മലയാള സിനിമയ്ക്ക് തീരാ നഷ്ടമായി മാറിയ അബി വിടിവാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അബി അപ്രതീക്ഷിതമായി വിടവാങ്ങിയത്. രക്തസംബന്ധമായി ഏറെ നാളായി രോഗബാധിതനായിരുന്ന അബി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു മരണത്തിന് കീഴടങ്ങിടത്. ഞെട്ടലോടെയാണ് അബിയുടെ മരണവാര്‍ത്ത ഏവരും കേട്ടത്. ഇന്നേക്ക് അബി മരിച്ചിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും അതുല്ല്യനടന്റെ ഓര്‍മകള്‍ ഒരിക്കലും മരിക്കുന്നില്ല.
രക്തത്തില്‍ പ്ലേറ്റ്‌ലെറ്റസ് കുറയുന്ന രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അബി മരണത്തിന് കീഴടങ്ങുകയായിരുന്നു അസുഖത്തെ തുടര്‍ന്ന് അബി പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും വിട്ടുനിന്നിരുന്നു. മിമിക്രി രംഗത്തെ അതുല്യ പ്രതിഭയെയാണ് മലയാളികള്‍ക്ക് നഷട്മായിരിക്കുന്നത്. മിമിക്രി രംഗത്തെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന അബി തനതായ മികവുകല്‍ൂടെയാണ് ഈ രംഗത്ത് അഗ്രഗണ്യനായി മാറിയത്. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. ഹബീബ് മുഹമ്മദ് എന്നായിരുന്നു പേര്. സ്വദേശം മൂവാറ്റുപ്പുഴ. സിനിമയിലെത്തിയതോടെ അബിയെന്ന പേര് സ്വീകരിച്ചു. കലാഭവനിലും കൊച്ചിന്‍ സഗറിലുമാണ് തുടക്കം. ശേഷമാണ് സിനിമയിലേയ്ക്കുള്ള കാല്‍വെയ്പ്പ്...
മമ്മൂട്ടി, അമിതാഭ് ബച്ചന്‍ തുടങ്ങി മുന്‍ നിര താരങ്ങളുടെ ശബ്ദം അനുകരിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ കലാകാരന്‍ കൂടിയാണ് അബി. 1991ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായെത്തിയ നയം വ്യക്തമാക്കു എന്ന ചിത്രത്തില്‍ ഹാസ്യതാരമായാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം. ശേഷം സൈന്യത്തിലും അബി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു.
ചെപ്പു കിലുക്കണ ചങ്ങാതി, കിഴീടമില്ലാത്ത രാജാക്കന്‍മാര്‍, ഭീഷ്മാചാര്യ, സൈന്യം, ആനപ്പാറ അച്ചാമ്മ, മഴവില്‍ക്കൂടാരം, പോര്‍ട്ടര്‍, എല്ലാവരും ചൊല്ലണ്, വാര്‍ധക്യ പുരാണം, രസികന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായെങ്കിലും മലയാളികളുടെ മനസ്സില്‍ ഇന്നും അബി അനശ്വരമാക്കിയ താത്ത എന്ന കഥാപാത്രം മായാത്ത ഓര്‍മ്മയായി അവശേഷിക്കുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ അബി മടങ്ങിയെത്തിയിരുന്നെങ്കിലും രോഗം പിടിപെട്ടതോടെ വിധി വില്ലനായെത്തി. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ എന്നും നില നില്‍ക്കും.