നടി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സിനിമാ ലോകത്ത് സജീവമാണ്. നടനായും,വില്ലനായും കാമുകനേയും,അങ്ങനെ പലവേഷങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയിട്ടുള്ള മധു അഭിനയത്തിനൊപ്പം സംവിധാനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യ ചിത്രത്തില്‍ നായിക സഹോദരിയായ മഞ്ജു വാര്യരാണ്. നായകന്‍ ബിജു മേനോനും.
സിനിമാ തിരക്കുകള്‍ക്കിടയിലും താന്‍ സിനിമയിലെത്തുന്നതിന് മുന്‍പുള്ള കാലത്തെക്കുറിച്ച് അടുത്തിടെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ പങ്ക് വയ്ക്കുകയുണ്ടായി. ആ കാലത്ത് മുംബൈയിലെ ലീല ഹോട്ടലിലായിരുന്നു മധു ജോലി ചെയ്തിരുന്നത്. ആ സമയത്ത് അവിടെ എത്തിയ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ഭക്ഷണം നല്‍കിയ കഥയാണ് മധു വാര്യര്‍ കുറിച്ചത്.
മധു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
മുംബൈയില്‍ ലീലയില്‍ ഉപജീവനം നടത്തുന്ന കാലം.
ഗാനഗന്ധര്‍വന്‍ ദാസേട്ടനും ഭാര്യ പ്രഭച്ചേച്ചിയും അതിഥികളായി എത്തിയപ്പോള്‍ അവരുടെ എല്ലാ സൗകര്യങ്ങളും നോക്കി നടത്താനുള്ള ഉത്തവാദിത്തം ലീലയുടെ ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ എന്നെയേല്‍പ്പിച്ചു.
ഉച്ചയൂണിന് അവരുടെ മുറിയിലേക്ക് അന്തരിച്ച ഗായിക രാധികാ തിലകും അവരുടെ ഭര്‍ത്താവ് ശ്രീ സുരേഷും എത്തി. അവരുടെ സ്വകാര്യതയ്ക്ക് ഭ്രംശം വരുത്താതെ വളരെ പ്രൊഫഷണലായി തന്നെ ഭക്ഷണം വിളമ്പി.
ദാസേട്ടന്‍: കുറച്ച് സാമ്പാര്‍ തരൂ
പ്രഭച്ചേച്ചി: ഇത് ബോംബെയല്ലേ? മലയാളത്തില്‍ പറഞ്ഞാല്‍ ആ കുട്ടിക്ക് മനസിലാവുമോ?
ദാസേട്ടന്‍: ഓ! സോറി! പ്ലീസ് ഗിവ് മി സം സാമ്പാര്‍
ചിരി പൊട്ടിയെങ്കിലും പ്രൊഫഷണലിസം വിടാതെ തന്നെ സാമ്പാര്‍ വിളമ്പി. രണ്ടാമത് ചോറ് വിളമ്പിക്കഴിഞ്ഞ് ...
ദാസേട്ടന്‍: എനിക്ക് കുറച്ച് കൂടി സാമ്പാര്‍ വേണം
പ്രഭച്ചേച്ചി: ഇംഗ്ലീഷില്‍ പറയൂന്നേ
ദാസേട്ടന്‍: സോറി എഗെയിന്‍! സം മോര്‍ സാമ്പാര്‍ പ്ലീസ്
ഊണ് കഴിഞ്ഞ് ടേബിള്‍ ക്ലിയര്‍ ചെയ്ത് പോകാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു, 'വരട്ടെ സര്‍, എന്താവശ്യമുണ്ടെങ്കിലും റൂം സര്‍വീസില്‍ വിളിച്ചാല്‍ മതി. ഞാന്‍ വന്നോളാം.'
ദാസേട്ടന്‍: അമ്പട! മലയാളിയായിരുന്നോ എന്നിട്ടാണോ എന്നെക്കൊണ്ട് ഈ ഇംഗ്ലീഷൊക്കെ പറയിച്ചത്??