കേരളത്തില്‍ ഒരു ഫാന്‍സി നമ്പറിനായി താരങ്ങള്‍ ഉയര്‍ന്ന തുക മുടക്കാറുള്ളത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോളിതാ കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയും ഇത്തരമൊരു വാഹന ലേലത്തില്‍ ഇടംപിടിച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്.
കഴിഞ്ഞദിവസം നടന്ന വാശിയേറിയ നമ്പര്‍ ലേലത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ ആണ് KL 07 DG 0459 നമ്പര്‍ സ്വന്തമാക്കിയത്. കുഞ്ചാക്കോ ബോബന്റെ നമ്പര്‍ ഫാന്‍സി ഗണത്തില്‍ പെട്ടതല്ലെങ്കിലും ഈ നമ്പറിന് മറ്റ് ആവശ്യക്കാര്‍ വന്നതോടെ ലേലത്തില്‍ വയ്ക്കുകയായിരുന്നു.
ഓണ്‍ലൈനായി നടന്ന ലേലത്തില്‍ ഇരുപതിനായിരം രൂപയ്ക്കാണ് താരം നമ്പര്‍ സ്വന്തമാക്കിയത്. അതേസമയം ഇഷ്ട നമ്പര്‍ സ്വന്തമാക്കാതെ നിവിന്‍ പോളി ലേലത്തില്‍ നിന്ന് പിന്മാറി. നിവിന്‍ പോളി ബുക്ക് ചെയ്തിരുന്നത് KL07DG0011 എന്ന ഫാന്‍സി നമ്പറായിരുന്നു. ഉയര്‍ന്ന തുകയ്ക്ക് മറ്റൊരു വ്യക്തി ലേലം വിളിച്ച് നമ്പര്‍ സ്വന്തമാക്കി. കഴിഞ്ഞദിവസം നടന്ന നമ്പര്‍ ലേലത്തില്‍ KL07DG0007 എന്ന ഫാന്‍സി നമ്പര്‍ 48.26 ലക്ഷം രൂപയ്ക്കാണ് എറണാകുളം സ്വദേശി സ്വന്തമാക്കിയത്.
തന്റെ ഏറ്റവും പുതിയ ലംബോര്‍ഗിനി ഉറൂസ് ആഡംബര എസ്യുവിക്ക് വേണ്ടിയാണ് KL 07 DG 0007 എന്ന ഫാന്‍സി നമ്പര്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ലേലം വിളിച്ചെടുത്തിരിക്കുന്നത്. പുത്തനൊരു ഫോര്‍ച്യൂണര്‍ വാങ്ങുന്ന വിലയാണ് വെറുമൊരു നമ്പര്‍പ്ലേറ്റിനായി വേണു ഗോപാലകൃഷ്ണന്‍ ചെലവാക്കിയിരിക്കുന്നത്.