റില്‍ ചിഞ്ചിലം, മന്താരചെപ്പുണ്ടൊ എന്നീ പാട്ടുകള്‍ കൂടാതെ എം ജി ശ്രീകുമാര്‍ പാടിയ 'കറുകുറുകെ..... അടുത്ത വീട്ടിലെ കറുത്ത പെണ്ണേ മീനാക്ഷി' എന്ന ഒരു നാടന്‍ പാട്ട് കൂടി ഉണ്ടായിരുന്നു.... 'മന്താരച്ചെപ്പുണ്ടോ' എന്ന പാട്ട് 29 വര്‍ഷങ്ങള്‍ക്കിപ്പുറവും എവര്‍ഗ്രീന്‍ പാട്ടായി നിലനില്ക്കുന്നു.... പൂവ്വച്ചല്‍ ഖാദര്‍ ഗാനരചന നിര്‍വ്വഹിച്ച അവസാനത്തെ മോഹന്‍ലാല്‍ സിനിമ കൂടിയാണ് ദശരഥം....

29 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ദശരഥത്തെ കുറിച്ച്, മോഹന്‍ലാലിന്റെ അഭിനയ മികവിനെ കുറിച്ച് വാനോളം പുകഴ്ത്തുന്നുണ്ടെങ്കില്‍ അത് ലോഹിതദാസ് എന്ന അതുല്യ കഥാകാരന്റെ തൂലികയുടെ ശക്തി കൊണ്ടാണ്, എഴുത്തിന്റെ മികവിനെ വെല്ലുന്ന രീതിയില്‍ അത് സിബി മലയില്‍ എന്ന സംവിധായകന്‍ അവതരിപ്പിച്ചതുകൊണ്ടാണ്, സര്‍വ്വോപരി മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയുടെ വിസ്മയ പ്രകടനം കൊണ്ടാണ്..... അന്നത്തെ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത പ്രമേയം ആയതു കൊണ്ടാകാം മികച്ച സിനിമ ആയിട്ട് കൂടി ബോക്സ് ഓഫിസില്‍ ശരാശരിക്ക് മേലെയുള്ള വിജയമേ ദശരഥത്തിന് നേടാനായുള്ളു...

Read more topics: # malayalam movie,# dasaradham,# 29 years,# mohanlal
malayalam movie Dasharadham celebrates it 29 years

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES