Latest News

'ഇതെല്ലാം സലിമേട്ടന്റെ തന്നെ സ്‌ക്രിപ്റ്റ് ആയിരുന്നു! ബീഫ് പ്രേമിയായ എന്നെ ഒരാഴ്ചത്തേക്ക് കഴിപ്പിച്ചില്ല; ഇന്നും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കാര്യം'; രസകരമായ അനുഭവം പറഞ്ഞ് കലാഭവന്‍ ഷാജോണ്‍ 

Malayalilife
'ഇതെല്ലാം സലിമേട്ടന്റെ തന്നെ സ്‌ക്രിപ്റ്റ് ആയിരുന്നു! ബീഫ് പ്രേമിയായ എന്നെ ഒരാഴ്ചത്തേക്ക് കഴിപ്പിച്ചില്ല; ഇന്നും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കാര്യം'; രസകരമായ അനുഭവം പറഞ്ഞ് കലാഭവന്‍ ഷാജോണ്‍ 

മിമിക്രി വേദികളില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തിയ പ്രതിഭകളെല്ലാം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ മലയാള സിനിമയിലെ ചിരിയുടെ തമ്പുരാനായിരുന്ന നടന്‍ സലിം കുമാറിന്റെ വിയോഗം സിനിമാ പ്രേമികളെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ ഒന്നാണ്. പറവൂരില്‍ നടന്ന സലിം കുമാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പ്രിയ നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍ പങ്കുവെച്ച ഓര്‍മ്മകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കഴിവതും സ്വയം നന്നായി ചിരിക്കുകയും മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്ത ആളാണ് സലിം കുമാറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചാന്തുപൊട്ട് എന്ന ചിത്രത്തിന്റെ സെറ്റില്‍ നടന്ന രസകരമായ ഒരു സംഭവവും ഷാജോണ്‍ ഓര്‍ത്തെടുത്തു.. 

'സലിമേട്ടനൊപ്പം കുറെ സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിപ്പോള്‍ സലിമേട്ടനാണെങ്കിലും ദിലീപേട്ടനാണെങ്കിലും ഒക്കെ മിമിക്രിക്കാരായ ഞങ്ങള്‍ക്ക് ജ്യേഷ്ഠന്മാരെപ്പോലെയായിരുന്നു. അവര്‍ കൂടെയുണ്ടെന്ന് പറഞ്ഞാല്‍ നമുക്കൊരു ധൈര്യവും വലിയൊരു സപ്പോര്‍ട്ടുമായിരുന്നു. നമുക്ക് നല്ല നല്ല തമാശകള്‍ പറഞ്ഞുതന്ന് നമ്മളെക്കൊണ്ട് പെര്‍ഫോം ചെയ്യിക്കാനൊക്കെ അവര്‍ മുന്നിലുണ്ടായിരുന്നു. എന്നെപ്പോലെ മിമിക്രിയില്‍ നിന്ന് വന്നിട്ടുള്ള, ഇപ്പോള്‍ ഇവിടെയിരിക്കുന്ന വിനോദ് കെടാമംഗലവുമൊക്കെ അത് നന്നായി അനുഭവിച്ചറിഞ്ഞിട്ടുള്ള കാര്യമായിരിക്കും. അങ്ങനെ എന്നെ ഒരുപാട് സഹായിച്ചിട്ടുള്ള, ഒരുപാട് ചിരിക്കാനും ചിരിപ്പിക്കാനും ഒപ്പംനിന്ന ഒരാളാണ് സലിമേട്ടന്‍. 

അദ്ദേഹവുമായി ഒരുപാട് അനുഭവങ്ങള്‍ ഉണ്ടെങ്കിലും പെട്ടെന്ന് നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നിയ ഒരു കഥയുണ്ട്. ഞാന്‍ തികഞ്ഞ ഒരു ബീഫ് കൊതിയനാ; ബീഫ് ഇല്ലാതെ ഒരു ദിവസം പോലും ഭക്ഷണം കഴിക്കരുതേ എന്ന് പ്രാര്‍ഥിക്കുന്ന ഒരാള്‍! അങ്ങനെയുള്ള എന്നെക്കൊണ്ട് ഒരാഴ്ചയോളം ബീഫ് കഴിപ്പിക്കാതിരുന്ന ആളാണ് സലിമേട്ടന്‍. 'ചാന്തുപൊട്ട്' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. കടപ്പുറത്തുവെച്ചാണ് ഷൂട്ട്. സലിമേട്ടന് അവിടെ ചായക്കടയാണ്, ഞാന്‍ ഐസ്‌ക്രീമൊക്കെ വിറ്റുനടക്കുന്ന ഒരു ചെറിയ ക്യാരക്ടറും. ഞാന്‍ ബീഫ് ഭയങ്കരമായി ഇഷ്ടപ്പെടുന്ന ആളാണെന്ന് സലിമേട്ടന് അറിയാമായിരുന്നു. 

