Latest News

ഒരു സിനിമ ഇറങ്ങിയാല്‍ ഓടിപ്പോയി കാണാനോ ചാടിക്കയറി അഭിപ്രായം പറയുകയോ എന്റെ ലൈനല്ല; ഇത് ആശാവര്‍ക്കര്‍മാരുടെ ജീവന്മരണ പോരാട്ടമൊന്നുമല്ലല്ലോ; എമ്പുരാന്‍ വിഷയത്തില്‍ ജോയ് മാത്യു 

Malayalilife
ഒരു സിനിമ ഇറങ്ങിയാല്‍ ഓടിപ്പോയി കാണാനോ ചാടിക്കയറി അഭിപ്രായം പറയുകയോ എന്റെ ലൈനല്ല; ഇത് ആശാവര്‍ക്കര്‍മാരുടെ ജീവന്മരണ പോരാട്ടമൊന്നുമല്ലല്ലോ; എമ്പുരാന്‍ വിഷയത്തില്‍ ജോയ് മാത്യു 

എമ്പുരാന്‍' സിനിമാ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു. എമ്പുരാന്റെ റീ എഡിറ്റ് പതിപ്പാണ് താന്‍ കണ്ടതെന്നും അതുകൊണ്ടു തന്നെ എവിടെ എന്തൊക്കെ വെട്ടി എന്നത് അറിയില്ലെന്ന് ജോയ് മാത്യു പറയുന്നു.സിനിമയെ എതിര്‍ത്ത സംഘപരിവാറിന്റെ വല്യേട്ടനാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി അലമുറയിടുന്ന സിപിഎം എന്നതാണ് എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

സിനിമയെ കുറിച്ച് ഇതുവരെ താന്‍ പ്രതികരിക്കാത്തതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയും ജോയ് മാത്യു നല്‍കുന്നുണ്ട്. ഒരു സിനിമ ഇറങ്ങിയാല്‍ ഓടിപ്പോയി കണ്ട് അഭിപ്രായം പറയാന്‍ ഇത് ആശാവര്‍ക്കര്‍മാരുടെ ജീവന്മരണ പോരാട്ടമൊന്നുമല്ല എന്നും നടന്‍ പറയുന്നുണ്ട്. 

ജോയ് മാത്യുവിന്റെ കുറിപ്പ്: ഒരു സിനിമ ഇറങ്ങിയാല്‍ ഓടിപ്പോയി കാണാനോ ചാടിക്കയറി അഭിപ്രായം പറയുകയോ എന്റെ ലൈനല്ല. ഇത് ആശാവര്‍ക്കര്‍മാരുടെ ജീവന്മരണ പോരാട്ടമൊന്നുമല്ലല്ലോ, ലാഭം പ്രതീക്ഷിച്ചു ചെയ്യുന്ന ഒരു വ്യവസായത്തിനേറ്റ തിരിച്ചടി മാത്രമല്ലേ? മുടക്കിയ മുതല്‍ തിരിച്ചുപിടിക്കാനും അതില്‍ നിന്നും ലാഭം കിട്ടുവാനുമാണല്ലോ എല്ലാവരും സിനിമ നിര്‍മിക്കുന്നത്, അല്ലാതെ നാടുനന്നാക്കാനോ ചീത്തയാക്കാനോ അല്ല. പണം, പ്രശസ്തി, അംഗീകാരം, ആത്മ നിര്‍വൃതി ഇത്രയൊക്കെയേ ഇതിലുള്ളൂ. 

ആദ്യം പറഞ്ഞ വകുപ്പില്‍പ്പെട്ടതാണല്ലോ എമ്പുരാന്‍. ഇതു വെട്ടിമാറ്റിയ ശേഷമാണ് ഞാന്‍ കണ്ടത്. എവിടെ എന്തൊക്കെ വെട്ടി എന്നെനിക്ക് അറിഞ്ഞുകൂടാ. ഏതായാലും ഇത്രമാത്രം പുകിലുണ്ടാകാന്‍ ഇടയാക്കിയത് സമൂഹത്തില്‍ ഇതുകാരണം വലിയ വിപത്ത് ഉണ്ടാവും എന്ന് മനസ്സിലാക്കിയത് കൊണ്ടാണല്ലോ, അതൊരു നല്ല കാര്യം തന്നെ. നമ്മുടെ ആര്‍ജ്ജിത സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത് ഒരിക്കല്‍ തുന്നിച്ചേര്‍ത്ത മുറിവുകള്‍ വീണ്ടും തുറന്നാല്‍ അതില്‍ നിന്നും വെറുപ്പിന്റെ വിഷമേ പുറത്തുവരൂ സ്നേഹത്തിന്റെ സുഗന്ധം വരില്ല തന്നെ. തമാശ അതിലൊന്നുമല്ല. സിനിമയെ എതിര്‍ത്ത സംഘപരിവാറിന്റെ വല്യേട്ടനാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി അലമുറയിടുന്ന സിപിഎം എന്നതാണ്. 

ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍. നായനാര്‍ ഭരിക്കുന്ന കാലത്താണ് ആദിവാസി നാടകമായ 'നാടു ഗദ്ദിക' നിരോധിക്കുന്നതും സ്ത്രീകളടക്കമുള്ള ആദിവാസികളെ ജയിലിലടച്ചതും, ഒരു വിഭാഗം ക്രിസ്ത്യന്‍ വിശ്വാസികളെ പ്രീണിപ്പിക്കാന്‍ പി.എം. ആന്റണിയുടെ ''ക്രിസ്തുവിന്റെ ആറാം തിരുമുറിവ്'' നാടകം നിരോധിച്ചതും നായനാര്‍ ഭരണകൂടം തന്നെ. മത തീവ്രവാദികള്‍ ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോള്‍ നോക്കിനിന്നതും അദ്ദേഹത്തെ വിഡ്ഢി എന്ന് വിളിച്ചതും കമ്മ്യൂണിസ്റ്റ് ഭരണാധിപന്‍മാര്‍. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകത്തെ ആസ്പദമാക്കി മൊയ്തു താഴത്ത് എന്ന സംവിധായകന്റെ '51 വെട്ട്' എന്ന സിനിമയുടെ പ്രദര്‍ശനം തടഞ്ഞവര്‍, മുരളി ഗോപിയുടെ തന്നെ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്', പുരോഗമനപാര്‍ട്ടിക്കുള്ളിലെ ജാതി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ടിനു പാപ്പച്ചന്റെ 'ചാവേര്‍' എന്നീ സിനിമകളെ തകര്‍ക്കാനും ഒതുക്കാനും ശ്രമിച്ചവര്‍ -ഇവരാണ് ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞു സംഘപരിവാറിനെ വിമര്‍ശിക്കുന്നത്. 

എന്തിനധികം നിരോധനമൊന്നുമില്ലാത്ത പുസ്തകം കൈവശം വച്ചതിനു അലന്‍, താഹ എന്നീ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതും മാറ്റാരുമല്ലല്ലോ. ഇതിനേക്കാളൊക്കെ വലിയ കോമഡി സാക്ഷാല്‍ ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' 'പാഠപുസ്തകമാക്കിയപ്പോള്‍ പുസ്തകത്തില്‍ നിന്നും മുല മുറിച്ച് മാറ്റിയ സദാചാരത്തിന്റെ അപ്പോസ്തലന്മാരായിരുന്നു ഇഎംഎസ് മന്ത്രിസഭ ! (ചിരിക്കാന്‍ ഇങ്ങിനെ ഇടതുപക്ഷതമാശകള്‍ എത്ര കിടക്കുന്നു -പുസ്തകം വായിക്കാത്ത സൈബര്‍ കമ്മികള്‍ക്ക് ഇതൊക്കെ എങ്ങിനെ അറിയാനാണ് ! ) വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കും എന്ന് പറഞ്ഞു കേന്ദ്ര ഗവണ്‍മെന്റോ സെന്‍സര്‍ ബോര്‍ഡോ ആവശ്യപ്പെടുന്നതിന് മുന്‍പേ തന്നെ ചിത്രത്തില്‍ വെട്ടും തിരുത്തും നടത്തി പ്രദര്‍ശിപ്പിക്കുന്നതിനെ കുറ്റം പറയാന്‍ പറ്റില്ല, കാരണം പണം പ്രധാന ഘടകമായിക്കാണുന്ന ഒരു വ്യവസായമാണല്ലോ ഇത്. 

അപ്പോള്‍ ഈ ഒരു വ്യവസായത്തിന് പിടിച്ചു നില്‍ക്കണമെങ്കില്‍ വിട്ടുവീഴ്ചകള്‍ ചെയ്തേ പറ്റൂ. 'നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ നിരോധിക്കുകയോ തടയുകയോ ചെയ്യൂ, ഞാന്‍ ചെയ്തുവെച്ചിരിക്കുന്നതില്‍ അണുവിട മാറ്റില്ല' എന്ന് പറയുന്ന കലാകാരനെ പിന്തുണയ്ക്കാന്‍ എനിക്കൊരു മടിയുമില്ല; അവര്‍ എന്റെ നിലപാടുകളെ പിന്തുണയ്ക്കുകയോ എനിക്ക് നേരെ വന്നിരുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ ഒരിക്കലും എനിക്കൊപ്പം നിന്നിട്ടില്ലെങ്കില്‍പ്പോലും.

Read more topics: # ജോയ് മാത്യു
joy mathew on empuraan controvers

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES