മോഹന്‍ലാല്‍ ശബരിമല സന്ദര്‍ശിച്ചപ്പോള്‍ മമ്മൂട്ടിയ്ക്കായി വഴിപാട് നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ആ സമയം കൂടെയുണ്ടായിരുന്ന ശബരിമലയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കൃഷ്ണ മോഹന്‍ ആ അനുഭവം പങ്കുവെക്കുകയാണ്.
ഏറെ സ്‌നേഹത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആ വഴിപാട് രസീതിന്റെ ചിത്രം ആളുകള്‍ പങ്കുവച്ചതും അതിനെക്കുറിച്ച് സംസാരിച്ചതും. ഇപ്പോഴിതാ ഈ സംഭവം നേരിട്ട് കണ്ടറിഞ്ഞ, ശബരിമലയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കൃഷ്ണ മോഹന്‍ ആ അനുഭവം പങ്കുവെക്കുകയാണ്. തന്റെ കൈയില്‍ നിന്ന് പേനയും പേപ്പറും വാങ്ങിയാണ് മോഹന്‍ലാല്‍ പൂജയ്ക്കായി എഴുതിയതെന്ന് കുറിക്കുകയാണ് കൃഷ്ണമോഹന്‍.
''പ്രിയപ്പെട്ട മമ്മൂട്ടിക്കായി ശബരിമലയില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍...'ലോകമാകെ സ്‌നേഹത്തോടെ പങ്കുവെയ്ക്കുന്ന വാര്‍ത്ത...അതിന് പിന്നിലെ കഥ പറയണം എന്ന് തോന്നി.. >'ലാലേട്ടാ... അങ്ങ് മനസ്സില്‍ കുടിയിരുത്തിയ പ്രാര്‍ത്ഥനയെ, അങ്ങയുടെ സ്‌നേഹാര്‍ച്ചനയെ അനുവാദം തേടാതെ വാര്‍ത്തയാക്കിയതില്‍ പരിഭവം അരുതേ...'ഇനി പറയാം..,
ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രിയപ്പെട്ട ഞങ്ങടെ മാധവന്‍ സാറിനൊപ്പം ശബരിമലയില്‍ പോകുക. എനിക്കുള്ള നിയോഗം അതായിരുന്നു. വളരെ വൈകിയാണ് ഒരു അറിയപ്പ് കൂടി ലഭിച്ചത്. സാറിനൊപ്പം മോഹന്‍ലാല്‍ കൂടി മലചവിട്ടും.. അങ്ങനെ ചൊവാഴ്ച വൈകിട്ട് മാധവന്‍ സാറും മകനും മുരളി സാറും ലാലേട്ടനും പമ്പയില്‍ എത്തി. അവര്‍ക്ക് ഒപ്പം മലചവിട്ടി.. ആറരയോടെ ദര്‍ശനം നടത്തി സന്നിധാനം ഗസ്റ്റ് ഹൗസില്‍ എത്തി. പ്രിയ താരത്തിനൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകളുടെ വലിയ തിരക്ക്.
ആരേയും നിരാശപ്പെടുത്താതെ എണ്ണമറ്റ ചിത്രങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന ലാലേട്ടന്‍. അതിനിടയിലാണ് ശബരിമലയില്‍ നടത്തേണ്ട വഴിപാടുകളുടെ പട്ടിക മാധവന്‍ സാര്‍ അദ്ദേഹത്തിന്റെ സഹായിയായ അഭിലാഷേട്ടന് കൈമാറിയത്. ലാലേട്ടന് എന്തെങ്കിലും വഴിപാടുകള്‍ നടത്തേണ്ടി വരുമോ എന്ന് ഇതിനിടെ ഞാന്‍ മാധവന്‍ സാറിനോട് ചോദിച്ചു. അത് നിങ്ങള്‍ ഒന്ന് നേരിട്ട് ചോദിച്ചു നോക്കൂ എന്ന് സര്‍ പറഞ്ഞു.. ഫോട്ടോ തിരക്കില്‍ നിന്ന് ലാലേട്ടന്‍ ഇടയ്ക്ക് ഫ്രീ ആയപ്പോള്‍ നേരിട്ട് ചോദിച്ചു.. വഴിപാട് എന്താ നടത്തേണ്ടത്..?
വഴിപാട് നടത്തണം മോനെ , ഉറപ്പായും വേണം, വേണം... എനിക്ക് ഒരു പേപ്പറും പേനയും തരുമോ?...' എന്റെ കയ്യില്‍ ഇരുന്ന ചെറിയ കടലാസ് കക്ഷണവും പേനയും ഞാന്‍ നല്‍കി...ലാലേട്ടന്‍ തന്നെ പേപ്പറില്‍ എഴുതി...-സുചിത്ര (തൃക്കേട്ട), മുഹമ്മദ് കുട്ടി (വിശാഖം)... 'മോനെ ഇച്ചാക്കയുടെ പേരിലും വേണം...' ഒരു നിമിഷം എന്റെ കണ്ണു നിറഞ്ഞു. ഉഷ:പൂജ കഴിച്ച് രസീതും ഞാന്‍ ലാലേട്ടന് തിരികെ നല്‍കി. വഴിപാടുകളുടെ എണ്ണമോ രസീതിലെ പേരോ അല്ല. പ്രിയ ജേഷ്ഠ സഹോദരനോടുള്ള നന്മ വറ്റാത്ത നീരുറുവയാണ് ആ കണ്ണുകളില്‍ കണ്ടത്...അതില്‍ ദൈവമുണ്ട്.. തത്ത്വമസി...'' എന്നാണ് കൃഷ്ണമോഹന്‍ കുറിച്ചത്.