Latest News

പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ജീവിക്കുക തന്നെയായിരുന്നു; വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല; അമ്മയുടെ വിയോഗ വേദനയില്‍ മോഹന്‍ലാല്‍ കുറിച്ചത്

Malayalilife
 പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ജീവിക്കുക തന്നെയായിരുന്നു; വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്,  ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല; അമ്മയുടെ വിയോഗ വേദനയില്‍ മോഹന്‍ലാല്‍ കുറിച്ചത്

വിയൂര്‍ പൊന്നമ്മ മലയാളത്തിന്റെയാകെ അമ്മയായിരുന്നു. അമ്മയുടെ വാത്സല്യവും കരുതലുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞത് കവിയൂര്‍ പൊന്നമ്മയിലൂടെയാണെന്നത് അതിശയോക്തിയല്ല. അത്തരം നിരവധി വേഷങ്ങളുണ്ടെങ്കിലും മോഹന്‍ലാല്‍ ചിത്രങ്ങളിലെ അമ്മമാര്‍ കവിയൂര്‍ പൊന്നമ്മയുടെ രാശിയായിരുന്നു.മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ നിരവധി ചിത്രങ്ങളിലാണ് കവിയൂര്‍ പൊന്നമ്മ അമ്മ വേഷങ്ങളിലെത്തിയത്. അവയില്‍ മിക്കതും പ്രേക്ഷകര്‍ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ് എന്നത് അപൂര്‍വ സൗഭാഗ്യവുമായി മാറി. മലയാളത്തിന്റെ നിരവധി ഹിറ്റുകളില്‍ മോഹന്‍ലാല്‍ മകനും കവിയൂര്‍ പൊന്നമ്മ അമ്മയുമായി എത്തിയപ്പോള്‍ സിനിമയ്ക്കപ്പുറം ജീവിതത്തിലും അങ്ങനെയാണെന്ന് കരുതിയവരാണ് ഏറെയും.

ഇപ്പോളിതാ  നടി കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികളുമായി ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍ എന്നു തുടങ്ങുന്നതാണ് മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പ്. 
മോഹന്‍ലാലിന്റെ പോസ്റ്റ് പൂര്‍ണ രൂപം

അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും ഞങ്ങള്‍ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങള്‍.

പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥന്‍, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകര്‍ന്നുതന്ന എത്രയെത്ര സിനിമകള്‍. മകന്‍ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന 'ഹിസ് ഹൈനസ് അബ്ദുള്ള' യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തില്‍ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല.. ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..

mohanlal Remembers kaviyoor ponnamma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES