കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇളയരാജയുടെ മകള്‍ ഭാവധരണി അന്തരിക്കുന്നത്. പിതാവിനെ പോലെ സംഗീത ലോകത്തേക്ക് എത്തിയ ഭാവധരണി ഗായികയായി ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ മകളുടെ വേര്‍പാടിന്റെ വേദനയിലാണ് ഇന്നും താര കുടുംബം.
ഇക്കഴിഞ്ഞ ജനുവരി 25ന് ഭാവധരണിയുടെ ഒന്നാം ചരമവാര്‍ഷികം ആയിരുന്നു. ഇതിനോട് അനുബന്ധിച്ച് അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുകയും സംഗീത ലോകത്തുള്ള പലരും താരപുത്രിയെ ഓര്‍മ്മിക്കുകയും ചെയ്തു. ഏക മകളുടെ മരണം ഇളയരാജയെ വല്ലാതെ ബാധിച്ചിരുന്നു. ഇപ്പോഴും ആ ദുഃഖത്തില്‍ നിന്നും താരം മറികടന്നിട്ടില്ല
തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പലപ്പോഴും അദ്ദേഹം മകളുടെ വേര്‍പാടിനെ കുറിച്ച് പറയാറുണ്ട്. താന്‍ സംഗീതജ്ഞനായി ഏറെ സമയം സിനിമകള്‍ക്കും മറ്റുമായി ചിലവഴിച്ചതിനാല്‍ മക്കളെ നല്ല രീതിയില്‍ പരിപാലിക്കാനോ അവരുടെ കൂടെ സമയം ചെലവഴിക്കാനോ സാധിച്ചിരുന്നില്ല. മകളെയും അത്തരത്തില്‍ പരിപാലിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഖേദമുണ്ടെന്നാണ് അടുത്തിടെ ഇളയരാജ പറഞ്ഞത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മകളുടെ വാര്‍ഷികത്തില്‍ ഇളയരാജ അനുസ്മരണ ചടങ്ങ് നടത്തിയിരുന്നു. ചടങ്ങില്‍ ഭാവധരണി പാടിയ നിരവധി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. മാത്രമല്ല ഇളയരാജയുടെ മകനും സംഗീതഞ്ജനുമായ കാര്‍ത്തിക് രാജയും സഹോദരിയെ കുറിച്ചോര്‍ത്ത് വിതുമ്പുന്നതും ഇളയരാജ മകനെ ആശ്വസിപ്പിക്കുകയും ചെയ്തതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു.
ഇപ്പോഴിതാ ഭാവധരണിയുടെ അവസാന ആഗ്രഹം നിറവേറ്റാന്‍ ഒരുങ്ങുകയാണ് ഇളയരാജ. മകള്‍ക്ക് അവസാനമായി ഉണ്ടായിരുന്ന ആഗ്രഹം സാധിച്ചുകൊടുക്കാന്‍ പോവുകയാണെന്ന് ഇളയരാജ തന്നെയാണ് വെളിപ്പെടുത്തിയത്. മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടികള്‍ മാത്രമുള്ള ബാന്‍ഡ് രൂപീകരിക്കാന്‍ ഭാവധരണി ശ്രമിച്ചിരുന്നു. എന്നാല്‍ ആഗ്രഹം സഫലമാക്കുന്നതിന് മുന്‍പ് തന്നെ അവര്‍ മരണപ്പെടുകയായിരുന്നു. ഇതോടെയാണ് ആ ലക്ഷ്യം നിറവേറ്റാന്‍ പിതാവ് തീരുമാനിച്ചിരിക്കുന്നത്.
15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി ഒരു ബാന്‍ഡ് രൂപീകരിക്കുമെന്നും ലോകമെമ്പാടുമുള്ള ആളുകളെ ഇതിലേക്കായി തിരഞ്ഞെടുക്കുമെന്നും പറഞ്ഞിരിക്കുകയാണ് ഇളയരാജ. മരണശേഷവും മകളെ ഇത്രത്തോളം സ്നേഹിക്കുന്ന പിതാവിന് ആശംസ അറിയിക്കുകയാണ് ആരാധകര്‍. തമിഴ് സിനിമയിലെ പ്രമുഖ സംഗീത കുടുംബമാണ് ഇളയരാജയുടേത്. മൂത്തമകന്‍ കാര്‍ത്തിക് രാജയും ഇളയമകന്‍ യുവന്‍ ശങ്കര്‍ രാജയും കംമ്പോസിങ്ങിലേക്ക് തിരിഞ്ഞപ്പോള്‍ മകള്‍ ഭാവധരണി ഗായികയായിട്ടാണ് തിളങ്ങിയത്.
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരപുത്രി ആദ്യമായി പാടുന്നത്. പിന്നീട് നിരവധി ഹിറ്റ് പാട്ടുകള്‍ക്ക് ശബ്ദം പകര്‍ന്നു. സംഗീത ലോകത്ത് സജീവമായിരുന്ന ഭാവധരണി വളരെ പെട്ടെന്നാണ് മരണപ്പെടുന്നത്. കാന്‍സര്‍ ബാധിതയായിരുന്നു താരപുത്രി. എന്നാല്‍ അവസാന ഘട്ടത്തിലാണ് ഈ വിവരം അറിയുന്നത്. ചികിത്സയ്ക്ക് വേണ്ടി ശ്രീലങ്കയിലേക്ക് പോയെങ്കിലും മരണപ്പെടുകയായിരുന്നു.