മാധവ് സുരേഷിനെ നായകനാക്കി സുജിത്ത് എസ്. നായര്‍ സംവിധാനം ചെയ്ത 'അങ്കം അട്ടഹാസം' എന്ന ചിത്രത്തിന് ലഭിച്ച നെഗറ്റീവ് റിവ്യൂവിന് മറുപടിയുമായി താരം. സോഷ്യല്‍ മീഡിയയില്‍ സിനിമയെ വിമര്‍ശിച്ച അശ്വിന്‍ ഭരദ്വാജിന്റെ (ലെന്‍സ്‌മെന്‍ റിവ്യൂസ്) പോസ്റ്റിന് താഴെയാണ് മാധവ് സുരേഷ് കമന്റുമായി എത്തിയത്. വിമര്‍ശനങ്ങളെ പോസിറ്റീവായി സ്വീകരിക്കുന്ന മാധവിന്റെ മറുപടി ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.
തമ്പാനൂര്‍ മാര്‍ക്കോ' എന്ന തംബ്‌നൈലുമായി എത്തിയ അശ്വിന്‍ ഭരദ്വാജിന്റെ റിവ്യൂവിനാണ് താരം മറുപടി നല്‍കിയത്. 'സത്യസന്ധമായ റിവ്യൂവിന് നന്ദി അശ്വിന്‍. ഈ കഥ തുടരുമ്പോള്‍ നിങ്ങളുടെ ഈ കാഴ്ചപ്പാട് മാറുമെന്ന് ഞാന്‍ കരുതുന്നു. ഇത്തവണ ക്രിയേറ്റീവ് ടീമിന് വര്‍ക്ക് ചെയ്യാന്‍ ഭേദപ്പെട്ട ഒരു ബജറ്റ് ഉണ്ടായിരുന്നു. നമുക്ക് ഇനി 2028-ല്‍ കാണാം'- മാധവ് കുറിച്ചു. 'പോര്' എന്ന ഹാഷ് ടാഗും കമന്റിനൊപ്പം താരം ചേര്‍ത്തിട്ടുണ്ട്.
ഈ സിനിമ തിരുവനന്തപുരം ജില്ലയിലെ യഥാര്‍ത്ഥ ഗുണ്ടകളാരും കാണരുത് എന്നാണ് എന്റെ പ്രാര്‍ത്ഥന. പടം കണ്ട് ട്രിഗര്‍ ആയാല്‍ സിറ്റിയുടെ സമാധാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ചിരിയടക്കി കണ്ട് തീര്‍ക്കുകയെന്നത് തന്നെ വെല്ലുവിളി ആണ്. മാധവ് സുരേഷ് സ്വാഗര്‍ എന്ന് കരുതുന്ന കാര്യങ്ങളും കണ്ട് സഹിക്കണം. ചാറ്റ് ജിപിടി പോലും ഇതും നല്ല ഡയലോഗുകള്‍ എഴുതിത്തരും എന്നിങ്ങനെയുള്ള റിവ്യുവിലെ പരാമര്‍ശങ്ങള്‍ക്കെതിരെയും നടന്‍ മറുപടിയുമായി എത്തി.
പിന്നാലെ മറുപടിയുമായി കമന്റ് ബോക്സില്‍ മാധവുമെത്തുകയായിരുന്നു. 'എന്നെ വച്ച് തമാശയുണ്ടാക്കിക്കോളൂ. കര്‍മയ്ക്ക് അതിന്റേതായ വഴികളുണ്ട്. എന്റെ അവസരം വരുമ്പോള്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കും എന്ന് ഓര്‍മിപ്പിക്കുന്നു കൂട്ടുകാരാ' എന്നായിരുന്നു മാധവിന്റെ കമന്റ്. എന്നാല്‍ ഈ മറുപടിയ്ക്ക് കയ്യടികള്‍ക്ക് പകരം വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.
മുന്‍പ് തന്റെ സിനിമകളിലെ പ്രകടനത്തിന് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള മാധവ്, കൃത്യമായ നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നു പറയാറുള്ള വ്യക്തിയാണ്. തിരുവനന്തപുരം പശ്ചാത്തലമായുള്ള ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലറാണ് 'അങ്കം അട്ടഹാസം'. കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അന്ന രാജന്‍, പുതുമുഖ നായിക അംബിക തുടങ്ങിയവരും ചിത്രത്തിലുണ്ട്. സംവിധായകനും നിര്‍മ്മാതാവ് അനില്‍കുമാര്‍ ജിയും ചേര്‍ന്നാണ് രചന. ട്രിയാനി പ്രൊഡക്ഷന്‍ സിന്റെ ബാനറില്‍ അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.