48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടൊവിനോ തോമസ് മികച്ച നടനായും റിമ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന് മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 'ചലച്ചിത്ര രത്ന' പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ഫെമിനിച്ചി ഫാത്തിമ'യ്ക്കുവേണ്ടി നിര്‍മ്മാതാക്കളായ ഫാസില്‍ മുഹമ്മദും (സംവിധായകന്‍) സുധീഷ് സ്‌കറിയയും പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ദുലക്ഷ്മിയാണ് മികച്ച സംവിധായിക. മികച്ച അന്യഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട തമിഴ് ചിത്രം 'അമരന്റെ' സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയും പുരസ്‌കാരം സ്വീകരിച്ചു.
മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം സൈജു കുറുപ്പ് നേടിയപ്പോള്‍, ചിന്നു ചാന്ദ്‌നിയും ഷംല ഹംസയും മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. നടന്‍ ജഗദീഷിന് റൂബി ജൂബിലി പുരസ്‌കാരം ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ സമര്‍പ്പിച്ചു. ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം നേടിയ ബാബു ആന്റണിക്ക് വേണ്ടി ടൊവിനോ തോമസും, ജൂബിലി ജോയ് തോമസിനുവേണ്ടി അദ്ദേഹത്തിന്റെ മകളും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
അവാര്‍ഡ് നിശയുടെ ഉദ്ഘാടനവും മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. മാക്ട ചെയര്‍മാന്‍ ജോഷി മാത്യു ആശംസയര്‍പ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് ഓണക്കൂര്‍, ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ്, സെക്രട്ടറി എ. ചന്ദ്രശേഖര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി 72 കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മികച്ച സംഗീതസംവിധായകന്‍ രാജേഷ് വിജയ്, ഗായിക ദേവനന്ദ ഗിരീഷ് എന്നിവരുടെ ഗാനാലാപനം ചടങ്ങിന് മാറ്റുകൂട്ടി.