രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് 'ലാല്‍ സലാം'. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിക്കറ്റാണ് പ്രമേയം. ഫെബ്രുവരി 9ന് ചിത്രം തിയറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായ് ചിത്രം പ്രദര്‍ശനത്തിനെത്തും. ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എ ആര് റഹ്മാന്റെതാണ് സംഗീതം.
ചിത്രത്തെ കുറിച്ച് ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ശ്രീ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍,'ലൈക്ക പ്രൊഡക്ഷന്‍സുമായ് വീണ്ടും കൈകോര്‍ക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഞങ്ങള്‍ അറിയിക്കുന്നു. 'ജയിലര്‍'ന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രമാണ് 'ലാല്‍ സലാം'. രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ താരകുടുംബത്തോടൊപ്പം പങ്കുചേരാന്‍ വീണ്ടും സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്. ഭാവിയില്‍ ഇനിയും ഒരുപാട് സിനിമകള്‍ ലൈക്ക പ്രൊഡക്ഷന്‍സുമായ് സഹകരിച്ചുകൊണ്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു'.
വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തില്‍ 'മൊയ്ദീന് ഭായ്' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. '3', 'വൈ രാജ വൈ' എന്നീ ചിത്രങ്ങള്‍ക്കും 'സിനിമാ വീരന്' എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വര്‍ഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് 'ലാല്‍ സലാം'.
ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീണ്‍ ഭാസ്കര്‍, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനല്‍ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലന്, പിആര്‍ഒ: ശബരി.