മലയാളത്തിലെ ഏറ്റവും ചെലവേറിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമെന്ന വിശേഷണത്തോടെ കായംകുളം കൊച്ചുണ്ണി ഓണക്കാലത്ത് തിയറ്ററുകൾ കീഴടക്കാൻ ഒരുങ്ങുകയാണ്. നിവിൻ പോളി് കായംകുളം കൊച്ചുണ്ണിയായി വെള്ളിത്തിരയിലെത്തുമ്പോൾ മോഹൻലാൽ കൊച്ചുണ്ണിയുടെ ഉറ്റകഥാപാത്രമായ ഇത്തിക്കരപ്പക്കിയുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകൾക്കുമൊക്കെ വൻ സ്വീകരമാണ് നല്കിയത്. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം റിലീസിനൊരുങ്ങവേ പിന്നാമ്പുറ കഥകൾ സംവിധായകൻ റോഷൻ ആൻഡ്രൂസ് പങ്ക് വയ്ക്കുകയാണ്.
ഇത്തിക്കരപക്കിയായി വേഷമിടാമെന്ന് മോഹൻലാൽ സമ്മതിച്ചത് വെറും പത്തുമിനിറ്റ് കൊണ്ടാണെന്ന് റോഷൻ ആൻഡ്രൂസ് പറയുന്നു. കഥ വായിച്ച് കേൾപ്പിക്കാൻ തുടങ്ങി പത്തുമിനിറ്റിനുള്ളിൽ തന്നെ ഇത്തിക്കരപക്കിയാകാമെന്ന് മോഹൻലാൽ സമ്മതിക്കുകയായിരുന്നു. പിന്നീടുള്ള ഏറ്റവും വലിയ കടമ്പ ഇത്തിക്കര പക്കിയുടെ വേഷത്തെക്കുറിച്ചുള്ളതായിരുന്നു. സെറ്റിലുള്ള 99 ശതമാനം പേരും മുണ്ടാണ് അദ്ദേഹത്തിന് അനുയോജ്യം എന്ന് പറഞ്ഞു.
ഞാൻ മാത്രമാണ് ഇപ്പോൾ കാണുന്ന വേഷത്തോട് യോജിച്ചത്. ബാഹുബലിയിൽ വർക്ക് ചെയ്ത സനതാണ് കോസ്റ്റിയും ചെയ്യുന്നത്. രണ്ടാമത്തെ വേഷത്തിൽ മോഹൻലാൽ കയറി വന്നപ്പോൾ തന്നെ സെറ്റിലുള്ള എല്ലാവരും കൈയടിച്ചു. ആ വേഷം മതിയെന്ന് സമ്മതിക്കുകയും ചെയ്തു റോഷൻ ആൻഡ്രൂസ് പറഞ്ഞു.150 വർഷം മുമ്പ് ജീവിച്ചിരുന്ന കൊച്ചുണ്ണിയുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാൻ എഴുതപ്പെട്ട രേഖയായി കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം പറയുന്നു.
ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.കളരിഗുരുവായ തങ്ങളായി ബാബു ആന്റണിയും കൊച്ചുണ്ണിയുടെ ചങ്ങാതിയായ കൊച്ചുപിള്ളയായി ഷൈനും ബ്രിട്ടീഷ് ഇന്ത്യൻ പൊലീസ് ഓഫീസറായ കേശവനായി സണ്ണി വെയ്‌നും വേഷമിടുന്നു. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക.ചിത്രത്തിനായി ബിനോദ് പ്രധാൻ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിർവ്വഹിക്കുന്നു.