ഒരു ദിവസം ഇടവേളയില്‍ ഞങ്ങള്‍ കടല കഴിച്ചുകൊണ്ടിരുന്നപ്പോള്‍ സലിമേട്ടന്‍ എന്നോട് പറഞ്ഞു, ''കടല ഒരുപാട് കഴിക്കരുത്, ഇത് കൊളസ്ട്രോളിന്റെ പ്രശ്നമാണ്.'' അപ്പോള്‍ ഞാന്‍ പറഞ്ഞു, ''സലിമേട്ടാ എനിക്ക് കൊളസ്ട്രോളില്ല.'' നീ ഇങ്ങോട്ട് നടന്നു വന്നപ്പോള്‍ കിതക്കുന്നത് കണ്ടല്ലോ, അതുകൊണ്ട് സൂക്ഷിക്കണം എന്നായി അദ്ദേഹം. എനിക്ക് കൊളസ്ട്രോള്‍ ഇല്ലെന്ന് നല്ല ഉറപ്പായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ഞങ്ങളെല്ലാം കൂടിയിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ബീഫ് വിളമ്പി. കൂടെയുണ്ടായിരുന്ന നിര്‍മാതാവ് ലാലേട്ടന്‍ പെട്ടെന്ന് പറഞ്ഞു, 'ബീഫ് കൊളസ്ട്രോളിന് കുഴപ്പമാണ് കേട്ടോ.' എനിക്ക് കൊളസ്ട്രോള്‍ ഇല്ലെന്ന് ഞാന്‍ ആവര്‍ത്തിച്ചപ്പോള്‍, ഇല്ലെങ്കില്‍ കഴിച്ചോ എന്ന് പറഞ്ഞ് ഞാന്‍ വീണ്ടും കഴിച്ചു.

 വൈകുന്നേരം ചായയുടെ കൂടെ സ്നാക്സ് വന്നപ്പോള്‍ ഞാന്‍ രണ്ട് ഉഴുന്നുവട എടുത്തു. ആ പ്രായത്തില്‍ എന്തുവേണമെങ്കിലും കഴിക്കാമല്ലോ. എന്നാല്‍ ഞാന്‍ ഉഴുന്നുവട എടുത്തതും ഡയറക്ടര്‍ ലാല്‍ ജോസ് പറഞ്ഞു, ''കൊളസ്ട്രോള്‍ ഉണ്ടെങ്കില്‍ നീ അത് കഴിക്കല്ലേ, അവിടെ വെച്ചേക്ക്.'' അവിടം മുതല്‍ എനിക്ക് ശരിക്കും പേടിയായിത്തുടങ്ങി. അടുത്ത ഒരാഴ്ചത്തേക്ക് ഉച്ചയ്ക്ക് ബീഫ് തരുമ്പോള്‍ 'വേണ്ട' എന്നും, വൈകുന്നേരം എണ്ണപ്പലഹാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ 'വേണ്ട' എന്നും ഞാന്‍ പറഞ്ഞുതുടങ്ങി. ഒരാഴ്ചത്തെ ഷൂട്ട് കഴിഞ്ഞപ്പോഴേ ഞാന്‍ നേരെ കോട്ടയത്ത് പോയി ഫുള്‍ ബോഡി ചെക്കപ്പ് നടത്തി. റിസള്‍ട്ട് വന്നപ്പോള്‍ കൊളസ്ട്രോളുമില്ല, ഷുഗറുമില്ല, പ്രഷറുമില്ല, ഒന്നുമില്ല! 

 അടുത്ത ദിവസം ഷൂട്ടിംഗിന് ചെന്നപ്പോള്‍ ഞാന്‍ സലിമേട്ടനോട് ചെന്ന് പറഞ്ഞു, ''സലിമേട്ടാ എനിക്ക് കൊളസ്ട്രോളും പ്രഷറും ഷുഗറുമൊന്നുമില്ല.'' ഇതുകേട്ടതും നമ്മളെല്ലാവരും കേട്ടുപരിചയിച്ചിട്ടുള്ള, അദ്ദേഹത്തിന്റെ ആ പ്രസിദ്ധമായ ഒറ്റ പൊട്ടിച്ചിരിയായിരുന്നു മറുപടി. എന്നിട്ട് അദ്ദേഹം ലാലേട്ടനെയും ലാല്‍ ജോസ് സാറിനെയുമെല്ലാം വിളിച്ചു. യഥാര്‍ഥത്തില്‍ ഇതെല്ലാം സലിമേട്ടന്റെ തന്നെ സ്‌ക്രിപ്റ്റ് ആയിരുന്നു! എന്നെ ഒന്ന് വിരട്ടാനും, ഒരാഴ്ചത്തേക്ക് എന്നെക്കൊണ്ട് ബീഫ് കഴിപ്പിക്കാതിരിക്കാനും അവര്‍ നോക്കിയതായിരുന്നു. ഇത് എനിക്ക് ഇന്നും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കാര്യമാണ്.

 ഞാന്‍ ആദ്യം പറഞ്ഞതുപോലെ, സലിമേട്ടന്‍ നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞുപോയി എന്ന കാര്യം ഓര്‍ക്കുമ്പോഴുള്ള ഒരു വിഷമം ഒഴിച്ചാല്‍, ബാക്കി അദ്ദേഹത്തോടൊപ്പമുള്ള എല്ലാ നിമിഷങ്ങളും എന്നെ ചിരിപ്പിക്കുന്ന കാര്യംതന്നെയാണ്. ആ ചിരികള്‍ എന്നും എന്റെ മനസ്സിലുണ്ടാകും; ആ ചിരികളിലൂടെ സലിമേട്ടനും എന്റെ മനസ്സില്‍ എന്നും ഉണ്ടാകും.'' കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
 

kalabhavan shajohn about salim kumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES