മലയാളികളെ ഏറെ ചിരിപ്പി്ച്ച് കടന്ന് പോയ നടന്മാരില്‍ ഒരാളാണ് കൊച്ചിന്‍ ഹനീഫ. വില്ലന്മാരുടെ ശിങ്കിടിയായി സിനിമയിലേക്ക് കടന്ന് വന്ന് പിന്നീട് വില്ലനായും സഹനടനായും കൊമേഡിയനായും സംവിധായകനായും തിളങ്ങി മണ്‍മറഞ്ഞ് പോയ നടന്റെ ഓര്‍മകള്‍ പങ്ക് വച്ചിരിക്കുകയാണ് സഹപ്രവര്‍ത്തകരും സഹോദരനും. അമൃത ടിവിയിലെ ഓര്‍മ്മയില്‍ എന്നും എന്ന പരിപാടിയിലാണ് താരത്തെ പ്രിയപ്പെട്ടവര്‍ അനുസ്മരിച്ചത്. രമേശ് പിഷാരടി അവതാരകനായി എ്ത്തുന്ന പരിപാടിയില്‍ സലിം കുമാറും കൊട്ടയം നസീറും, ജോണി ആന്റണിയുമൊക്കെ കൊച്ചിന്‍ ഹനീഫയുമായുള്ള അടുപ്പവും ഓര്‍മ്മകളും പങ്ക് വച്ചെത്തി. ഈ പരിപാടിയുടെ ഭാഗമായി ആദ്യമായാണ് നടന്‍ സഹോദരന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നതും.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു കൊച്ചിന്‍ ഹനീഫ മരണപ്പെടുന്നത്. എന്നാല്‍ പലരും കരുതുന്നത് പോലെ അദ്ദേഹം മദ്യപിച്ചല്ല അസുഖ ബാധിതയാതെന്നാണ് സഹോദരന്‍ പറയുന്നത്.'ഹനീഫിക്ക ഒരു തുള്ളി പോലും മദ്യപിക്കില്ലായിരുന്നു. ബിയറിന്റെ രുചി പോലും നോക്കിയിട്ടില്ല. ഫാദറിന് നല്‍കിയ ശപഥമായിരുന്നു അത്. കോളേജില്‍ പഠിക്കുന്ന സമയത്താണ് സിനിമയില്‍ അഭിനയിക്കാന്‍ മദ്രാസില്‍ പോകണമെന്ന് പറയുന്നത്. ഫാദര്‍ സെന്‍ട്രല്‍ ജമാത്ത് പള്ളി പ്രസിഡന്റായിരുന്നു. വളരെ ഓര്‍ത്തഡോക്സ് ആയിരുന്നതിനാല്‍ സിനിമയ്ക്ക് വിടാന്‍ സമ്മതിച്ചില്ല. ഒടുവില്‍ ഫാദറിന്റെ സുഹൃത്തുക്കളൊക്കെ വന്ന് പറഞ്ഞപ്പോഴാണ് വിട്ടത്. അപ്പോള്‍ ശപഥം ചെയ്യിച്ചതാണ് വെള്ളമടിക്കില്ല എന്ന്.'' എന്നാണ് സഹോരന്‍ നൗഷാദ് പറയുന്നത്.
നടന്‍ അവസാനമായി അഭിനയിച്ച സിനിമയുടെ ഷൂട്ടിങിന് ഹനീഫിനൊപ്പം കൂട്ടുപോയത് സഹോദരനായിരുന്നു. ഞാനും ഹനീഫ്ക്കയും കൂടിയാണ് ഡോക്ടറെ കാണാന്‍ പോയത്. ഫയല്‍ നോക്കിയശേഷം ഡോക്ടര്‍ പറഞ്ഞു... ഒന്നും ചെയ്യാനില്ല... ഇനി ദൈവത്തിന് വിട്ടുകൊടുക്കാമെന്ന്. ഹനീഫ്ക്കയോട് നേരിട്ടാണ് ഈ കാര്യങ്ങളെല്ലാം ഡോക്ടര്‍ പറഞ്ഞത്. അത് കഴിഞ്ഞ് ഒരു മാസം കൂടി മാത്രമെ ഇക്ക ഉണ്ടായിരുന്നുള്ളു. ഏറ്റവും അവസാനം അദ്ദേഹം അഭിനയിച്ചത് തെലുങ്ക് പടത്തിലാണ്.
