ബിഗ് ബോസ് മലയാളം സീസണിലെ മത്സരാര്‍ത്ഥിയായി രേണു സുധിയെ തിരഞ്ഞെടുത്തതിനെതിരെ മുന്‍ മത്സരാര്‍ത്ഥിയും നടിയുമായ മനീഷ കെ.എസ്. രംഗത്ത്. രേണു സുധിയുടെ വ്യക്തിപരമായ കഴിവുകളെയല്ല, മറിച്ച് മത്സരാര്‍ത്ഥി എന്ന നിലയിലുള്ള അവരുടെ തിരഞ്ഞെടുപ്പിനെയാണ് താന്‍ ചോദ്യം ചെയ്യുന്നതെന്ന് മനീഷ വ്യക്തമാക്കി.
യോഗ്യതയുള്ള നിരവധിപേര്‍ പുറത്തുനില്‍ക്കുമ്പോള്‍, മൂന്നു മാസം കൊണ്ട് മാത്രം മലയാളികള്‍ക്ക് പരിചിതയായ രേണു സുധിയെ ബിഗ് ബോസിലേക്ക് തിരഞ്ഞെടുത്തത് ഷോയുടെ മൂല്യത്തെ ചോദ്യം ചെയ്യുന്നതായി അവര്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മനീഷയുടെ പ്രതികരണം. 'ഒരു വ്യക്തി എന്ന നിലയില്‍ രേണു സുധിയെക്കുറിച്ച് എനിക്ക് യാതൊന്നും പറയാനില്ല. എന്നാല്‍ മത്സരാര്‍ത്ഥി എന്ന നിലയില്‍ അവരെ അംഗീകരിക്കാന്‍ എനിക്ക് കഴിയില്ല. സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്ത ഒരാള്‍ എന്ന നിലയില്‍ അവര്‍ ഷോയില്‍ വന്നിരുന്നെങ്കില്‍ ഞാന്‍ സന്തോഷിക്കുമായിരുന്നു,' മനീഷ പറഞ്ഞു.
രേണു സുധിയുടെ സാമ്പത്തിക പരാധീനതകളെക്കുറിച്ചും വിധവ എന്ന നിലയിലുള്ള അവരുടെ അനുഭവങ്ങളെക്കുറിച്ചും മനീഷ വിമര്‍ശനം ഉന്നയിച്ചു. 'രേണു സുധിയല്ല മലയാളത്തിലെ ആദ്യത്തെ വിധവ. ഞാനും എന്നെപ്പോലെ മറ്റു പലരും ഭര്‍ത്താക്കന്മാരില്ലാതെ രണ്ടു മക്കളെയും പോറ്റി ജീവിക്കുന്നുണ്ട്. ഞങ്ങള്‍ അതൊരു ഭാരമായി കണ്ടിട്ടില്ല, അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍ സമൂഹത്തെ കാണിക്കാനും ശ്രമിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍, രേണു സുധി ഒരു ശക്തയായ മത്സരാര്‍ത്ഥിയായി ബിഗ് ബോസില്‍ വരേണ്ടതായിരുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ പരീക്ഷണ വസ്തുക്കളാണെന്നും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സൈക്യാട്രിസ്റ്റുകള്‍ ബിഗ് ബോസ് എപ്പിസോഡുകള്‍ ഒരു പാഠ്യവിഷയമായി എടുത്തേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യന്റെ മനസ് ഒരു ക്ലോസ്ഡ് സര്‍ക്യൂട്ടിനുള്ളില്‍ എങ്ങനെ പ്രതികരിക്കും എന്നുള്ളത് വ്യക്തമായി കാണിക്കുന്ന പ്രോഗ്രാമാണ് ബിഗ് ബോസ്. രണ്ട് കിളി പോയ കേസുകളെയാണ് അവിടെ എടുക്കുന്നതെന്നും, അപ്പോള്‍ കിളി പോകാന്‍ പ്രത്യേകിച്ച് കാരണം ഒന്നുമില്ലെന്നും മനീഷ കൂട്ടിച്ചേര്‍ത്തു.