14 വര്‍ഷത്തെ ലിവിംഗ് ടുഗെദര്‍. 25 വര്‍ഷത്തെ വിവാഹ ജീവിതം. അങ്ങനെ പ്രണയ സ്നേഹ ദാമ്പത്യം 40 വര്‍ഷത്തിലേക്ക് എത്തുകയാണ് എംജി ശ്രീകുമാറിനും ഭാര്യ ലേഖയ്ക്കും. ഇണങ്ങിയും പിണങ്ങിയും ഇണക്കുരുവികളായി മലയാള സിനിമാ ലോകത്ത് പാറിപ്പറന്ന് നടക്കുന്ന ദമ്പതികള്‍ പരസ്പരം താങ്ങും തണലുമായാണ് ജീവിക്കുന്നത്. ദാമ്പത്യ ജീവിതം എന്നും സന്തോഷത്തോടെ നിലനില്‍ക്കാന്‍ ഇടയ്ക്കിടെ ശ്രീകുമാര്‍ പ്രിയപ്പെട്ടവളെ സമ്മാനങ്ങള്‍ കൊണ്ട് മൂടുന്നത് പതിവാണ്.
ഇപ്പോഴിതാ, അതുപോലൊരു സ്നേഹസമ്മാനമാണ് ശ്രീകുമാര്‍ ഇപ്പോഴും നല്‍കിയിരിക്കുന്നത്. അതിരാവിലെ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്ര മുറ്റത്തേക്ക് തന്നെ എത്തിച്ച ആ സര്‍പ്രൈസ് സമ്മാനം പൂജയും പ്രാര്‍ത്ഥനയും കഴിഞ്ഞ് ലേഖയ്ക്ക് തന്നെ സമ്മാനിക്കുകയായിരുന്നു ശ്രീകുമാര്‍.
ഒരു കോടിയോളം രൂപ വില വരുന്ന മെഴ്സിഡെസ് ബെന്‍സിന്റെ ഇ220ഡി യുടെ ലേറ്റസ്റ്റ് വേര്‍ഷന്‍ കാറാണ് ലേഖയ്ക്ക് ശ്രീകുമാര്‍ സമ്മാനിച്ചത്. ഷോറൂമില്‍ നിന്ന് നേരിട്ട് ക്ഷേത്രമുറ്റത്തേക്ക് ഇറക്കുകയായിരുന്നു കാര്‍. തുടര്‍ന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ വച്ച് പൂജയും പ്രാര്‍ത്ഥനയും കഴിഞ്ഞാണ് കാറിന്റെ കീ ലേഖ ഏറ്റുവാങ്ങിയത്.
ചുവന്ന സാരിയുടുത്ത് അതീവ സുന്ദരിയായി പ്രിയപ്പെട്ടവന്റെ സമ്മാനം സ്വീകരിക്കുവാന്‍ ലേഖ എത്തിയപ്പോള്‍ കറുത്ത ഷര്‍ട്ടിട്ടാണ് ശ്രീകുമാര്‍ എത്തിയത്. പൂജാരിയില്‍ നിന്നും കാറിന്റെ കീ വാങ്ങി നേരെ ഡ്രൈവിംഗ് സീറ്റിലേക്ക് ലേഖ പോയപ്പോള്‍ പ്രിയപ്പെട്ടവള്‍ക്കരികിലിരുന്നാണ് ശ്രീകുമാര്‍ പോയത്.
ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് 40 ഓളം വര്‍ഷമായിയെങ്കിലും എംജി ശ്രീകുമാര്‍-ലേഖ ജോഡിയെ കണ്ടാല്‍ അവര്‍ ഇപ്പോഴും ഹണിമൂണ്‍ പീരിഡിലാണോയെന്ന് തോന്നിപ്പോകും. ഒട്ടനവധി എതിര്‍പ്പുകളെ മറികടന്ന് ഒന്നായവരാണ് ഇരുവരും. ലിവിങ് ടുഗെതറെന്ന ആശയത്തിന് കേരളത്തില്‍ പ്രചാരം ലഭിക്കും മുമ്പ് തന്നെ ലിവിങ് റിലേഷനില്‍ ഏറെക്കാലം കഴിഞ്ഞിട്ടുള്ളവരാണ് ഇരുവരും.
വിവാഹമോചിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമായ സ്ത്രീകളെ പങ്കാളിയായി സ്വീകരിക്കാന്‍ ഇന്നും ആളുകള്‍ നൂറുവട്ടം ആലോചിക്കും. പക്ഷെ കാലം ഇത്രയും പുരോഗമിക്കും മുമ്പ് തന്നെ ലേഖയുടേയും മകളുടേയും മനസ് അറിഞ്ഞ് പെരുമാറുകയും സ്നേഹിക്കുകയും ചെയ്തയാളാണ് എംജി ശ്രീകുമാര്‍. തന്റെ മകളെ സ്വന്തം മകളെപ്പോലെ എംജി സ്നേഹിക്കുന്നുവെന്ന് മനസിലാക്കി തുടങ്ങിയപ്പോഴാണ് ലേഖയും ഒരുമിച്ച് ജീവിതം തുടങ്ങാന്‍ സമ്മതം മൂളിയത്.