ഗാനങ്ങളുടെ പകര്‍പ്പവകാശത്തെ സംബന്ധിച്ച ഇളയരാജയുടെ ഹര്‍ജിയില്‍ കോടതിക്ക് മുമ്പാകെ എത്തിയ വാദങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ എക്കോ റെക്കോര്‍ഡിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ അപ്പീലിനെ എതിര്‍ക്കുന്നതിനിടെ,താന്‍ എല്ലാവരേക്കാളും മുകളിലാണെന്ന് വാദിച്ചിരിക്കുകയാണ് സംഗീതജ്ഞന്‍ ഇളയരാജ. . ഇളയരാജയുടെ സംവിധാനത്തില്‍ ഒരുങ്ങിയ 4500ല്‍ അധികം ഗാനങ്ങള്‍ക്ക് അദ്ദേഹത്തിന് മാത്രം പ്രത്യേക അവകാശം നല്‍കി 2019ലെ ഏകാംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയില്‍ വാദം നടന്നത്. അഴിച്ചുപണികള്‍ നടത്തിയതിലൂടെ പാട്ടുകള്‍ക്ക് മുറിവേറ്റിട്ടുണ്ടെന്ന് സംഗീതജ്ഞര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ജസ്റ്റിസ് സുമന്തിന്റെ സിംഗിള്‍ ബെഞ്ചിന്റേത് ആയിരുന്നു നിരീക്ഷണം. എന്നാല്‍ നിര്‍മ്മാതാക്കളില്‍ നിന്ന് പണം വാങ്ങിയതോടെ ഇളയരാജയ്ക്ക് പാട്ടുകളുടെ മേലുള്ള അവകാശം നഷ്ടമായെന്നു ചൂണ്ടിക്കാണിച്ച് സ്വകാര്യ കമ്പനിയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
ഈ ഹര്‍ജിയിലെ വാദത്തിനിടെയാണ് ഇളയരാജയുടെ അഭിഭാഷകന്റെ പരാമര്‍ശം. ഞാന്‍ അഹങ്കാരിയാണെന്ന് നിങ്ങള്‍ക്ക് തോന്നാം... ഞാന്‍ തീര്‍ച്ചയായും ദൈവത്തിന് മുകളിലല്ല, അവനു താഴെയാണ്, ഞാന്‍ എല്ലാവരിലും മുകളിലാണ്'' എന്നാണ് വക്കീല്‍ കോടതിയില്‍ പറഞ്ഞത്.
1957ലെ പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കുന്നതില്‍ ജസ്റ്റിസ് അനിത സുമന്തിന്റെ സിംഗിള്‍ ബെഞ്ചിന് 2019ല്‍ പിഴവ് സംഭവിച്ചുവെന്ന് എക്കൊ കമ്പനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് നാരായണ്‍ പറഞ്ഞു. ജസ്റ്റിസുമാരായ ആര്‍. മഹാദേവന്‍, മുഹമ്മദ് ഷഫീഖ് എന്നിവര്‍ക്ക് മുമ്പാകെയാണ് അപ്പീല്‍ ലിസ്റ്റ് ചെയ്തത്.
കേസ് ഏപ്രില്‍ 16-ലേക്ക് നീട്ടി.
സിനിമാ നിര്‍മ്മാതാവില്‍ നിന്ന് പണം വാങ്ങിക്കഴിഞ്ഞാല്‍ മ്യൂസിക് കമ്പോസറിന് പിന്നെ ആ പാട്ടിന് മേല്‍ അവകാശമുണ്ടായിരിക്കില്ല. എന്നാല്‍ റോയല്‍റ്റിക്ക് അവകാശം മ്യൂസിക് കമ്പോസറിനുണ്ടാവും. ഇളയരാജയുടെ 4500 പാട്ടുകളുടെ അവകാശം അതാത് സിനിമകളുടെ നിര്‍മ്മാതാക്കളില്‍ നിന്നാണ് എക്കോ കമ്പനി വാങ്ങിയത്. എന്നാല്‍ ഇതിനെതിരെ 2014ല്‍ കോടതിയെ സമീപിച്ച ഇളയരാജയ്ക്ക് അനുകൂലമായി 2019ല്‍ കോടതി വിധി വന്നു.
ഇതേ വിധിയില്‍ മാറ്റങ്ങള്‍ വരുത്താതെ 4500 ഗാനങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. വിധിയിലെ ഈ പ്രസക്ത ഭാഗത്തിനെതിരെ വീണ്ടും കോടതിയില്‍ പോയ ഇളയരാജ 2022 ഫെബ്രുവരിയില്‍ ജസ്റ്റിസുമാരായ എം.ദുരൈസ്വാമിയുടെയും ടി.വി.തമിഴ്‌സെല്‍വിയുടെയും ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഇടക്കാല സ്റ്റേയും നേടി.