ശ്രീനിവാസന്റെ വിയോഗത്തില്‍ സിനിമാ ലോകം വിതുമ്പുമ്പോള്‍, തന്റെ ഗുരുവിനും വഴികാട്ടിക്കും വികാരാധീനമായ യാത്രയയപ്പ് നല്‍കി സംവിധായകന്‍ ലാല്‍ ജോസ്. തന്റെ കരിയറിലെ 'വടക്കുനോക്കിയന്ത്രം' നിശ്ചലമായെന്നും ജീവിതത്തിന് ദിശ നല്‍കിയത് ശ്രീനിയേട്ടനാണെന്നും ലാല്‍ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ കണ്ടുമുട്ടിയ ഓരോ ഘട്ടത്തിലും പുതിയ കാഴ്ചപ്പാടുകളും കഥകളുമായി ശ്രീനിവാസന്‍ തനിക്ക് പ്രചോദനമായിരുന്നെന്ന് ലാല്‍ ജോസ് വൈകാരികമായി കുറിച്ചു.
ശ്രീനിയേട്ടന്റെ ശരീരത്തില്‍ തീയാളുകയാണിപ്പോള്‍.. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആ മുഖത്തിനു മുന്നില്‍ ക്‌ളാപ്പ് ബോര്‍ഡും പിടിച്ചുനിന്ന ആ പയ്യന്‍ ഇപ്പോള്‍ ഇവിടെ ഒറ്റക്കാണ്. പാവം പാവം രാജകുമാരന്റെ സെറ്റില്‍ പ്രിയനടനെ, ആരാധ്യനായ എഴുത്തുകാരനെ ആദ്യമായി അടുത്തുകണ്ടപ്പോള്‍ അവന്റെയുളളില്‍ ഉണര്‍ന്ന കൗതുകങ്ങള്‍, അദ്ഭുതം, ആരാധന..ശ്രീനിയേട്ടാ, അടുത്തപ്പോള്‍ അതൊന്നും ഒട്ടും കുറഞ്ഞില്ല.. എത്രേയോ ഇരട്ടിയായി കൂടിയിട്ടേയുളളൂ.ഓരോ തവണ കാണുമ്പോഴും പുതിയ ഒരു ശ്രീനിവാസന്‍ , പുതിയ ഒരു കാഴ്ചപ്പാട്, പുതിയ ഒരു കഥ. അതായിരുന്നു അദ്ദേഹം. എന്തിന് രണ്ട് മാസം മുമ്പ് കണ്ടപ്പോഴും ഒരു കഥയുടെ പ്‌ളോട്ടുണ്ടായിരുന്നു അദ്ദേഹത്തിന് പറയാന്‍...
മുപ്പത് കൊല്ലം മുമ്പ് ലാല്‍ജോസാണ് സംവിധാനം ചെയ്യുന്നതെങ്കില്‍ താന്‍ എഴുതാം എന്ന് അദ്ദേഹം പറഞ്ഞ ആ നിമിഷം! അപ്രന്റീസും ജൂനിയര്‍ അസിസ്റ്റന്റും ഒക്കെയായി ഓടിപാഞ്ഞുനടന്ന ചെറുപ്പക്കാരന് അസോസിയേറ്റ് ഡയറക്ടര്‍ എന്ന കുറേക്കുടി വേതനവും പദവിയും ഉളള പദവിയിലേക്ക് സ്ഥാനകയറ്റം കിട്ടിയിട്ടേയുണ്ടായിരുന്നുളളൂ.. കല്ല്യാണം ജസ്റ്റ് കഴിഞ്ഞിട്ടേയുളളൂ..സംവിധാനം എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് നടപടിയായില്ലെങ്കില്‍ ജീവിതം വഴിമുട്ടുമെന്ന പേടി..അന്ന് ആ ചെറുപ്പക്കാരന്റെ ഏക ധൈര്യം ശ്രീനിയേട്ടന്റെ ഉളളിന്റെ ഉളളില്‍ അടുത്തവര്‍ഷങ്ങളില്‍ എന്നെങ്കിലും തെളിഞ്ഞേക്കാന്‍ സാധ്യതയുളള ഒരു 'കനവ്' ആയിരിന്നു..രണ്ട് രണ്ടരവര്‍ഷം ആ കനവിനായി ഞങ്ങള്‍ ഒരുമിച്ചിരുന്നു.. അത് മറവത്തൂര്‍ കനവായി..ലാല്‍ ജോസ് സംവിധായകനായി..
സിനിമയെ എന്നല്ല, ലോകത്തേയും ജീവിതത്തേയും എല്ലാത്തിനേയും അമ്പരപ്പോടെ മാത്രം നോക്കിനിന്നിരുന്ന ഒറ്റപാലംകാരന്‍ പയ്യന് അവന്റെ ലോകത്തിലേക്ക് സഞ്ചരിക്കാനുളള ദിശ നല്‍കിയ വടക്ക് നോക്കിയന്ത്രമാണ് ഇന്നലെ നിശ്ചലമായത്. അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഞങ്ങളൊരുമിച്ച് ഇനിയുമൊരു സിനിമയുണ്ടെന്ന് മറവത്തൂര്‍ കനവ് റിലീസായി എണ്‍പത്തിനാലാം ദിവസം കയ്യടിച്ച് പറഞ്ഞൊരു വാക്ക്..പലവുരു പലകഥകളുമായി ഇരുന്നെങ്കിലും ആ വാക്ക് പാലിക്കാനായില്ല..എങ്കിലും അപാര സുന്ദരമായ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന്റെ ഓരത്ത് ഒരു ചെറു മൈല്‍ക്കുറ്റിയായി ഞാനും ഉണ്ടായല്ലോ.. എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാല്‍ നമിക്കുന്നു..ഉളളകാലം എന്നും ഓര്‍ക്കും..ആത്മാവിനായി പ്രാര്‍ത്ഥിക്കും..ശ്രീനിയേട്ടാ വിട!
ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടി പാര്‍വതി തിരുവോത്ത് പങ്ക് വച്ചതിങങനെ. അദ്ദേഹത്തിന്റെ മരണം 'വാക്കാല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും നഷ്ടമാണ്' എന്ന് കൊച്ചിയിലെ വസതിയില്‍ ഭൗതിക ശരീരം സന്ദര്‍ശിച്ച ശേഷം പാര്‍വതി മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്രീനിവാസന്‍ എല്ലാവരാലും ഒരുപാട് ആഘോഷിക്കപ്പെട്ട അപൂര്‍വ ഇതിഹാസങ്ങളിലൊരാളായിരുന്നെന്ന് പാര്‍വതി അനുസ്മരിച്ചു.
സിനിമയ്ക്ക് മാത്രമല്ല, ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഒരിക്കലും മറക്കാനാവാത്തതാണെന്നും അതില്‍ തനിക്ക് വലിയ നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'അദ്ദേഹത്തിന്റെ വിടപറച്ചില്‍ കുടുംബത്തിലടക്കം എല്ലാവര്‍ക്കും വലിയ ബുദ്ധിമുട്ടാണ്. എന്താണ് പറയേണ്ടതെന്നറിയില്ല,' തൊണ്ടയിടറിയ പാര്‍വതി പറഞ്ഞു. ശ്രീനിവാസന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.