അന്തരിച്ച പ്രമുഖ നടി കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. എട്ടരയോടെ ലിസി ആശുപത്രിയില്‍ നിന്ന് കളമശ്ശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോയ മൃതദേഹം ഒന്‍പത് മണി മുതല്‍ ഉച്ചവരെ കളമശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് നാലുമണിക്ക് ആലുവയിലെ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പില്‍ ആണ് സംസ്‌കാര ചടങ്ങുകള്‍.
ഇന്നലെയാണ് കവിയൂര്‍ പൊന്നമ്മ വിടപറയുന്നത്. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട 'അമ്മ' യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. 20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു.
1971,1972,1973, 1994 എന്നിങ്ങനെ നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. സംഗീത, നാടക രംഗത്ത് നിന്നും സിനിമാ മേഖലയിലെത്തി അമ്മ വേഷങ്ങളില്‍ ശ്രദ്ധേയയായി. ടെലിവിഷനിലും സജീവമായിരുന്നു.നന്ദനം, കിരീടം, ചെങ്കോല്‍, വാത്സല്യം, തേന്മാവിന്‍ കൊമ്പത്ത്, സന്ദേശം, ഹിസ്ഹൈനസ് അബ്ദുള്ള, ഭരതം, ബാബകല്യാണി, കാക്കകുയില്‍ വടക്കുംനാഥന്‍, തനിയാവര്‍ത്തനം തുടങ്ങി നാനൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്.'