ജൂനിയര്‍ എന്‍ടിആര്‍ ആരാധകന്റെ മരണം;അന്വേഷണം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ജൂനിയര്‍ എന്‍ടിആര്‍ 

Malayalilife
 ജൂനിയര്‍ എന്‍ടിആര്‍ ആരാധകന്റെ മരണം;അന്വേഷണം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ജൂനിയര്‍ എന്‍ടിആര്‍ 

തിങ്കളാഴ്ചയാണ് തെലുഗു സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിന്റെ കടുത്ത ആരാധകനായ ശ്യാമിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്യാം ആത്മഹത്യ ചെയ്തതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കുടുംബവും സുഹൃത്തുക്കളും ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ തന്റെ ആരാധകന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ജൂനിയര്‍ എന്‍ടിആര്‍ പ്രസ്താവനയിറക്കി

എങ്ങനെയാണ്, ഏത് സാഹചര്യത്തിലാണ് ശ്യാം മരിച്ചതെന്ന് അറിയാത്തത് ഹൃദയഭേദകമാണെന്ന് പ്രസ്താവനയില്‍ താരം പറഞ്ഞു. ശ്യാമിന്റെ മരണത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തണമെന്ന് ജൂനിയര്‍ എന്‍ടിആര്‍ സര്‍ക്കാര്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു.

നേരത്തെ ശ്യാമിന്റെ മരണത്തില്‍ വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത് വന്നിരുന്നു. ''ശ്യാമിന്റെ ദാരുണവും അപ്രതീക്ഷിതവുമായ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട സംശയാസ്പദമായ സാഹചര്യങ്ങള്‍ ആശങ്കാജനകമാണ്. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്ന് ഞാന്‍ ശക്തമായി അഭ്യര്‍ത്ഥിക്കുന്നു. വൈഎസ്ആര്‍സിപി അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. അവരുടെ പങ്കാളിത്തം നിഷ്പക്ഷമായി അന്വേഷിക്കണം. സുതാര്യത നിലനില്‍ക്കുകയും നീതി ലഭിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം,' അദ്ദേഹം ട്വീറ്റ് ചെയ്തു. ശ്യാമിന്റെ മരണത്തിന് പിന്നാലെ 'We Want Justice For Shyam NTR' എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.

ഈ വര്‍ഷം മാര്‍ച്ചില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മുഖ്യാതിഥിയായിരുന്ന ഒരു സിനിമയുടെ പ്രീ-റിലീസ് ഇവന്റില്‍ ജൂനിയര്‍ എന്‍ടിആറിനെ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായതോടെയാണ് ശ്യാം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. നടനൊപ്പം ചിത്രമെടുക്കാന്‍ സുരക്ഷാക്രമീകരണങ്ങള്‍ ലംഘിച്ച് ശ്യാം ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ പിടിച്ചുതള്ളുന്നത് കണ്ട ജൂനിയര്‍ എന്‍ടിആര്‍ ഉടനെ, ശ്യാമിനെ വിളിച്ച് ഒപ്പം നിന്ന് ചിത്രമെടുക്കുകയായിരുന്നു.
 

jr ntr fan death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES