നിവിൻ പോളി നായകാനാകുന്ന കായംകുളം കൊച്ചുണ്ണിക്കായി പ്രേക്ഷകർ ഇനിയും കാത്തിരിക്കണം. ഓഗസ്റ്റ് 18ന് ചിത്രം തിയറ്ററിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ ഓഗസ്റ്റ് 15ലേക്ക് ചിത്രത്തിന്റെ റിലീസ് നേരത്തെയാക്കിയിരുന്നു. എന്നാൽ സ്വാതന്ത്ര്യദിനത്തിൽ ചിത്രം തിയറ്ററിലെത്തില്ലെന്നാണ് റിപ്പോർട്ട്.
ഓഗസ്റ്റ് 17നായിരിക്കും ചിത്രത്തിന്റെ റിലീസെന്നാണ് പുതിയ വിവരം. എന്നാൽ അതും മാറാൻ സാധ്യതയുണ്ട്. ഇന്ത്യൻ റിലീസിന്റെ തൊട്ടടുത്ത ദിവസം തന്നെ ചിത്രം മറ്റ് രാജ്യങ്ങളിലും പ്രദർശനത്തിനെത്തും. കായംകുളം കൊച്ചുണ്ണി 17 ലേക്ക് റിലീസ് മാറ്റിയതിനാൽ അന്ന് റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന പടയോട്ടം 22ലേക്ക് റിലീസ് മാറ്റി. അമൽ നീരദ്-ഫഹദ് ഫാസിൽ ചിത്രം വരത്തൻ റിലീസ് ചെയ്യുന്നതും 22നാണ്. മറ്റ് ഓണം റീലീസുകളിൽ മാറ്റമില്ല.
ഏറ്റവും ഉയർന്ന മുതൽ മുടക്കിൽ നിർമ്മിക്കുന്ന മലയാള ചിത്രം എന്ന വിശേഷണം പുലിമുരുകനിൽ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് നാൽപത്തി അഞ്ച് കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണി എന്ന ഇതിഹാസത്തിന്റെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസാണ്. ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപലാനാണ് നിവിൻ പോളി, പ്രിയ ആനന്ദ് എന്നിവരെ നായികനായകന്മാരാക്കി ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇത്തിക്കരപക്കി എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിലുമെത്തുന്നു. വൻതാരനിരയാൽ സമ്പന്നമായ ചിത്രം വരച്ചുകാട്ടുന്നത് 1830 കാലഘട്ടത്തിൽ കേരളമാണ്. 161 ദിവസങ്ങൾ നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ചിത്രത്തിന്റേത്. ചിത്രീകരണത്തിനിടെ നിവിൻ പോളിക്കും സംവിധായകൻ റോഷൻ ആൻഡ്രൂസിനും അപകടം സംഭവിച്ചിരുന്നു.