സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ നിലപാടുകള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്ന വ്യക്തിയാണ് ജയസൂര്യ. തന്റെ സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും അടക്കം സാമൂഹ്യ നന്മനിറഞ്ഞ പോസ്റ്റുകളും ഒരേ പോലെ ആരാധകര്‍ക്കായി നടന്‍ പങ്ക് വയ്ക്കാറുമുണ്ട്. എന്നാല്‍ തനിക്കെതിരെ ഉയരുന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി നടന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
സാമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കാറില്ലെന്നും ഫേസ്ബുക്ക് പേജിലൂടെ എനിക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവയ്ക്കാറുള്ളതെന്നും നടന്‍ പറയുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ബാധിക്കുന്നില്ല. സോഷ്യല്‍ മീഡിയകളിലെ ഇത്തരം വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല. സമൂഹത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്ന കാര്യങ്ങളാണ് തന്റെ പേജിലൂടെ ഷെയര്‍ ചെയ്യുന്നത്. താനൊരു ഇന്ത്യന്‍ പൗരനാണ്. അതിന്റേതായ കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. അതും തന്റെ സിനിമയുമായി ഒരു ബന്ധവുമില്ല. ജയസൂര്യയുടെ ചിത്രമായതുകൊണ്ട് തന്റെ ചിത്രങ്ങള്‍ ആരും കാണാന്‍ വരണമെന്നില്ല. അതിന് പകരം മേരിക്കുട്ടിയെയും ഷാജി പാപ്പനെയും കാണാന്‍ പ്രേക്ഷകര്‍ എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജയസൂര്യ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്.
തന്റെ പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന സമയത്ത് ചില പോസ്റ്റുകളുമായി എത്തി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാന്‍ ജയസൂര്യ ശ്രമിക്കുന്നു എന്ന തരത്തില്‍ താരത്തിന് നേരം വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവിലായി ബ്രോയിലര്‍ ചിക്കന്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി താരം രംഗത്ത് വന്നിരുന്നു. ഇതിനൊക്കെ മറുപടിയായാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
പുതിയ ചിത്രം പ്രേതം ടൂവിനെപ്പറ്റി തികഞ്ഞ പ്രതീക്ഷയിലാണ് താരം. രഞ്ജിത്തും താനും മറ്റൊരു ചിത്രം ചെയ്യാനുള്ള പദ്ധതിയിലായിരുന്നു. അത് നടക്കാതെ വന്നപ്പോഴാണ് പ്രേതം ടൂവിനെ കുറിച്ച് ആലോചിച്ചതെന്നും താരം വ്യക്തമാക്കി. തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ഡോണ്‍ബോസ്‌കോയെന്നും ജയസൂര്യ പറഞ്ഞു.