കാന്‍ ചലച്ചിത്രോത്സവത്തില്‍ 'തണ്ണിമത്തന്‍' ബാഗുമായി എത്തിയ നടി കനി കുസതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ നിറയെ. കൊച്ചു കേരളത്തില്‍ നിന്നും ലോകത്തിന്റെ മുന്നില്‍ നിലപാട് വ്യക്തമാക്കിയാണ് 'തണ്ണിമത്തന്‍' ബാഗുമായി കനി കുസൃതി എത്തിയത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്. കനി ഈ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്.മുറിച്ച തണ്ണിമത്തന്‍ കഷ്ണത്തിന്റെ ആകൃതിയിലുള്ള ബാഗ് ആണ് കനി കൈയില്‍ കരുതിയത്. പാലസ്തീന്‍ കൊടിയുടെ നിറങ്ങളായ പച്ച, ചുവപ്പ് എന്നീ നിറങ്ങളടങ്ങിയ തണ്ണിമത്തനുകള്‍ പാലസ്തീനോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ആഗോള ബിംബങ്ങളാണ്.
കനിയ്ക്കൊപ്പം നടി ദിവ്യ പ്രഭയും ചേര്‍ന്നഭിനയിച്ച 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രം കാന്‍ മേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായെത്തിയപ്പോഴാണ് താരം തണ്ണിമത്തന്‍ ബാഗ് പ്രദര്‍ശിപ്പിച്ചത്. കനിയോടൊപ്പം ദിവ്യ പ്രഭയും ഹ്രിദ്ധു ഹാറുണും വേദിയിലുണ്ടായിരുന്നു. പായല്‍ കപാഡിയയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
മികച്ച നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' മുപ്പത് വര്‍ഷത്തിന് ശേഷം കാന്‍ മത്സരവിഭാഗത്തില്‍ എത്തുന്ന ഇന്ത്യന്‍ ചിത്രമാണ്. ചിത്രത്തിന്റെ പ്രദര്‍ശനം പൂര്‍ത്തിയായ ശേഷം എട്ട്മിനിട്ടോളം കാണികള്‍ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.
ദിവ്യപ്രഭ, കനി കുസൃതി, ഹ്രിദ്ധു ഹാറൂണ്‍, ഛായാ ഖദ്ദം, രണ്‍ബീര്‍ ദാസ്,ജൂലിയന്‍ ഗ്രാഫ്,സീക്കോ മൈത്രാ,തോമസ് ഹക്കിം എന്നിവരും കാന്‍ റെഡ് കാര്‍പറ്റിലെത്തി. 'കാന്‍ വേദിയിലെ മലയാളി പെണ്‍കുട്ടികള്‍,? പെണ്ണുങ്ങള്‍ സിനിമയില്‍ ഇല്ല എന്ന വിഷമം തീരട്ടെ' എന്ന കുറിപ്പോടെ ചിത്രം പങ്കുവച്ച് ശീതള്‍ ശ്യാം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്‍ഡോ-ഫ്രഞ്ച് സംയുക്ത നിര്‍മ്മാണ സംരംഭമാണ് 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രം. പ്രഭ എന്ന നഴ്സിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധായിക പായല്‍ പഗാഡിയ മത്സര ഇനത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സംവിധായികയുമായി