ആശുപത്രിയില്‍ നിന്നും നിര്‍ബന്ധം പിടിച്ച് ഡിസ്ചാര്‍ജ് വാങ്ങിയാണ് ലൊക്കേഷനിലേക്ക് പോയത്. പോകരുതെന്ന് ഡോക്ടര്‍ ഒരുപാട് വിലക്കി. കാശ് മേടിച്ചതാണ് ചെയ്ത് കൊടുക്കാതിരിക്കാന്‍ പറ്റില്ലെന്നായിരുന്നു ഇക്കയുടെ മറുപടി. ദുബായിലായിരുന്നു ഷൂട്ട്. ഫ്‌ലൈറ്റില്‍ എന്റെ മടിയില്‍ തലവെച്ച് കിടന്നാണ് ഇക്ക യാത്ര ചെയ്തത്. എയര്‍ പോട്ടില്‍ നിന്നും ലൊക്കേഷനിലേക്ക് വീല്‍ ചെയറില്‍ കൊണ്ടുപോയി. എസ്.ജെ സൂര്യയായിരുന്നു സംവിധായകന്‍. മനോജ് വാജ്‌പെയും കല്യാണുമൊക്കെ ഇക്കയുടെ അവസ്ഥ കണ്ട് ഷോക്കായി. ഫ്‌ലൈറ്റിന്റെ ചിറകിന് മുകളില്‍ നിന്നുകൊണ്ടുള്ള ഷോട്ടിലായിരുന്നു ഇക്കയ്ക്ക് അഭിനയിക്കേണ്ടിയിരുന്നത്. നാല് ഡയലോഗുമുണ്ട്. നാല് ക്യാമറവെച്ച് ഒറ്റയടിക്ക് എടുക്കാമെന്ന് എസ്.ജെ സൂര്യ പറഞ്ഞു. പക്ഷെ മേക്കപ്പിട്ട് കഴിഞ്ഞപ്പോള്‍ ഇക്കയ്ക്ക് ഉഷാര്‍ വന്നു. അങ്ങനെ ഷൂട്ട് പൂര്‍ത്തിയാക്കി ഹോട്ടലില്‍ തിരികെ വന്നു.പക്ഷെ അപ്പോഴേക്കും മെമ്മറി പോയി. പിറ്റേദിവസം തന്നെ തിരിച്ച് വന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനുശേഷം തിരികെ വന്നിട്ടില്ലെന്നും സഹോദരന്‍ ഓര്‍ക്കുന്നു.
അച്ഛനോടുള്ള ഹനീഫിക്കയുടെ സ്നേഹം ഒരുപടി കൂടുതലായിരുന്നുവെന്നാണ് സലീം കുമാര്‍ പങ്ക് വച്ചത്. എന്താണ് അതിന്റെ കാരണമെന്ന് ഞാന്‍ ചോദിച്ചു. ചെറുപ്പത്തില്‍ തന്റെ കാല് വളഞ്ഞിട്ടായിരുന്നു. ഫാദര്‍ രാത്രി കടയില്‍ നിന്നും വന്ന ശേഷം തിരുമി തിരുമിയാണ് അത് ശരിയാക്കിയത്. ഫാദര്‍ എന്നതിലുപരിയായി അദ്ദേഹത്തോടുള്ള കടപ്പായിരുന്നു ഹനീഫിക്കയ്ക്ക് എന്നും സലീം കുമാര്‍ പറയുന്നു. അദ്ദേഹം ഫാദറിന് മുന്നില്‍ ഇരിക്കില്ല, ഭയങ്കര ബഹുമാനമായിരുന്നു. സംവിധായകന്‍ സിദ്ധീഖിന്റെ ഫാദറും ഞങ്ങളുടെ ഫാദറും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. രണ്ട് പേര്‍ക്കും ഭയങ്കര ഹ്യൂമര്‍ സെന്‍സാണ്. പക്ഷെ അവര്‍ ചിരിക്കില്ല, നമ്മള്‍ ചിരിച്ചു പോകും എന്ന് സഹോദരനും പറയുന്നു.
