നടനും കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചുവേദന ഉണ്ടായി. തുടര്‍ന്ന് ജോളി ബാസ്റ്റിനെ വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച ബംഗളൂരുവിലായിരിക്കും. 53 വയസായിരുന്നു. സ്റ്റണ്ട് നടന്മാരുടെ കര്‍ണാടക സംഘടനയില്‍ താരം അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം ബംഗളൂരുവിലേക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച ബംഗളൂരുവില്‍ വച്ച് നടക്കും. മലയാളത്തിലും കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലും സ്റ്റണ്ട് ഡയറക്ടര്‍ ആയി ജോളി ബാസ്റ്റിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അയാളും ഞാനും തമ്മില്‍, കമ്മട്ടിപാടം, മാസ്റ്റര്‍ പീസ്, അങ്കമാലി ഡയറീസ്, ഡ്രൈവിങ് ലൈസന്‍സ്, ഓപ്പറേഷന്‍ ജാവ, തങ്കം, നാ താന്‍ കേസ് കൊട് എന്നീ മലയാള ചിത്രങ്ങളില്‍ ഫൈറ്റ് മാസ്റ്റര്‍ ആയിരുന്നു ജോളി ബാസ്റ്റിന്‍. സൈലന്‍സ് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്‌ക്വാഡ് ആണ് അവസാന ചിത്രം. സ്വന്തമായി ഓര്‍കെസ്ട്ര ടീം ഉള്ള ജോളി ഒരു ഗായകനും കൂടിയാണ്. ബൈക്ക് സ്റ്റണ്ടിലൂടെയാണ് ജോളി കന്നട സിനിമയിലെത്തുന്നത്. കന്നഡ താരം രവിചന്ദ്രന്റെ ബൈക്ക് സ്റ്റണ്ടുകളില്‍ ബോഡി ഡബിള്‍ ചെയ്തത് ജോളിയായിരുന്നു.