ഹനീഫിക്കയ്ക്ക് തമാശ അടുത്തൂടെ പോയാല്‍ മതി, ഭയങ്കരമായി ചിരിക്കുമെന്നാണ് സഹോദരന്‍ പറയുന്നത്. റാംജി റാവു സ്പീക്കിംഗിന്റെ പ്രിവ്യു ഷോ മദ്രാസില്‍ നടക്കുന്നു. ഹനീഫിക്കയും ഞാനുമൊക്കെയുണ്ട് കാണാന്‍. കോമഡി വരുമ്പോള്‍ അദ്ദേഹം ഭയങ്കര ചിരിയായിരുന്നു. ഇന്‍ട്രവല്‍ ആയപ്പോള്‍ അപ്പച്ചന്‍ വന്ന് ഞങ്ങളെ കേള്‍ക്കിപ്പിക്കാന്‍ വേണ്ടി ചിരിക്കുന്നതാണോ സിദ്ധീഖും ലാലുമൊക്കെ നിങ്ങളുടെ സുഹൃത്തുക്കളാണല്ലോ എന്ന് ചോദിച്ചു. നിങ്ങള്‍ പുറത്ത് പോ, എന്നിട്ടേ ഞാനിനി സിനിമ കാണുള്ളൂവെന്നും പറഞ്ഞു. പുള്ളിയ്ക്ക് ഇച്ചിരി കിട്ടിയാല്‍ മതി ചിരിക്കാന്‍. പക്ഷെ വീട്ടില്‍ വളരെ സീരിയസാണെന്നും അദ്ദേഹം പറയുന്നുണ്ട്.
പുള്ളിയ്ക്ക് ഒരിക്കല്‍ ഒരു അവാര്‍ഡ് കിട്ടി. നഗ്‌നയായ സ്ത്രീ കൈ പൊക്ക നില്‍ക്കുന്നതായിരുന്നു ശില്‍പം. ഹനീഫിക്ക തലയിലിടുന്ന ബാന്റ് എടുത്തിട്ട് അതിന്റെ നാണം മറച്ചിരുന്നുവെന്നും സഹോദരന്‍ പറയുന്നു. അത്ര ശുദ്ധനാണ്, ആരെങ്കിലും വന്നാല്‍ ഒരു പെണ്ണ് തുണിയില്ലാതെ നില്‍ക്കുന്നത് കാണണ്ടല്ലോ എന്നാകും കരുതിയിട്ടുണ്ടാവുക എന്ന് സലീം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഇത് ഒരിടത്തും പറയരുത് എന്ന് ഞാന്‍ വിചാരിച്ചതാണ്. ഹനീഫിക്ക മരിച്ചപ്പോള്‍ ഞാന്‍ പോയില്ല. അതുകൊണ്ട് ഹനീഫിക്കയുടെ സിനിമ കാണുമ്പോള്‍ ഞാന്‍ ചിരിക്കും. ഇന്നസെന്റ് ചേട്ടന്‍ മരിച്ചപ്പോള്‍ ഞാന്‍ പോയി കണ്ടിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ ഇന്നസെന്റ് ചേട്ടന്‍ ഇല്ലല്ലോ ന്ന് തോന്നാറുണ്ട്. ഹനീഫ് ഇക്കയെ കാണില്ല എന്ന് ഞാന്‍ ശപഥം എടുത്തതാണ്. ഞാനും ഹനീഫിക്കയുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. മൂന്നു പ്രാവശ്യം ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. പക്ഷേ ഞാന്‍ പോയില്ല''...
ടിവിയില്‍ പോയിട്ട് ഞാന്‍ പറഞ്ഞു, 'ഹനീഫിക്ക മരിച്ചതില്‍ എനിക്ക് ദുഃഖമില്ല, നാളെ ഞാനും അവിടേക്ക് പോകേണ്ടതാണ്' എന്ന്. ഉള്ള് നീറിയാണ് ഞാന്‍ അത് പറഞ്ഞത്. അത്രയ്ക്ക് സ്‌നേഹം ഉണ്ടായിരുന്ന മനുഷ്യനാണ്. സിനിമ ഇല്ലാതെ അദ്ദേഹത്തിന് ജീവിക്കാന്‍ കഴിയില്ലായിരുന്നു. ഞാനുമായി അദ്ദേഹം അവസാനം അഭിനയിച്ചത് ലൗഡ് സ്പീക്കറില്‍ ആയിരുന്നു. അപ്പോഴേക്കും ഹനീഫിക്കയ്ക്ക് ക്ഷീണമായി. ചട്ടമ്പി നാടിന്റെ സെറ്റില്‍ വച്ച് മമ്മൂക്കയാണ് പറഞ്ഞത് ഹനീഫിക്ക ആശുപത്രിയിലാണ് എന്ന കാര്യം''- സലിംകുമാര്‍ പങ്ക് വച്ചു.